മീനങ്ങാടി
പറമ്പിലും പാടത്തും തൊഴിലെടുക്കാൻ ആളുകളെ കിട്ടാതെ ഇനി ആരും പ്രയാസപ്പെടേണ്ട. ആവശ്യപ്പെടുന്നവർക്ക് തൊഴിലാളികളെ ലഭ്യമാക്കാൻ പദ്ധതിയുമായി കർഷക തൊഴിലാളി യൂണിയൻ. ജില്ലയിൽ മീനങ്ങാടി പഞ്ചായത്തിൽ തൊഴിൽസേനയുടെ പ്രവർത്തനം ആരംഭിച്ചു. കാർഷിക മേഖലയിൽ തൊഴിലെടുക്കാൻ ആളുകളെ ലഭിക്കുന്നില്ലെന്ന പ്രശ്നത്തിന് പരിഹാരമായാണ് യൂണിയൻ പഞ്ചായത്ത് തോറും തൊഴിൽ സേന രൂപീകരിക്കുന്നത്.
ആറ് ക്ലസ്റ്ററുകളിലായി 32 തൊഴിലാളികളെയാണ് തൊഴിൽ സേനയിൽ സജ്ജമാക്കിയിട്ടുള്ളത്. 26 വനിതകളും ആറ് പുരുഷൻമാരുമാണുള്ളത്. ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം പഞ്ചായത്തടിസ്ഥാനത്തിൽ തൊഴിൽ സേന സംഘം രജിസ്റ്റർചെയ്താണ് പ്രവർത്തനം. മീനങ്ങാടിയിൽ കാപ്പി പറിക്കുന്നതിന് ഈ തൊഴിലാളികളെ യൂണിയൻ ഉപയോഗപ്പെടുത്തിയത് കർഷകർക്ക് ആശ്വാസമായി.
കാർഷിക മേഖലയിൽ തൊഴിലാളികളെ ലഭ്യമാക്കിയും കാർഷിക മേഖലയിൽ തൊഴിലവസരം കുറയുമ്പോൾ പാട്ടത്തിനും മറ്റും സ്ഥലം ഏറ്റെടുത്ത് കൃഷിചെയ്ത് വരുമാനമുണ്ടാക്കാനും സംഘം ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി അര ഏക്കർ വയലിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിന്റെ ഉദ്ഘാടനം യൂണിയൻ ജില്ലാ സെക്രട്ടറി സുരേഷ് താളൂർ നിർവഹിച്ചു. തൊഴിൽ സേന സംഘം സെക്രട്ടറി എം ആർ ശശിധരൻ അധ്യക്ഷനായി. യൂണിയൻ ഏരിയാ സെക്രട്ടറി വി വി രാജൻ, സിപിഐ എം ഏരിയാ സെക്രട്ടറി എം പി കുഞ്ഞുമോൾ, മീനങ്ങാടി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി വാസുദേവൻ, പഞ്ചായത്ത് ആറാം വാർഡ് അംഗം ബിന്ദു, മീനങ്ങാടി കൃഷി ഓഫീസർ ജ്യോതി, വി എ അബ്ബാസ്, കെ അലി എന്നിവർ സംസാരിച്ചു. എ എൻ തങ്കച്ചൻ സ്വാഗതവും പി പി ജയൻ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..