16 November Saturday

ലൈഫ്‌ തുണയായി തറയിലൊതുങ്ങിയ സ്വപ്‌നം വീടായി ഉയിർത്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

മുട്ടിൽ പഞ്ചായത്തിലെ പഴശ്ശി കോളനിയിലെ അച്യൂതനും കുടുംബവും ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിനുമുന്നിൽ

കൽപ്പറ്റ
നാലുകൊല്ലംമുമ്പ്‌ തറയിലൊതുങ്ങിയ സ്വപ്‌നം ‘ലൈഫ്‌’ പദ്ധതിയിലൂടെ വീടായി ഉയിർത്തു.   മുട്ടിൽ പഞ്ചായത്തിലെ പതിമൂന്നാം വാർഡ്‌ പഴശ്ശി കോളനിയിലെ അച്യുതനും കുടുംബവുമാണ്‌ തങ്ങളുടെ സ്വപ്‌ന ഭവനത്തിൽ താമസം തുടങ്ങിയത്‌.  
2014–15 വർഷത്തെ  ഐഎവൈ  പദ്ധതിയിൽ അച്യുതന്‌ വീട്‌ അനുവദിച്ചിരുന്നു.  ആദ്യ ഗഡുവായി 17,500 രൂപ ലഭിച്ചു. തറ കെട്ടാൻ കല്ല് കൊണ്ടുവരികയും തറനിരപ്പാക്കുകയും ചെയ്‌തപ്പോൾതന്നെ ഈ തുക തീർന്നു. അതോടെ വീടുപണി അനിശ്ചിതത്വത്തിലായി. 
പിന്നീട്‌ പണികൾ എടുക്കാത്തതിനാൽ പണവും ലഭിച്ചില്ല. ഇതോടെ വീടെന്ന മോഹവും പൊലിഞ്ഞു. ഏത്‌സമയവും ഇടിഞ്ഞുവീഴാവുന്ന കൂരയിലായിരുന്നു പിന്നീട്‌ ജീവിതം.
 എൽഡിഎഫ്‌ സർക്കാർ ലൈഫ്‌ ഭവന പദ്ധതികൊണ്ടുവന്നതോട ഇവർക്കും വീടായി.   ഇവരുടെ വീടും ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി.  5,34,000 രൂപയുടെ അടങ്കൽ തയ്യാറാക്കി.  
ആറ്‌മാസംകൊണ്ട്‌  നിർമാണം  പൂർത്തിയാക്കി താമസം തുടങ്ങി. രണ്ട്‌ കിടപ്പുമുറികളും ഹാളും അടുക്കളയും ശുചിമുറിയുമുള്ള അടച്ചുറപ്പുള്ള വീടാണ്‌ നിർമിച്ചത്‌.   മകൻ ശ്രീധരനും മരുമകൾ ജയയും അവരുടെ ആറ് മക്കളും അടങ്ങുന്നതാണ്‌ കുടുംബം. 

 

പ്രധാന വാർത്തകൾ
 Top