09 July Thursday

പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഇന്ന്‌ സമാപിക്കും

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020

 തൃശൂർ

പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ ശനിയാഴ്‌ച സമാപിക്കും. കർശന സുരക്ഷാ ക്രമീകരണങ്ങളോടെ സർക്കാർ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ പരീക്ഷ നടന്നത്‌. ജില്ലയിൽ ഹയർ സെക്കൻഡറി, വൊക്കേഷ‌ണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ആകെ 73755 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്‌. ഹയർ സെക്കൻഡറിയിൽ പ്ലസ് ടു വിഭാഗത്തിൽ  33920 വിദ്യാർഥികളും,  പ്ലസ് വണിന്‌ 34944 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം പ്ലസ് വൺ 2393വിദ്യാർഥികളും  പ്ലസ് ടുവിന്‌ 2498 എന്നിങ്ങനെയാണ് പരീക്ഷയെഴുതുന്നത്. ഹയർസെക്കൻഡറി, വി എച്ച് എസ് ഇ എന്നീ വിഭാഗങ്ങളിലായി ജില്ലയിൽ 259 പരീക്ഷാകേന്ദ്രങ്ങളാണുള്ളത്. പരീക്ഷ സുഗമമാക്കാൻ ഓരോ പരീക്ഷാ കേന്ദ്രങ്ങളിലും പരീക്ഷാച്ചുമതലയുള്ളവരെ കൂടാതെ അധികം അധ്യാപകരെ നിയോഗിച്ചിരുന്നു. ആരോഗ്യപ്രവർത്തകരുടെ കീഴിൽ പ്രത്യേക പരിശീലനം സിദ്ധിച്ച രണ്ട് അധ്യാപകരെ വീതം ആരോഗ്യ ക്രമീകരണങ്ങൾക്കായി നിയമിച്ചിരുന്നു. അധ്യാപകരും ജീവനക്കാരും കൈയുറയും മാസ്‌ക്കും ധരിച്ചിരുന്നു. കുട്ടികൾ ഹാജർ ഷീറ്റിൽ ഒപ്പിടേണ്ടതിന് പകരം അധ്യാപകർ കുട്ടികളുടെ ഹാജർ അവരുടെ ഷീറ്റിൽ രേഖപ്പെടുത്തുകയാണ് ചെയ്തത്. രണ്ടുപേർ ഒരു ബെഞ്ചിൽ എന്ന നിലയിലാണ് ക്രമീകരിച്ചിരുന്നത്. സുരക്ഷാമാനദണ്ഡങ്ങളുടെ ഭാഗമായി ഓരോ വിദ്യാലയങ്ങളിലും അതത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഒരാൾ വീതവും പൊലീസ് ക്യാമ്പിൽ നിന്ന് ഒരാൾ വീതവും കൂടാതെ രണ്ട് ആശാ വർക്കർമാരെയും നിയമിച്ചിരുന്നു.
പ്രധാന വാർത്തകൾ
 Top