02 July Thursday

അധ്യയനവർഷത്തിന്‌ തുടക്കം ഓൺലൈനിൽ ഇന്ന്‌ മണിമുഴങ്ങും

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

ബെല്ലടിച്ചു ഇനി ഓട്ടം... ഓൺലൈൻ പഠനം‘ ഫസ്‌റ്റ്‌ ബെൽ’ തുടങ്ങുന്നതിന്റെ തലേദിനം കളിചിരികളുമായി കുട്ടികൾ. ബത്തേരി മലങ്കരയിൽനിന്നുള്ള കാഴ്‌ച ഫോട്ടോ: എ ശിവപ്രസാദ്‌

 

കൽപ്പറ്റ
പുത്തനുടുപ്പും ബാഗും, പ്രവേശനോത്സവത്തിന്റെ അലങ്കാരങ്ങളുമില്ലാതെ അധ്യയനവർഷത്തിന്‌ തുടക്കം. മഹാമാരിയുടെ കാലത്ത്‌ വിദ്യാലയങ്ങൾ തുറക്കാതെ പഠനത്തിന്റെ പുതിയ പാഠം. കോവിഡ്‌ കാലത്തും മാറ്റമില്ലാതെ ജൂൺ ഒന്നിന്‌ വിദ്യാരംഭം.  ക്ലാസ്‌ മുറികളിലല്ല, ഓൺലൈനിലാണെന്ന്‌ മാത്രം.  ഓൺലൈൻ പഠനം "ഫസ്റ്റ് ബെൽ'‌ തിങ്കളാഴ്‌ച തുടങ്ങും.
പാഠഭാഗങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ ടെലിവിഷൻ ചാനലായ വിക്ടേഴ്സിലും ലഭ്യമായ മറ്റ് ഓൺലൈൻ സംവിധാനങ്ങളിലും സംപ്രേഷണം ചെയ്യുന്നതാണ്‌ പഠനരീതി. വിദഗ്ധർ അവതരിപ്പിക്കുന്ന ക്ലാസുകളെ സംബന്ധിച്ചുള്ള ചർച്ചയും സംശയ നിവരാണവും ഓരോ ക്ലാസിലെയും കുട്ടികളെ ഉൾപ്പെടുത്തി അധ്യാപകർ തയ്യാറാക്കുന്ന വാട്സ് ആപ് ഗ്രൂപ്പുകളിൽ നടത്തും.  
പ്രീ സ്കൂൾ മുതൽ പ്ലസ്ടു വരെ  ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ സംബന്ധിച്ച് സ്കൂളുകൾക്ക് വിശദമായ മാർഗനിർദ്ദേശങ്ങൾ നൽകിയിയിട്ടുണ്ട്.വിക്ടേഴ്സ് ചാനലിൽ നടക്കുന്ന "ഫസ്റ്റ് ബെൽ’ പ്രത്യേക പഠന ക്ലാസ്സുകൾക്കൊപ്പം ജില്ലയിൽ ഓരോ ക്ലാസ്സുകളിലെയും അധ്യാപകരുടെ ഇടപെടൽ കൂടിയുണ്ടാവും. ഒന്ന്,  രണ്ട് തിയതികളിൽ ഓൺലൈൻ ക്ലാസ് സംബന്ധിച്ച സ്കൂളുകളുടെ സൂക്ഷ്മതല ആസൂത്രണം നടക്കും. ടിവി, സ്മാർട്ട്ഫോൺ സൗകര്യമില്ലാത്ത കുട്ടികൾക്ക് നേരിട്ട് ഫോൺ വിളിച്ചും പ്രാദേശിക കേന്ദ്രങ്ങൾ ഒരുക്കിയും ഓൺലൈൻ വിഭവങ്ങളും നിർദേശങ്ങളും ലഭ്യമാക്കും. 
ഇതിനായി  ബിആർസി തലത്തിലും സജ്ജീകരണങ്ങൾ ഏർപ്പെടുത്തും. ക്ലാസുകൾ ഫലപ്രദമാക്കാൻ സൂക്ഷ്മതല ആസൂത്രണം നടത്തും.  കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള യോഗങ്ങളും  ഓൺലൈൻ മീറ്റിങ്ങുകളും നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കും.  ക്ലസ്റ്റർ/പഞ്ചായത്ത് തലത്തിൽ പ്രധാനാധ്യാപകർ, എസ്‌ആർജി കൺവീനർമാരുടെ ഓൺലൈൻ യോഗങ്ങൾ നടത്തും.
 പ്രീ സ്കൂൾ, പ്രൈമറി, യുപി , ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലെ മാതൃകാ ഓൺലൈൻ വിഭവങ്ങൾ സമഗ്ര ശിക്ഷാ , ഡയറ്റ്, എന്നിവ തയ്യാറാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന നൽകിക്കൊണ്ടുള്ള ഓൺലൈൻ പിന്തുണാ സംവിധാനങ്ങൾ ഒരുക്കുന്നതിന് റിസോഴ്സ് അധ്യാപകരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സംഘാടനം, ഏകോപനം, മോണിറ്ററിങ്‌  എന്നിവക്കായി ജില്ലാതലം മുതൽ സ്കൂൾ തലംവരെ വിവിധ സമിതികളും രൂപീകരിച്ചിട്ടുണ്ട്‌.
പ്രധാന വാർത്തകൾ
 Top