12 July Sunday

പരീക്ഷ കഴിഞ്ഞ്‌ ഊരണഞ്ഞു കളിചിരികൾ

കെ വി ഹരീന്ദ്രൻUpdated: Sunday May 31, 2020

പരീക്ഷ കഴിഞ്ഞ്‌ ശാസ്‌താംപൂവം കോളനിയിൽ തിരിച്ചെത്തിയ പ്രീതി, ദീപിക, സജിത, മനീഷ, നീന, മായ

വെള്ളിക്കുളങ്ങര

സർക്കാർ പരിരക്ഷയോടെ പരീക്ഷ മുഴുവനാക്കി അവർ ആഹ്ലാദത്തോടെ തിരിച്ചെത്തി. ഇനി ഊരിൽ കളികളിൽ മുഴുകും. കോവിഡ്‌ അതിജീവിച്ച്‌ എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷകളെല്ലാം കൃത്യമായി പൂർത്തിയായി. പരീക്ഷ മാറ്റിവയ്‌ക്കണമെന്ന മുറവിളികൾക്കിടയിലും സർക്കാർ നിലപാടിൽ ഉറച്ചുനിന്നു. എല്ലാ പരിരക്ഷകളും ഉറപ്പാക്കി പരീക്ഷകൾ പൂർത്തീകരിച്ചതൊടെ കുട്ടികളെല്ലാം ആഹ്ലാദത്തിലായി. 
ശാസ്‌താംപുവം ആദിവാസി കോളനിക്കാരായ പ്രീതി, ദീപിക, സജിത, മനീഷ, നീന, മായ എന്നിവർ എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകളും ട്രൈബൽ വകുപ്പ് നൽകിയ കൗൺസലിങ്ങിലും പങ്കെടുത്ത് ശനിയാഴ്ച ഊരിൽ തിരിച്ചെത്തി. കൂടെയുണ്ടായിരുന്ന അഞ്ജലി അമ്മവീടായ വാച്ച്മരം കോളനിയിലേക്കും പോയി. 
ആനപ്പാന്തം കോളനിയിലെ രാജുവിന്റെയും ഗീതയുടെയും മകൾ പ്രീതിയും ഗോപാലന്റെയും മരുതമ്മയുടെയും മകളായ ദീപികയും ചാലക്കുടിയിൽ എസ്എസ്എൽസി വിദ്യാർഥികളാണ്.  അഞ്ജലിയും എസ്എസ്എൽസിക്കാണ് പഠിക്കുന്നത്. മറ്റു നാലുപേരും ചാലക്കുടിയിൽ പ്ലസ് വൺ വിദ്യാർഥികളാണ്‌. ഏഴു പേരും ചാലക്കുടിയിലെ ട്രൈബൽ വകുപ്പ് വക ഹോസ്റ്റലിൽ താമസിച്ചാണ് പഠിച്ചിരുന്നത്. 
സംസ്ഥാന ട്രൈബൽ, വിദ്യാഭ്യാസം, വനം തുടങ്ങിയ വകുപ്പുകളും പഞ്ചായത്തധികൃതരും ചേർന്ന് തങ്ങൾക്ക് എല്ലാ സൗകര്യങ്ങളും യാത്രക്കുള്ള ഏർപ്പാടുകളും ചെയ്തിരുന്നതായി കുട്ടികൾ പറഞ്ഞു.  തുടർപഠനത്തിനായി ചാലക്കുടിയിലെ ഹോസ്റ്റലിലേക്ക് തിരികെ പോവുമെന്നും അവർ പറഞ്ഞു.   വെള്ളിക്കുളങ്ങരയിൽ നിന്നും ആറു കിലോമീറ്റർ അകലെ സംരക്ഷിത വനത്തിലാണ് ശാസ്താംപൂവം ആദിവാസി കോളനി. നേരത്തെ ഇവരുടെ കുടുംബങ്ങൾ നിബിഡ വനത്തോട്‌ ചേർന്നായിരുന്നു താമസം. 2005ൽ കോളനിയുടെ മുകൾ ഭാഗത്തുണ്ടായ മണ്ണിടിച്ചിലിൽ ഇവരുടെ സർവതും നഷ്ടപ്പെട്ടു. തുടർന്ന് 2006ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരാണ് ഇവരെ ശാസ്താംപൂവത്ത്‌ പുനഃരധിവസിപ്പിച്ചത്.  
 ജില്ലയിൽ ഹയർ സെക്കൻഡറി, വൊക്കേഷ‌ണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ആകെ 73,755 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്‌. ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ വിഭാഗങ്ങളിലായി ജില്ലയിൽ 259 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. 35,319 പേരാണ്‌ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്‌.
പ്രധാന വാർത്തകൾ
 Top