25 May Saturday

മേൽമുറി, ഭയപ്പാടിന്റെ നിഴലിൽ ഒരു നാട്

കെ എ അനിൽകുമാർUpdated: Sunday Sep 2, 2018

 

 
കൽപ്പറ്റ
മാനത്ത് ഒരു മഴക്കാറ് കണ്ടാൽപോലും മേൽമുറിക്കാർക്ക് ഇപ്പോൾ  ആധിയാണ്. ചാറ്റൽമഴ പെയ്താൽപോലും നിശബ്ദമാവുകയാണ് മനസുകൾ. മറക്കാൻ ശ്രമിച്ചാലും ഉരുൾപൊട്ടലിന്റെ ഓർമ ഇരച്ചുകയറിവരും. കുട്ടികൾ കണ്ണടച്ച് രക്ഷിതാക്കളെ മുറുകെ പിടിക്കും. ദിവസങ്ങൾ കഴിഞ്ഞിട്ടും ഉരുൾപൊട്ടലിന്റെ ഭീതിയിൽ തന്നെയാണ് ഈ നാട്.
ഭയമുളവാക്കുന്ന കാഴ്ചയാണ് ഇപ്പോഴും മേൽമുറി.  ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് ഏത് സമയവും നിലംപൊത്താവുന്ന നിലയിലാണ് കൂറ്റൻ പാറകൾ. മേൽമുറിയെയും കുറിച്യർമലയെയും വേർതിരിച്ച് വൻ ഗർത്തം. ഇരുവശവും നനവാർന്ന് ഇളകിക്കിടക്കുന്ന മണ്ണ്. ചവിട്ടുമ്പോൾ താഴ്ന്നുപോകുന്നു. പൊട്ടലിന്റെ തുടക്കം മുതൽ ഏക്കറോളം താഴെ വരെ ഇപ്പോഴും വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്.  ഭീതീതമായ ഈ ഭാഗത്തിന്  തൊട്ടടുത്താണ്  പുന്നുക്കുഴിയിൽ ഷൗക്കത്തലിയുടെ  വീട്. ഉരുൾപൊട്ടലിനെ തുടർന്ന് അപകടഭീഷണിയിലാണ് പച്ചക്കട്ടയിൽ പണിത ഈ വീട്. ആഘാതത്തിൽ വീടിന്റെ പലയിടത്തും വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. കിടപ്പുമുറിയുടെ ചുമർ അടർന്നുവീണു. ഷൗക്കത്തലിയും ഭാര്യ സീനത്തും ഒമ്പതും നാലും വയസുള്ള ഷഹനഷെറിറും ഫസ്ന തസ്നിയും   ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും കഴിയുന്നത്.  
ആഗസ്ത് ഒമ്പതിനുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഈ കുടുംബം ഇവിടെനിന്നും താമസം മാറിയിരുന്നു. അതിശക്തമായ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഭൂമിയൊന്നാകെ ഒഴുകിപ്പോകുന്നത് കണ്ടത്. വിറങ്ങലിച്ചുപോയ ഷൗക്കത്തലിയും ഭാര്യ സീനത്തും മക്കളും അയൽവാസികൾക്കൊപ്പം ജീവനുംകൊണ്ട് ഓടുകയായിരുന്നു. ഓടി അവർ അങ്കണവാടിയിൽ എത്തിയാണ് നിന്നത്.  ഏതാനും ദിവസം മുമ്പാണ് ഇവർ മടങ്ങിയെത്തിയത്. 
'കുട്ടികൾക്ക് ഇപ്പോഴും പേടിയാണ്. അവർക്ക്  ഇവിടെ കിടന്നുറങ്ങാൻ പറ്റണില്ല. ഒന്നും വരില്ലെന്ന് പറഞ്ഞ് ഇരുത്തുകയാണ്. കഴിഞ്ഞ ദിവസം  കിടക്കാൻ പേടിയായിട്ട് അപ്പുറത്തെവീട്ടിലാണ് മോള് കിടന്നത്...'‐ സീനത്ത് പറഞ്ഞു. 
' ഇടക്കുള്ള കാട്ടാനശല്യം ഒഴിച്ചാൽ നല്ല സമാധാനമായിരുന്നു ഇവിടെ. ഒന്നിനും ഒരു പ്രയാസവും ഇല്ല. അയൽക്കാരെല്ലാവരും നല്ല സഹകരണം. അങ്ങനെയുള്ള ഇവിടം വിട്ടുപോകാൻ ഞങ്ങൾക്കാവില്ല'‐ സീനത്ത് കൂട്ടിചേർത്തു.
ഈ വീടിന് തൊട്ടടുത്തുള്ള ചിലർ ഇവിടെനിന്നും താമസം മാറ്റി. മച്ചിങ്ങൽ കുട്ടിപ്പ, കളത്തിങ്കൽ സിദ്ദീഖ്, പള്ളിയാലിൽ ഷറഫുദീൻ, ചിന്നമ്മ എന്നിവരുടെ വീടുകളെല്ലാം താമസമില്ലാതെ കിടക്കുകയാണ്. പലരും പകൽ സമയങ്ങളിൽ വന്ന്പോകും. മേൽമുറി അങ്കണവാടി ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. 
ഇപ്പോഴും മുകളിൽനിന്നും കല്ലുകളും പാറകളും ഇടിഞ്ഞുവീഴുന്ന ശബ്ദം ഇടക്കിടെ കേൾക്കാമെന്ന് പ്രദേശവാസികൾ പറഞ്ഞു. പലരും ആ ശബ്ദങ്ങളോട് പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ്. അല്ലാതെ വേറെ വഴിയില്ല എന്നമട്ടിൽ. വല്ലാത്ത നിശബ്ദതയാണ് ഇവിടം. ചിരിക്കാൻ പോലും ഭയപ്പെടുകയാണ് മേൽമുറിക്കാർ. കുട്ടികളുടെ അവസ്ഥയാണ് ഏറെ പ്രയാസകരം. ദുരന്തം നേരിൽ കാണേണ്ടിവന്നതിന്റെ  മാനസീക പ്രയാസം ഇപ്പോഴും അവരെ വിട്ടകന്നിട്ടില്ല.  ഭയപ്പാടിൽ തന്നെയാണ് അവർ. ദുരിതാശ്വാസ ക്യാമ്പുകളിലും മേൽമുറിയിൽ വെച്ചും പലരും കുട്ടികളെ കൗൺസിലിങിന് വിധേയമാക്കിയിരുന്നു.  ഇപ്പോഴും പലരും കുട്ടികളിൽ മാനസിക ധൈര്യം പകരാൻ എത്തുന്നുണ്ട്.   രക്ഷിതാക്കളെ കുറച്ചൊന്നുമല്ല ഇത് ആകുലതപ്പെടുത്തുന്നത്.
പ്രധാന വാർത്തകൾ
 Top