തലപ്പുഴ
പരിചയപ്പെടുത്തലുകളോ, ആമുഖമോ വേണ്ട. എവിടെ ചെന്നാലും ‘പ്രസിഡന്റ്’ വിളികൾ മാത്രം. സ്നേഹത്തോടെ അമ്മമാർ, വിദ്യാർഥികൾ, യുവാക്കൾ എല്ലാവരും അനിഷാ സുരേന്ദ്രനെ വരവേൽക്കുകയാണ്. ജില്ലാ പഞ്ചായത്തിലേക്ക് തവിഞ്ഞാൽ ഡിവിഷനിൽ നിന്നും മത്സരിക്കുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കാണാൻ എല്ലാവരും എത്തുകയാണ്. കോവിഡ് മാനദണ്ഡപ്രകാരമാണ് സ്ഥാനാർഥി പര്യടനമെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട പ്രസിഡന്റിനോട് സംസാരിക്കാൻ ഇവർ തിരക്ക് കൂട്ടുകയാണ്. അഞ്ചുകൊല്ലം തവിഞ്ഞാൽ പഞ്ചായത്തിന് മികവുറ്റ നേതൃത്വം നൽകിയ അനിഷ വിജയം ഉറപ്പിച്ചാണ് ജില്ലാ പഞ്ചായത്തിലേക്ക് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്. പ്രചാരണത്തിൽ ബഹുദൂരം മുന്നലിലാണ്. പ്രശാന്തഗിരി, കൊളത്താട, വെൺമണി, വിമലനഗർ, ജോസ് കവല, ഇടിക്കര, അമ്പലക്കൊല്ലി, പുതിയിടം, മക്കിമല ഭാഗങ്ങളിലെല്ലാം തിങ്കളാഴ്ച പ്രചാരണം നടത്തി. പഞ്ചായത്തിലെ സുപരിചിതമായ മേഖലകളിലൂടെയായിരുന്ന സഞ്ചാരം. വഴിനീളെ ആളുകൾ ഓടിവന്നു. കടകളിൽനിന്നും ആളുകൾ പുറത്തേക്കെത്തി കുശലാന്വേഷണം നടത്തി. കുഞ്ഞുവാക്കുകളിൽ എല്ലാവരോടും വോട്ട് അഭ്യർഥിച്ചു നീങ്ങി. സുനിശ്ചിതമായ വിജയത്തിന് കൂടുതൽ പിന്തുണയേകിയാണ് ആളുകളെത്തുന്നത്. നേതാക്കളും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച തൊണ്ടർനാട് പഞ്ചായത്തിലുൾപ്പെടുന്ന വാർഡുകളിലാണ് പ്രചാണം. തവിഞ്ഞാൽ പഞ്ചായത്ത് പൂർണമായും തൊണ്ടർനാട്ടെ ഏഴ് വാർഡുകളും ഉൾപ്പെടുന്നതാണ് തവിഞ്ഞാൽ ഡിവിഷൻ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..