03 August Monday

35 സ്‌കൂളുകൾക്ക്‌ നൂറ്‌ ശതമാനം എസ്‌എസ്‌എൽസി 95.04 ശതമാനം വിജയം

സ്വന്തം ലേഖകൻUpdated: Wednesday Jul 1, 2020
കൽപ്പറ്റ
മഹാമാരിയുടെ പ്രതിസന്ധികൾ അതിജീവിച്ച്‌ എസ്‌എസ്‌എൽസി പരീക്ഷയിൽ ജില്ലയിൽ 95.04 ശതമാനം വിജയം. 11,655 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ  11,077 പേർ ഉപരിപഠനത്തിന‌് യോഗ്യതനേടി. വിജയശതമാനത്തിൽ സംസ്ഥാനത്ത്‌ ജില്ല ഏറ്റവും പിറകിലാണെങ്കിലും  കഴിഞ്ഞവർഷത്തേക്കാൾ 1.82 ശതമാനം വർധനയുണ്ട്‌. മുൻവർഷം 93.22 ശതമാനമായിരുന്നു വിജയം. 
35 സ്‌കൂളുകൾ നൂറ്‌ ശതമാനം വിജയം നേടി. 907 വിദ്യാർഥികൾക്ക്‌ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ ലഭിച്ചു. വിജയശതമാനം മുൻ വർഷത്തേക്കാൾ ഉയർന്നതിനൊപ്പം നൂറ്‌ ശതമനാനം നേടിയ സ്‌കൂളുകളുടെ എണ്ണവും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌ നേടിയവരുടെ എണ്ണവും വർധിച്ചു. കഴിഞ്ഞ വർഷം 26 വിദ്യാലയങ്ങൾക്കായിരുന്നു നൂറ്‌ ശതമാനം. ഇത്തവണ ഒമ്പത്‌‌ വിദ്യാലയങ്ങൾകൂടി ഈ നേട്ടത്തിനൊപ്പമെത്തി. ‌ മുൻവർഷം 815 പേർക്കായിരുന്നു മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്‌. ഇത്തവണ 92 പേരുടെകൂടി വർധനയുണ്ടായി. എ പ്ലസിൽ പെൺകുട്ടികളാണ്‌ മുന്നിൽ. 592 പെൺകുട്ടികൾക്ക്‌ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചപ്പോൾ  315 ആൺകുട്ടികൾക്കെ ഈ നേട്ടമുള്ളു. 
പരീക്ഷ എഴുതിയ 5870 ആൺകുട്ടികളിൽ 5512 പേർ ഉപരി പഠനത്തിന്‌ അർഹരായി. 5785 പെൺകുട്ടികളിൽ 5565 പേർ വിജയിച്ചു. 
സർക്കാർ സ്‌കൂളുകളിൽ 6645 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 6225 പേർ ഉന്നത പഠനത്തിന്‌ അർഹരായി. 297 പേർ ഫുൾ എ പ്ലസ്‌ നേടി. എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽനിന്നും 4555 പേർ‌  പരീക്ഷ എഴുതിയതിൽ 4397 പേർ വിജയികളായി. 466 പേർക്ക്‌ എല്ലാ വിഷയങ്ങൾക്കും എ  പ്ലസ്‌ ലഭിച്ചു. അൺ എയ്‌ഡഡ്‌ മേഖലയിൽ പരീക്ഷ എഴുതിയ 455 വിദ്യാർഥികളും  ഉന്നത പഠനത്തിന്‌ അർഹരായി. 144 പേർക്ക്‌ ഫുൾ എ പ്ലസ്‌ ലഭിച്ചു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top