തൃശൂർ
ഡിസംബർ മുതൽ ഫെബ്രുവരിവരെയുള്ള മാസങ്ങളിൽ വിവിധ സർക്കാർ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷങ്ങളെയും ഉത്സവങ്ങളെയും ഏകോപിപ്പിച്ച് ഒരേ സമയത്ത് ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിനുള്ള ആലോചനാ യോഗം മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ ചേർന്നു.
തൃശൂർ കോർപറേഷന്റെ നേതൃത്വത്തിൽ ചേംബർ ഓഫ് കൊമേഴ്‌സുമായി ചേർന്നുള്ള ഷോപ്പിങ് ഫെസ്റ്റിവൽ, സാഹിത്യ അക്കാദമിയുടെ ബുക്ക് ഫെയർ, ലളിതകലാ അക്കാദമിയുടെ സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ, സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം തുടങ്ങിയ പരിപാടികൾ ഈ കാലയളവിലാണ് നടക്കുന്നത്. ഇവയോടൊപ്പം അടുത്ത വർഷം തൃശൂരിൽ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവംകൂടി ഏകോപിപ്പിച്ച് ഒരേ സമയത്ത് നടത്താനായാൽ സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിനെ ഉത്സവങ്ങളുടെ കേന്ദ്രമാക്കി മാറ്റിയെടുക്കാനാവുമെന്ന് മന്ത്രി പറഞ്ഞു.
വിവിധ ആഘോഷ, ഉത്സവ പരിപാടികൾ വെവ്വേറെ നടത്തുന്നതിനു പകരം അവയെല്ലാം ഏകീകൃത സ്വഭാവത്തോടെ സംഘടിപ്പിക്കുന്നത് പരിപാടികളെ കൂടുതൽ ജനകീയമാക്കാനും മികവ് വർധിപ്പിക്കാനും സഹായിക്കുമെന്ന് കലക്ടർ ഹരിത വി കുമാർ പറഞ്ഞു. അതോടൊപ്പം, വടക്കേച്ചിറയുമായി ബന്ധപ്പെട്ട് ആഴ്ചയിൽ ഒരുദിവസം വൈകിട്ട് വടക്കേച്ചിറ സ്ട്രീറ്റ് ഫെസ്റ്റിവൽ സംഘടിപ്പിക്കാനും ആലോചനയുണ്ട്. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ സബ് കലക്ടർ മുഹമ്മദ് ശഫീഖ്, ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, അഡീഷണൽ എസ്‌പി ബിജു കെ സ്റ്റീഫൻ, ഡോ. കൃപകുമാർ തുടങ്ങിയവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..