04 August Tuesday

പ്രതിസന്ധികളൊഴിയുന്നത്‌ കാത്ത്‌ ടൂറിസ്റ്റ് വാഹന മേഖല

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

മുട്ടിൽ ടൗണിനോട് ചേർന്ന് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന ടൂറിസ്റ്റ് വാഹനങ്ങൾ

കൽപ്പറ്റ
2018ലെ  പ്രളയകാലംമുതൽ ടൂറിസ്റ്റ്  വാഹനങ്ങൾക്ക് കഷ്ടകാലമാണ്. നിപ്പ, രണ്ട് പ്രളയം തുടങ്ങി ഒന്നിനുപിറകെ ഒന്നായി ഈ മേഖല പരീക്ഷണം നേരിട്ടു. ഈ കാലയളവിലെ നഷ്ടം നികത്താനുള്ള ഒരവസരമെന്ന നിലയിലായിരുന്നു  മാർച്ച്, ഏപ്രിൽ മാസങ്ങളിലെ അവധിദിനങ്ങളെ ടൂറിസ്റ്റ് വാഹന ഉടമകളും തൊഴിലാളികളും കണ്ടിരുന്നത്. ആ പ്രതീക്ഷകളിലാണ്‌   കൊറോണ വൈറസ് ആക്രമിച്ചത്‌. സ്കൂൾ, കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള വിനോദയാത്രകളും,  പഠനയാത്രകളും, കല്യാണ യാത്രകളുമെല്ലാം നിലച്ചു.  വിനോദസഞ്ചാര മേഖലയെ ആശ്രയിച്ച് ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ടൂറിസ്റ്റ് വാഹന ജീവനക്കാരും ഉടമകളും ഇപ്പോൾ പ്രതിസന്ധിയിലാണ്. ജില്ലയിൽ ട്രാവലറുകളും , ടൂറിസ്റ്റ് ബസ്സുകളുമായി 260 വാഹനങ്ങളുണ്ട് . ഇതിൽ  അഞ്ഞൂറോളം പേർ ജോലി ചെയ്യുന്നുമുണ്ട്.  മാസങ്ങളായി വാഹനങ്ങൾ ഷെഡ്ഡിലാണ്. കോവിഡ് പിടിമുറുക്കിയതിനാൽ  വാഹനങ്ങൾ നിരത്തിലിറങ്ങാൻ ഇനിയും എത്ര കാലം കാത്തിരിക്കേണ്ടിവരുമെന്ന് യാതൊരു പിടിയുമില്ല. സ്ഥിരമായി നിർത്തിയിടേണ്ടി വരുന്നതിനാൽ  വാഹനങ്ങളുടെ ടയറുകൾ ഉൾപ്പടെ മൊത്തത്തിൽ  അറ്റകുറ്റപണി നടത്തിയാൽ മാത്രമേ ഇനി നിരത്തിലിറക്കാൻ കഴിയൂ. ഇതിനും വൻതുക വേണ്ടിവരും.  നിലവിലെ അവസ്ഥ കണക്കിലെടുത്ത്  ടൂറിസ്റ്റ് വാഹനങ്ങൾക്ക് ഏകീകൃത നിറമാക്കാനുള്ള  നിർദേശത്തിൽ ഇളവ് നൽകണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. സാമ്പത്തികമായി തകർന്നുനിൽക്കുന്ന ഈ സമയത്ത് പുതിയ നിർദേശം നടപ്പാക്കുന്നത് അധിക ബാധ്യതയായി മാറും.  മാർച്ച് ഒന്നുമുതൽ പുതുതായി രജിസ്റ്റർചെയ്യുന്ന വാഹനങ്ങൾക്കും നിലവിൽ ഓടുന്ന വാഹനങ്ങൾക്ക് അടുത്ത ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി വാഹനം പരിശോധനയ്ക്ക് ഹാജരാക്കുമ്പോഴും നിറം മാറ്റണമെന്നായിരുന്നു ഗതാഗതവകുപ്പും റോഡ് സുരക്ഷാമന്ത്രാലയവും നിർദേശിച്ചിരുന്നത്.   സ്വന്തമായി വാഹനം  പാർക്ക് ചെയ്യാൻ സ്ഥലം ഇല്ലാത്തവർ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങളിലാണ്  നിർത്തിയിട്ടിരിക്കുന്നത്. വാടകയിനത്തിൽ ഇങ്ങനെയും കുറച്ച് പണം മാസത്തിൽ  പോകും. സംസ്ഥാന സർക്കാർ  നിർദേശത്തെ തുടർന്ന്  നികുതി ഇനത്തിലുള്ള പണം ഒഴിവാക്കിയിട്ടുണ്ട്. ഇത് ബസുടമകൾക്ക് വലിയൊരു ആശ്വാസമാണ്. നിലവിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെല്ലാം സ്റ്റോപ്പേജ് എടുത്തിരിക്കുകയാണ്.
 സ്റ്റോപ്പേജ് എടുത്തിരിക്കുന്ന വാഹനങ്ങൾ ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടി  ഇടക്കിടെ  ടെസ്റ്റ് ഡ്രൈവിന് അനുവാദം നൽകണമെന്നും ആവശ്യമുയരുന്നുണ്ട്. ഇടയ്ക്കിടെ പ്രവർത്തിപ്പിച്ചാൽ  വാഹനത്തിന്റെ കുറെയൊക്കെ പ്രശ്നങ്ങൾ കുറഞ്ഞു കിട്ടും. തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായരും അല്ലാത്തവരുമുണ്ട് , ഇവർക്കെല്ലാം  ക്ഷേമനിധി കിട്ടുന്ന വിധത്തിലുള്ള സംവിധാനം ഒരുക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന്  ജില്ലാ കോൺട്രാക്ട് കാരേജ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജോ. സെക്രട്ടറി  ഷാജി ഗ്യാലക്സി  പറഞ്ഞു. പ്രതിസന്ധികൾ മാറി എത്രയും പെട്ടെന്ന് തന്നെ വാഹനങ്ങൾ നിരത്തിലിറങ്ങുമെന്ന വിശ്വാസത്തിലാണ് ഉടമകളും ജീവനക്കാരും.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top