11 July Saturday

ആരവങ്ങളില്ലാതെ അധ്യയനത്തിന്‌ തുടക്കം അതിജീവനത്തിന്റെ ഓൺലൈൻ മണിമുഴക്കം

സ്വന്തം ലേഖികUpdated: Tuesday Jun 2, 2020

      

കൽപ്പറ്റ
ആർപ്പ്‌  വിളിയും ആരവങ്ങളുമില്ല.  വർണക്കടലാസുകളും ബലൂണുകളും  തോരണങ്ങളും വിതാനിച്ച്‌  നവാഗതരെ സ്വീകരിക്കാൻ വിദ്യാലയ കവാടങ്ങളൊരുങ്ങിയില്ല.  അമ്മയുടെ  വിരൽതുമ്പിൽ നിന്ന്‌  വേർപെടുമ്പോൾ കുഞ്ഞുകവിളിലുരുണ്ടുകൂടിയ അശ്രുകണങ്ങളും തേങ്ങലുകളും ‌ വിദ്യാലയങ്കണത്തിൽ മുഖരിതമായില്ല.  ഇടനെഞ്ചിലൊരു പിടച്ചിലോടെയെങ്കിലും ആദ്യദിനത്തിന്റെ ആവേശം നിറഞ്ഞ കൗതുകങ്ങളിലെ പൊട്ടിച്ചിരികളും പൊട്ടിക്കരച്ചിലുകളുമുണ്ടായില്ല. അവധിക്കാല വിശേഷങ്ങളും കുസൃതികളും അയവിറക്കാനും ആരും എത്തിയില്ല.  ആലസ്യത്തിൽനിന്നുയരാതെ  വിദ്യാലയ വളപ്പിലെ പൂമരങ്ങളും കളിസ്ഥലങ്ങളും  കുഞ്ഞുങ്ങളുടെ ശബ്‌ദത്തിനായി കാതോർത്തു. അവധി കഴിഞ്ഞ്‌ തുറക്കേണ്ട വിദ്യാലയങ്ങൾ കോവിഡ്‌ മഹാമാരിയിൽ  വിറങ്ങലിച്ച്‌ നിന്നപ്പോൾ മറു ഭാഗത്ത്‌ അതിജീവനമന്ത്രമായി ഓൺ ലൈൻ ക്ലാസുകൾ സജീവമായി.  സംസ്ഥാന സർകാർ കൈറ്റ്‌ വിക്ടേഴ്‌സ്‌ ചാനലിലൂടെ സംപ്രേഷണം ചെയ്‌ത്‌ ഓൺ ലൈൻ ക്ലാസുകളിൽ ജില്ലയിലെ ഭൂരിഭാഗം വിദ്യാർഥികളും പങ്കാളികളായി. രാവിലെ 8.30നാണ് ക്ലാസ്സുകൾ തുടങ്ങിയത്. വിക്‌ടേഴ്‌സ് ചാനലിലൂടെ അര മണിക്കൂർ വീതമുള്ള ക്ലാസ്സുകളാണ് നൽകുന്നത്. ഒന്നാം ക്ലാസ്‌ മുതൽ( പതിനൊന്ന്‌  ഒഴികെ  ) പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള പാഠഭാഗങ്ങളാണ്‌ ഓൺലൈനിലൂടെ പഠിപ്പിച്ചത്‌. ജില്ലയിൽ ആകെ 130000 കുട്ടികളാണുള്ളത്‌.  ഇതിൽ ഏതാണ്ട്‌ പതിനായിരത്തോളും കുട്ടികൾക്ക്‌ ടിവി, ഇന്റർനെറ്റ്‌ സൗകര്യങ്ങളില്ലെന്നാണ്‌ കണക്ക്. ഇതിൽ 2694 ആദിവാസികുട്ടികളാണ്‌.   ബാക്കിയുള്ളവർ  വീടുകളിൽ ടിവിക്കും ലാപ്‌ടോപ്പുകൾക്കും മുന്നിലിരുന്ന് പുതിയ അധ്യയന വർഷത്തെ പഠന പ്രവർത്തനങ്ങളിൽ പങ്കാളികളായി. സാമൂഹ്യ പഠനമുറികളും കമ്യൂണിറ്റി ഹാളുകളിലും ഒരുക്കിയ ഓൺലൈൻ ക്ലാസുകളിലാണ്‌ ആദിവാസി വിദ്യാർഥികൾ പഠിച്ചത്‌. ‌  ഒന്നാം ക്ലാസിലെ കുട്ടികൾക്ക്‌ സമീപം ‌ രക്ഷിതാക്കളും കൂടെയിരുന്നു. സ്‌കൂളിൽ പോകാൻ ആഗ്രഹമുണ്ടെങ്കിലും ആദ്യദിനത്തിലെ ക്ലാസ്‌ ഏറെ ഇഷ്‌ടമായെന്ന്‌    കൽപ്പറ്റ എസ്‌ഡിഎംഎൽപി സ്‌കൂളിലെ  ഒന്നാം ക്ലാസ്‌ വിദ്യാർഥിനി ഹെയ്‌ദി പറഞ്ഞു.   ‌എമിലിയിലെ  ഷഹീദാസ്‌ മൻസിലിൽ ‌ ഉമ്മ ഖദീജക്കൊപ്പമിരുന്നാണ്‌ അവൾ ആദ്യ അറിവിന്റെ ആദ്യാക്ഷരം  നുകർന്നത്‌.  
ജൂൺ ഏഴ് വരെ പരീക്ഷണാടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. സാങ്കേതികമായ പ്രശ്‌നങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുന്നതിനാണ് പരീക്ഷണാർഥം ക്ലാസുകൾ തുടങ്ങിയത്. വീടുകളിൽ ടെലിവിഷൻ, സ്മാർട്ട് ഫോൺ, ലാപ്‌ടോപ്പ്, ഇന്റർനെറ്റ് കണക്ഷൻ തുടങ്ങിയ സംവിധാനങ്ങൾ ഇല്ലാത്ത വിദ്യാർഥികൾക്ക് അവ ഒരുക്കി നൽകുന്നതിന് ആവശ്യമായ നടപടികൾ  സ്വീകരിച്ചിട്ടുണ്ട്.
 
പ്രധാന വാർത്തകൾ
 Top