14 July Tuesday

ശശീന്ദ്രൻ; ഒരു മാതൃകാ തൊഴിലാളിജീവിതം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

എം കെ ശശീന്ദ്രൻ

 തൃശൂർ

എസ്എസ്എൽസി പഠനം കഴിഞ്ഞ്  തൊഴിൽ അന്വേഷണത്തിനൊടുവിൽ സുരക്ഷിതമായ  തൊഴിൽ നൽകിയ പ്രസ്ഥാനമാണ് സിഐടിയുവെന്ന് പെരിങ്ങാവ് മേച്ചേരി കറപ്പന്റെ മകൻ  എം കെ ശശീന്ദ്രൻ (ശശി).  പ്രദേശത്ത് തുടങ്ങിയ കമ്പനിയിലെ അധികാരികൾ, ചുമടിറക്കാതെത്തന്നെ കൂലി നൽകാമെന്ന് പറഞ്ഞപ്പോൾ അത്‌ നിഷേധിച്ച്‌ തൊഴിലെടുത്ത്‌ കൂലി വാങ്ങി മാതൃകയുമായി. 
 ഒരുനേരത്തെ ഭക്ഷണത്തിനായി നാടൻ പണികളെടുക്കുന്ന കാലം. സിപിഐ എം ബ്രാഞ്ച് സെക്രട്ടറിയായി  സജീവ പൊതു പ്രവർത്തനവും. ഇതിനിടെയാണ്‌  1991ൽ  പെരിങ്ങാവ് പൂൾ ഒന്നിൽ ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയനിൽ (സിഐടിയു) അംഗത്വമെടുത്തത്‌.  29 വർഷത്തിനുശേഷം 2020 ഫെബ്രുവരി 29ന് വിരമിക്കുന്നതുവരെ മാതൃകാ തൊഴിലാളിയായിരുന്നു. സതിയുമായുള്ള വിവാഹശേഷം ഭൂമിയും വീടും വാങ്ങിയതും രണ്ട്‌ പെൺമക്കളെ പഠിപ്പിച്ചതും  ഈ തൊഴിലെടുത്താണ്‌.  
നിരവധി കമ്പനികളുള്ള പ്രദേശമായതിനാൽ ദിവസവും 2000 രൂപവരെ കൂലി എല്ലാ തൊഴിലാളിക്കും ലഭിച്ചിരുന്നു. 2017 ഉത്രാടനാളിൽ മൂന്ന് ലോഡ് മാർബിൽ വഴിയിൽ കുരുങ്ങിയത് ഇറക്കിയതിന്‌, ലഭിച്ച 5100 രൂപയാണ്‌ ലഭിച്ച ഏറ്റവും കൂടിയ കൂലി‌. 
നാലുവർഷംമുമ്പ് മാർബിൾ ഇറക്കുന്നതിനിടെ, കാലിൽ ഗുരുതര പരിക്കേറ്റതാണ്‌ വേദനിപ്പിക്കുന്ന ഓർമ.  ചികിത്സ നൽകി തിരിച്ച്‌ തൊഴിലിൽ എത്തിച്ചതും പ്രസ്ഥാനം. വിശ്രമത്തിലിരുന്ന ഒമ്പതുമാസം എല്ലാ ദിവസവും സഹപ്രവർത്തകർ കൂലി എത്തിച്ചു നൽകി.
14 വർഷം പെരിങ്ങാവ് പൂൾ ലീഡറായിരുന്നു. പുലികളിയിൽ പെരിങ്ങാവിന്റെ പുലിയായും തിളങ്ങി. നഗരത്തിലെ മികച്ച തൊഴിലാളിക്കുള്ള വ്യാപാരി വ്യവസായികളുടെ വമ്പൻ ഓണക്കിറ്റ്‌ ഏഴുവർഷം തുടർച്ചയായി ലഭിച്ചു.  ചുമട്ടുതൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ വൈസ് പ്രസിഡന്റാണ്‌. 
 ബിഎസ‌്‌സി ഫിസിക്സ് ബിരുദം നേടിയ മൂത്തമകൾ ആതിര ടീച്ചറും വിവാഹിതയുമാണ്‌. രണ്ടാമത്തെ മകൾ അശ്വതി ബികോം മികച്ച വിജയം നേടി. നിലവിൽ സിഎ പ്ര‌ാക്ടീസിനൊപ്പം സ്വകാര്യ കമ്പനിയിൽ ജോലിയെടുക്കുന്നു.
പ്രധാന വാർത്തകൾ
 Top