14 August Friday
പുറമ്പോക്കുഭൂമി ഈട് നല്‍കി വായ്പ

അടാട്ട് ബാങ്കില്‍ നടന്നത് വന്‍ തട്ടിപ്പ്

സ്വന്തം ലേഖകന്‍Updated: Tuesday Jun 30, 2020

തൃശൂർ

സർക്കാർ പുറമ്പോക്ക് ഭൂമി ഈടുവച്ച് തൃശൂർ ജില്ലാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘം (കാർത്തിക റൈസ്) അടാട്ട് ഫാർമേഴ്സ് സഹകരണ ബാങ്കിൽനിന്ന് 13 കോടി രൂപ വായ്പയെടുത്തു. യുഡിഎഫ്‌ കാലത്ത്‌ അഡ്‌മിനിസ്ട്രേറ്റർ ഭരണത്തിലും തുടർന്ന്‌ കോൺഗ്രസ് ഭരണസമിതിയുടെ നേതൃത്വത്തിലുമായിരുന്നു ഈ പകൽക്കൊള്ള. പൊതുപ്രവർത്തകൻ ചിറ്റിലപ്പിള്ളി സ്വദേശി സി കെ സന്തോഷിന് വിവരാവകാശപ്രകാരം ലഭിച്ച രേഖകളിൽനിന്നാണ് തട്ടിപ്പ്‌ പുറത്തുവന്നത്.
2013 ആഗസ്തിലാണ് ജില്ലാ നെല്ല് സംഭരണ സംസ്കരണ വിപണന സഹകരണ സംഘം അടാട്ട്  സഹ.ബാങ്കിൽനിന്ന് ഒമ്പതുകോടി രൂപ വായ്പയെടുക്കുന്നത്.  ഈടുവച്ചത്‌  സർക്കാർ പുറമ്പോക്ക് ഭൂമി. അടാട്ട് ബാങ്ക് അംഗങ്ങളിൽനിന്ന് ശേഖരിക്കുന്ന നെല്ല് ജില്ലാ നെല്ല് സംഭരണസംഘത്തിന് കൈമാറാനും വിൽപ്പന നടത്തിയ ശേഷം പണം തിരിച്ചടയ്ക്കാമെന്നും വെള്ളക്കടലാസിലുള്ള കരാറിന്റെ മറവിലായിരുന്നു വായ്പ. എന്നാൽ ബാങ്ക്   നെല്ല് സംഭരിക്കുകയോ, സംഭരണസംഘം നെല്ല് ഏറ്റെടുക്കുകയോ ചെയ്തതായി രേഖകളില്ല. ഇതുസംബന്ധിച്ച് വിജിലൻസ് കേസുണ്ട്‌. 
കോൺഗ്രസ് അനുഭാവ ഗസറ്റഡ് ജീവനക്കാരുടെ നേതാവായ പി രാമചന്ദ്രൻ അഡ്മിനിസ്ട്രേറ്ററായിരിക്കേയാണ്  പണമിടപാടുകൾ ആരംഭിക്കുന്നത്. തുടർന്ന് 2016ൽ ബാങ്ക് പ്രസിഡന്റായി ചുമതലയേറ്റ എം വി രാജേന്ദ്രനും എംഡി സുശീലാവർമയും വായ്പ്പാതുക തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ചില്ല. പലിശയിനത്തിൽ 83.34 ലക്ഷം രൂപയോളം  ഒഴിവാക്കയും ചെയ്‌തു.  നാലു കോടിരൂപ വായ്‌പ വീണ്ടും നൽകി.
 നിലവിൽ അടാട്ട് പഞ്ചായത്ത് പ്രസിഡന്റായ ടി ആർ ജയചന്ദ്രൻ, മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ വി ഒ ചുമ്മാർ, ജയലക്ഷ്മി, കോൺഗ്രസ് പ്രാദേശികനേതാക്കളായ രുദ്രൻ നമ്പൂതിരി, നാണു മാസ്റ്റർ തുടങ്ങിയവരടങ്ങുന്ന ബാങ്ക് ഭരണസമിതിയാണ് വഴിവിട്ട വായ്പനൽകിയത്. വടക്കാഞ്ചേരി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ, വടക്കാഞ്ചേരി, മുണ്ടത്തിക്കോട്, തെക്കുംകര പ്രദേശങ്ങളിലെ ഒരു ഡസനിലേറെ കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർക്കും തട്ടിപ്പിൽ പങ്കുണ്ട്‌.
വായ്പാത്തട്ടിപ്പുൾപ്പെടെ നിരവധി അഴിമതികൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് എൽഡിഎഫ്‌ സർക്കാർ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ ചുമതലയേൽപ്പിച്ചിരുന്നു. അന്ന് എഐസിസി അംഗം അനിൽ അക്കര എംഎൽഎ മുതുവറ സെന്ററിൽ നിരാഹാരസമരനാടകം നടത്തി. പിന്നീട് സമരം ഉപേക്ഷിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top