13 July Monday

രാഘവേട്ടന്റെ പ്രായം‌ 93 കൃഷിക്കിറങ്ങിയാൽ യുവാവ്‌

കെ പി മണികണ്‌ഠൻUpdated: Saturday May 30, 2020

രാഘവേട്ടൻ കൃഷി പരിപാലനത്തിൽ

 ചെറുതുരുത്തി 

വയസ്സ്‌‌ 93 പിന്നിട്ടെങ്കിലും  കൃഷിയിടത്തിലിറങ്ങിയാൽ രാഘവേട്ടൻ  യുവാവാണ്‌.  റെയിൽവേ റിട്ട. ജീവനക്കാരനായിരുന്ന  ചെമ്മങ്ങാട്ടിൽ രാഘവന് ചെറുപ്പം മുതൽ  രണ്ട്‌ കാര്യങ്ങളോടായിരുന്നു ഇഷ്ടം. ഒന്ന് ചെങ്കൊടിയും മറ്റൊന്ന് കൃഷിയും .
ഇവ രണ്ടിനോടും അടർത്തിമാറ്റാൻ കഴിയാത്ത അടുപ്പം അന്നും ഇന്നും . പിതാവ് അയ്യപ്പന്റെ 12 രൂപ ശമ്പളത്തിൽ പഠനം മുന്നോട്ടു പോകാൻ കഴിയാതെ വന്നപ്പോൾ മൂന്നാം ക്ലാസിൽ  പഠനം ഉപേക്ഷിച്ചു.  കഠിന പ്രയത്നവും നിശ്ചയദാർഢ്യവും കൈമുതലാക്കി ചെറിയ ചെറിയ കൃഷിപ്പണികൾ ചെയ്ത് ബാല്യവും കൗമാരവും  നീക്കി.- ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയ അതേ വർഷം ഒക്ടോബറിൽ  ഇരുപതാമത്തെ വയസ്സിൽ െറയിൽവേയിൽ ജോലിക്കു കയറി. ജോലി ചെയ്തുകൊണ്ടിരിക്കുന്ന കാലത്തും റെയിൽവേയുടെ സ്ഥലത്ത്  കൃഷി  ചെയ്ത് ഉദ്യോഗസ്ഥ പ്രശംസ നേടി. 
പലപ്പോഴും പാട്ടത്തിനെടുത്ത സ്ഥലത്തായിരുന്നു കൃഷി. 87 ജൂണിൽ ജോലിയിൽനിന്ന്‌ വിരമിച്ച ശേഷം മുഴുവൻ സമയ കർഷകനായി. മണ്ണിനെ സ്നേഹിച്ചാൽ മണ്ണ് ചതിക്കില്ലെന്ന്  വിശ്വസിക്കുന്ന രാഘവേട്ടന് കൃഷിയെന്നു കേട്ടാൽ ആവേശമാണ്. വീടിനോടു ചേർന്നുള്ള അരയേക്കർ സ്ഥലത്ത് വിവിധ  വിളകളാണ് ഒരുക്കിയിട്ടുള്ളത്. ഇഞ്ചി, മഞ്ഞൾ, ചേന, കൂവ എന്നിവക്കു പുറമെ ഗ്രോബാഗിൽ വെണ്ട വഴുതന എന്നിവയും കൃഷി ചെയ്തിട്ടുണ്ട്. രാവിലെ എഴുനേറ്റ് പ്രഭാതകൃത്യങ്ങൾക്കു ശേഷം എട്ടിന്‌ പറമ്പിലേക്കിറങ്ങും.- വെയിൽ ശക്തമായതിനാൽ പതിനൊന്നരക്ക്‌ തിരിച്ചു കയറും. പിന്നെ വൈകിട്ട് നാലുവരെ വിശ്രമം. അതു കഴിഞ്ഞാൽ വീണ്ടും പറമ്പിലേക്ക്.  
രാത്രി ഏഴുവരെ. മണ്ണിനോടും കാർഷിക മേഖലയോടും  കാണിക്കുന്ന സ്നേഹം തന്നെയാണ് ആരോഗ്യരഹസ്യമെന്നും രാഘവേട്ടൻ പറയുന്നു. 
അടിയുറച്ച കമ്യൂണിസ്റ്റ്കാരനായ ഇദ്ദേഹം സമ്മതിദാന അവകാശം ലഭിച്ച അന്നുമുതൽ  ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിലും വോട്ടു ചെയ്യാതിരുന്നിട്ടില്ല.- അത്‌ കമ്യൂണിസ്‌റ്റ്‌ പാർടിക്കു മാത്രം. മണ്ണിൽ പണിയെടുക്കാൻ മനസ്സിനെ തയ്യാറാക്കണമെന്നാണ് ഇദ്ദേഹത്തിന് യുവാക്കളോട് പറയാനുള്ളത്.
പ്രധാന വാർത്തകൾ
 Top