തലപ്പുഴ
മാർക്കറ്റ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായിട്ടും തലപ്പുഴയിൽ മത്സ്യ–-മാംസക്കച്ചവടം പെരുവഴിയിൽ. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നിർമിച്ച കെട്ടിടത്തിലേക്ക് കച്ചവടം മാറ്റാൻ നിലവിലെ ഭരണസമിതി നടപടിയെടുക്കാത്തതാണ് റോഡിലെ മത്സ്യവ്യാപാരത്തിന് കാരണം. തവിഞ്ഞാൽ പഞ്ചായത്തിന്റെ ആസ്ഥാനമാണ് തലപ്പുഴ. പഞ്ചായത്ത് ഓഫീസിന് മൂക്കിന് താഴെയാണ് പെരുവഴിയിലെ മത്സ്യവ്യാപാരം.
മത്സ്യ–-മാംസ മാർക്കറ്റ് പുതുക്കിപ്പണിയാനായി കച്ചവടക്കാരെ കുടിയൊഴിപ്പിച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. 50 ലക്ഷം രൂപ തനത് ഫണ്ട് വിനിയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. അത്യാധുനിക സൗകര്യങ്ങളുള്ള മാർക്കറ്റ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണത്തിനാണ് അന്നത്തെ ഭരണസമിതി തീരുമാനിച്ചത്.
എൽഡിഎഫ് നേതൃത്വത്തിലുണ്ടായിരുന്ന ഭരണസമിതി പദ്ധതി തയ്യാറാക്കി കെട്ടിടം നിർമിച്ചു. പിന്നീട് വന്ന യുഡിഎഫ് ഭരണസമിതി ഇവിടേക്ക് തിരിഞ്ഞുനോക്കിയില്ല.
കെട്ടിടത്തിലേക്ക് വേണ്ട വെള്ളവും വൈദ്യുതിയും എത്തിച്ചിട്ടില്ല. വയറിങ്ങും പ്ലംബിങ്ങും നടത്താനുണ്ട്. നിലവിലുള്ള കെട്ടിടത്തിന് മുകളിൽ പുതിയ കടമുറികൾ നിർമിക്കാൻ സൗകര്യമുണ്ടെങ്കിലും നിലവിലെ ഭരണസമിതി അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. മാർക്കറ്റ് ഇല്ലാതായതോടുകൂടിയാണ്
മത്സ്യക്കച്ചവടം പൂർണമായി റോഡിലേക്ക് മാറിയത്.
തുറസ്സായ സ്ഥലത്തെ അശാസ്ത്രീയ മത്സ്യക്കച്ചവടം ടൗണിൽ ദുരിതമാകുകയാണ്. മാലിന്യപ്രശ്നവുമേറി. തെരുനായശല്യത്തിൽ ആളുകൾ പൊറുതിമുട്ടുകയാണ്. വഴിയോരത്തെ കച്ചവടം അസഹനീയ ദുർഗന്ധമുണ്ടാക്കുകയാണ്. ഇതെല്ലാം പഞ്ചായത്ത് ഭരണസമിതി കണ്ടിലെന്ന് നടിക്കുകയാണ്.
കെട്ടിടത്തിലെ അവശേഷിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കി എത്രയുംവേഗം മത്സ്യവ്യാപാരം മാർക്കറ്റിലേക്ക് മാറ്റണമെന്നാണ് വ്യാപാരികളും നാട്ടുകാരും ആവശ്യപ്പെടുന്നത്. .
പഞ്ചായത്തിന്റെ മാർക്കറ്റ് തുറന്നാൽ തനത് വരുമാനവും വർധിക്കും. വഴിയോരത്തെ മത്സ്യക്കച്ചവടത്തിലെ പ്രശ്നങ്ങൾക്കും പരിഹാരമാകും. എന്നാൽ ഈ നിലയിലുള്ള പ്രവർത്തനങ്ങളോ പദ്ധതികളോ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..