07 August Friday
ദുരിതാശ്വാസനിധി നൽകില്ലെന്ന്‌

വെള്ളമുണ്ടയിൽ ഇന്ന്‌ എൽഡിഎഫ്‌ മെമ്പർമാരുടെ സമരം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
വെള്ളമുണ്ട
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകേണ്ടെന്ന വെള്ളമുണ്ട പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച്‌ എൽഡിഎഫ്‌ അംഗങ്ങൾ വ്യാഴാഴ്‌ച പഞ്ചായത്ത്‌ ഓഫീസിന്‌ മുമ്പിൽ ഉപവസിക്കും. മഹാമാരിയിൽ സംസ്ഥാനം വിറങ്ങലിച്ച്‌ നിൽക്കുമ്പോൾ ദുരിതാശ്വാസനിധി നൽകേണ്ടെന്ന്‌ മുസ്ലീം ലീഗ്‌ നേതൃത്വം നൽകുന്ന യുഡിഎഫ്‌ ഭരണസമിതി ഭൂരിപക്ഷാടിസ്ഥാനത്തിൽ തീരുമാനിച്ചത്‌ നീതികരിക്കാനാവില്ലെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ പറഞ്ഞു. ഭരണസമിതിയിൽ അജൻഡവെച്ച് സംസ്ഥാനത്തിന്റെ ആവശ്യത്തിന്‌ വിരുദ്ധമായ തീരുമാനമെടുത്തു. ഒരുലക്ഷം രൂപയെങ്കിലും നൽകണമെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ ആവർത്തിച്ച്‌ ആവശ്യപ്പെട്ടിട്ടും  ഭരണസമിതി നേതൃത്വം തയ്യാറയില്ല. തീരുമാനത്തിനെതിരെ എൽഡിഎഫ്‌ അംഗങ്ങൾ വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തുകയും തുടർന്ന്‌ ബോർഡ്‌ യോഗം ബഹിഷ്‌കരിക്കുകയും ചെയ്‌തു. യുഡിഎഫ്‌ ഭരിക്കുന്ന എടവകയുൾപ്പെടെയുള്ള പഞ്ചായത്തുകൾ ദുരിതാശ്വാസ നിധി നൽകാൻ തീരുമാനിച്ചപ്പോഴാണ്‌ വെള്ളമുണ്ടയിൽ ലീഗിന്റെ സങ്കുചിത രാഷ്‌ട്രീയം. 10 ലക്ഷം രൂപയാണ്‌ എടവക പഞ്ചായത്ത്‌ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുന്നത്‌.  
ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകണമെന്ന്‌ ആവശ്യപ്പെട്ട്‌ ഏഴാം വാർഡ്‌ മെമ്പർ എ ജോണിയാണ്‌ ഭരണസമിതിക്ക്‌ കത്ത്‌ നൽകിയത്‌. സംഭാവന നൽകേണ്ടതില്ലെന്ന്‌ ഭരണസമിതി ചർച്ചചെയ്‌ത്‌ ഭൂരിപക്ഷപ്രകാരം തീരുമാനിച്ചതായി സെക്രട്ടറി എ ജോണിയുടെ കത്തിന്‌ മറുപടിയും നൽകി. എന്നാൽ ദുരിതാശ്വാസ നിധി നൽകേണ്ടെന്ന്‌ തീരുമാനിച്ചിട്ടില്ലെന്നായിരുന്നു പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി തങ്കമണിയുടെ വിശദീകരണം.
സിപിഐ എം വെള്ളമുണ്ട പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്‌ ‌ മെമ്പർമാരുടെ സമരം. ഇതുസംബന്ധിച്ച യോഗത്തിൽ പി എ അസീസ്‌ അധ്യക്ഷനായി. പാർടി ജില്ലാ സെക്രട്ടറിയറ്റംഗം കെ റഫീഖ്‌, പി ജെ ആന്റണി, എ ജോണി, സി എം അനിൽകുമാർ, കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top