19 September Thursday

തൃശ്ശിലേരിയിൽ വരുന്നു; സംസ്ഥാനത്തെ വലിയ ബഡ്‌സ്‌ സ്‌കൂൾ

വി ജെ വർഗീസ‌്Updated: Friday Aug 2, 2019

ബഡ്‌സ്‌ സ്‌കൂൾ ആരംഭിക്കുന്ന തൃശ്ശിലേരിയിലെ പഴയ എൽപി സ്‌കൂൾ കെട്ടിടം

തൃശ്ശിലേരി
ശാരിരിക–-മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്‌സ്‌ സ്‌കൂൾ തിരുനെല്ലി പഞ്ചായത്തിലെ തൃശ്ശിലേരിയിൽ ഒരുങ്ങുന്നു. തൃശ്ശിലേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിന്റെ പഴയ എൽപി വിഭാഗമാണ്‌ ബഡ്‌സ്‌ സ്‌കൂളായി മാറ്റുന്നത്‌. ഇതിനുള്ള നടപടികൾ പഞ്ചായത്ത്‌ തുടങ്ങി.  ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കെട്ടിടം പഞ്ചായത്തിന്‌ വിട്ടുനൽകി. മൂന്ന്‌ മാസം മുമ്പ്‌ കാട്ടിക്കുളം ചേലൂരിൽ തുടങ്ങിയ ‘ബഡ്‌സ്‌ പാരഡൈസ്‌ സ്‌പെഷ്യൽ സ്‌കൂളാണ്‌’  തൃശ്ശിലേരിയിലേക്ക്‌ മാറ്റുന്നത്‌.
കെട്ടിടം അറ്റകുറ്റപ്പണിയെടുത്ത്‌ ഒരുമാസത്തിനുള്ളിൽ ഇവിടെ പ്രവർത്തനം ആരംഭിക്കുമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി മായാദേവി പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും സൗകര്യമുള്ള മാതൃകാ ബഡ്‌സ്‌ സ്‌കൂളായി തൃശ്ശിലേരി മാറും. മൂന്ന്‌ കെട്ടിടങ്ങളാണുള്ളത്‌. ഇത്‌ മുഴുവനായും പ്രയോജനപ്പെടുത്തും.  18 വയസുവരെയുള്ളവർക്കാണ്‌ നിലവിൽ പ്രവേശനം. 26 പേരാണ്‌ പ്രവേശനം നേടിയത്‌.  ഒട്ടും പരിചരണം ലഭിക്കാത്ത ആദിവാസി വിഭാഗക്കാരാണ്‌  കൂടുതൽ. തൃശ്ശിലേരിയിലേക്ക്‌ സ്‌കൂൾ എത്തുന്നതോടെ പതിനെട്ടിന്‌ മുകളിലുള്ളവരേയും  പ്രവേശിപ്പിച്ച്‌ സെന്ററിനെ ബിആർസിയാക്കും. (ബഡ്‌സ്‌ റീഹാബിലിറ്റേഷൻ സെന്റർ). ബുദ്ധിവൈകല്യം, സെറിബ്രൽ പാൾസി, ഓട്ടിസം തുടങ്ങിയവ ബാധിച്ചവർക്ക്‌  പരിശീലനത്തിനും  ഫിസിയോ തെറാപ്പിക്കുമെല്ലാം സൗകര്യം ഒരുക്കാനാവും. 
സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായി തിരുനെല്ലി ഉൾപ്പെടെ ജില്ലയിലെ 10 പഞ്ചായത്തുകളിലാണ്‌ ബഡ്‌സ്‌ സ്‌കൂൾ അനുവദിച്ചത്‌.  കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്തുകൾക്ക്‌ കീഴിലാണ്‌ സ്‌കൂൾ പ്രവർത്തിപ്പിക്കേണ്ടത്‌.  മാനന്തവാടി നഗരസഭയിലും തിരുനെല്ലി, പൊഴുതന,  പൂതാടി, മേപ്പാടി,  മൂപ്പൈനാട്‌, നൂൽപ്പുഴ, വൈത്തിരി, കണിയാമ്പറ്റ, തൊണ്ടർനാട്‌ പഞ്ചായത്തുകളിലുമാണ്‌  സ്‌കൂൾ അനുവദിച്ചത്‌. പൊഴുതനയിലും പ്രവർത്തനം തുടങ്ങി.  മറ്റുപഞ്ചായത്തുകൾ സ്‌കൂൾ തുറക്കാനുള്ള   തയ്യാറെടുപ്പിലാണ്‌. അധ്യാപകരേയും ആയമാരേയും നിയമിച്ചു. തുടക്കത്തിൽ സർക്കാർ 25 ലക്ഷം രൂപവീതം പഞ്ചായത്തുകൾക്ക്‌ അനുവദിച്ചിട്ടുണ്ട്‌. ഇനിയുള്ള വർഷങ്ങളിൽ  ഫണ്ട്‌ പഞ്ചായത്തുകൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തണം.  കലോത്സവം, ജീവനോപാധി കണ്ടെത്തൽ,   പരിശീലനം  എന്നിവക്കെല്ലാം കുടുംബശ്രീ നേതൃത്വം നൽകും. കൽപ്പറ്റ നഗരസഭയിലും മുള്ളൻകൊല്ലി, നെൻമേനി പഞ്ചായത്തുകളിലും നേരത്തെ മുതൽ ബഡ്‌സ്‌ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ട്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top