02 December Friday

പിഎഫ്‌ഐ ഓഫീസുകൾക്ക്‌ താഴിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

നിരോധിക്കപ്പെട്ട പിഎഫ്‌ഐ ജില്ലാ കമ്മിറ്റി ഓഫീസ്‌ പൂട്ടുന്നതിന്‌ മുമ്പ്‌ പൊലീസ്‌ പരിശോധിക്കുന്നു

കൽപ്പറ്റ/മാനന്തവാടി 
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യയുടെ ഓഫീസുകൾ പൊലീസ്‌ പൂട്ടി സീൽവച്ചു. മാനന്തവാടി എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസ്‌, മാനന്തവാടി ബസ്‌ സ്‌റ്റാൻഡിന്‌ സമീപത്തെ ഇസ്ലാമിക്‌ സെന്റർ ട്രസ്‌റ്റ്‌ ഓഫീസ്‌,  മൂപ്പൈനാട്‌ റിപ്പണിനടുത്ത്‌ പുതുക്കാടുള്ള  ഓഫീസ്‌ എന്നിവയാണ്‌ പൂട്ടിയത്‌. വെള്ളി വൈകിട്ട്‌ ആറരയോടെയാണ്‌ മൂന്നിടത്തും പൊലീസെത്തി ഓഫീസുകൾ പൂട്ടാൻ നടപടിതുടങ്ങിയത്‌. കഴിഞ്ഞ 22ന്‌ ഇസ്ലാമിക്‌ സെന്റർ ട്രസ്‌റ്റ്‌ ഓഫീസിൽ എൻഐഎ, ഇഡി സംഘം പരിശോധന നടത്തിയിരുന്നു. 
എരുമത്തെരുവിലെ ജില്ലാ കമ്മിറ്റി ഓഫീസിലും  ഇസ്ലാമിക്‌ സെന്റർ ട്രസ്‌റ്റിലും  ഡിവൈഎസ്‌പി എ പി ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ. പൂട്ടുന്നതിന്‌ മുമ്പ്‌ ഓഫീസിനകത്തുള്ള സാധനങ്ങൾ പൊലീസ്‌ തിട്ടപ്പെടുത്തി. സ്വകാര്യ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ്‌ ജില്ലാ കമ്മിറ്റി ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്‌. കൊടി, പോസ്‌റ്റർ, ബാൻഡ്‌ മേളത്തിനുള്ള ഉപകരണങ്ങൾ തുടങ്ങിയവയാണ്‌ ഓഫീസിൽ ഉണ്ടായിരുന്നത്‌. മൂന്ന്‌ മണിക്കൂറോളം സമയമെടുത്താണ്‌ ഇവിടെയുള്ള സാധനങ്ങളുടെ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. 
പുതുക്കാട്‌ മൂന്ന്‌ നില കെട്ടിടത്തിന്റെ മുകളിലെ നിലയിലാണ്‌ 350 ചതുരശ്ര അടിയുള്ള ഓഫീസ്‌ പ്രവർത്തിച്ചിരുന്നത്‌. ബത്തേരി ഡിവൈഎസ്‌പി കെ കെ അബ്‌ദുൾ ഷെരീഫിന്റെ നേതൃത്വത്തിലാണ്‌ ഓഫീസ്‌ പരിശോധനയും തുടർന്ന്‌ അടച്ചുപൂട്ടുകയും ചെയ്‌തത്‌. ഈ ഓഫീസിൽ ഒരുതരത്തിലുള്ള സാധനങ്ങളും ഉണ്ടായിരുന്നില്ല. പുറത്ത്‌ ബോർഡും സ്ഥാപിച്ചിരുന്നില്ല. കെട്ടിട ഉടമയെ സ്ഥലത്ത്‌ വിളിച്ചുവരുത്തി മൊഴിയെടുത്തു. 
അതേസമയം സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകൾ പൂട്ടിയത്‌ എത്രകാലത്തേക്കാണെന്ന്‌ പൊലീസ്‌ വ്യക്തമാക്കിയിട്ടില്ല.  റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top