31 May Sunday

7ന് മന്ത്രിയുടെ നേതൃത്വത്തിൽ താലൂക്കടിസ്ഥാനത്തിൽ പ്രത്യേകം ക്യാമ്പുകൾ പ്രളയം: അടിയന്തര ധനസഹായം വൈകില്ല ‐ മന്ത്രി കടന്നപ്പള്ളി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019

കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സംസാരിക്കുന്നു

 കൽപ്പറ്റ
പ്രളയബാധിതർക്കായി സർക്കാർ പ്രഖ്യാപിച്ച അടിയന്തര ധനസഹായമായ പതിനായിരം രൂപ മുഴുവൻ കുടുംബങ്ങൾക്കും സമയബന്ധിതമായി വിതരണം ചെയ്യണമെന്ന്  മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർദേശം നൽകി. കലക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് നിർദേശം. ധനസഹായ വിതരണത്തിനായി ജില്ലയിൽനിന്നും ലാന്റ് റവന്യൂ കമീഷണറേറ്റിലേക്ക് നൽകുന്ന ലിസ്റ്റിൽ അനർഹർ ഉൾപ്പെട്ടില്ലെന്ന് ഉറപ്പാക്കണം. ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട് ഏഴിന്‌ മന്ത്രിയുടെ നേതൃത്വത്തിൽ താലൂക്കടിസ്ഥാനത്തിൽ പ്രത്യേകം ക്യാമ്പുകൾ സംഘടിപ്പിക്കും.
സർക്കാർ മാർഗനിർദേശ പ്രകാരം അടിയന്തര ധനസഹായം ലഭിക്കുന്നതിന് അർഹരായവരുടെ  വിവരങ്ങൾ ലാന്റ് റവന്യൂ കമീഷണറേറ്റിൽ സമർപ്പിച്ചതായി കലക്ടർ എ ആർ അജയകുമാർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയവരുടെ  ലിസ്റ്റ് ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. ആദ്യഘട്ടത്തിൽ പതിനായിരം രൂപ ധനസഹായത്തിന് ഇവരെയാണ് പരിഗണിക്കുക. 
 വെള്ളം കയറിയ  വീടുകളിൽ വസിച്ചിരുന്ന കുടുംബങ്ങൾ, പ്രകൃതിക്ഷോഭത്തിൽ ഭാഗീകമായോ പൂർണ്ണമായോ തകർച്ച നേരിട്ട വീടുകളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ, ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പ് അനുസരിച്ച് വീട് വിട്ട് സർക്കാർ അംഗീകൃത ക്യാമ്പുകൾ, ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് മാറി താമസിച്ചവർ, ഒറ്റയ്ക്കും കുടുംബമായും ക്യാമ്പിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾ തുടങ്ങിയവരെയാണ് ദുരിതബാധിതരായി കണക്കാക്കുക. ദുരന്തബാധിതരായ വാടകയ്ക്ക് താമസിക്കുന്ന കുടുംബങ്ങൾക്കും പുറമ്പോക്കിൽ താമസിക്കുന്ന കുടുംബങ്ങൾക്കും അർഹതയുണ്ട്. നിലവിൽ ഏഴ് ക്യാമ്പുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നത്. 98 കുടുംബങ്ങളിലായി 293 പേർ ഇവിടെ കഴിയുന്നുണ്ട്. 
പരിശോധനക്കായി 
96 ടീമുകൾ 
 കൽപ്പറ്റ
പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് തകരാർ സംഭവിച്ചവർക്ക്  ധനസഹായം നൽകുന്നതിന് നാശനഷ്ടത്തിന്റെ കണക്കെടുക്കാൻ ഫീൽഡ്തല പരിശോധനക്കായി 96 ടീമുകളെ നിയോഗിച്ചതായി ജില്ലാ കലക്ടർ അറിയിച്ചു. റവന്യൂ,തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ, ഐടി വളണ്ടിയർ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തുന്നത്. ഇവർക്ക് ആദ്യഘട്ട പരിശീലനം നൽകി. നാശനഷ്ടങ്ങൾ തിട്ടപ്പെടുത്താൻ തയ്യാറാക്കുന്ന വിവരശേഖരണ മൊബൈൽ ആപ്പ് ലഭ്യമായാൽ ഫീൽഡ് പരിശോധന ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുപ്പത് ശതമാനത്തിന് മുകളിൽ നാശനഷ്ടം നേരിട്ട വീടുകളിൽ തഹസിൽദാർ, എക്‌സിക്യൂട്ടീവ് എഞ്ചിനിയർ എന്നിവരുടെ നേതൃത്വത്തിലുളള സംഘവും പരിശോധന നടത്തും. ദുരിതബാധിതന്റെ ബാങ്ക് അക്കൗണ്ടുുകളിലേക്ക് നേരിട്ടാണ് പണം കൈമാറുക. പൂർണ്ണമായി തകർന്നതോ,വാസയോഗ്യമല്ലാത്തതുമായ വീടുകൾക്ക് 4 ലക്ഷം രൂപയും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് 6 ലക്ഷം രൂപയും ലഭിക്കും.
ശാസ്ത്രീയ
പഠനം നടത്തും
കൽപ്പറ്റ
പുനരധിവാസത്തിന് ഭൂമി കണ്ടെത്തുമ്പോൾ വിദഗധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പഠനം നടത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ദുരന്തമേഖലയാണെന്ന് കണ്ടെത്തുന്ന സ്ഥലത്ത് കെട്ടിട നിർമാണത്തിന് അനുമതി നൽകരുത്. വലിയതരത്തിലുളള പ്രകൃതിക്ഷോഭങ്ങളെപോലും അതിജീവിക്കുന്നതരത്തിലുളള രീതികൾ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങളിൽ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ദുരന്തസാധ്യത പ്രദേശങ്ങളിൽനിന്നും മുൻഗണന അനുസരിച്ച് ആളുകളെ ഘട്ടംഘട്ടമായി മാറ്റി പാർപ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സി കെ ശശീന്ദ്രൻ എംഎൽഎ പറഞ്ഞു. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമാണത്തിനായി നൽകുന്ന ഫണ്ടിന്റെ വിനിയോഗത്തിൽ പ്രത്യേകം മോണിറ്ററിങ് ആവശ്യമാണെന്ന് ഒ ആർ കേളു എംഎൽഎ പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top