12 July Sunday
കാടിന്റെ മക്കൾക്കും കരുതൽ

അവരുമെഴുതി ‘പരീക്ഷ’ണങ്ങളില്ലാതെ

സി എ പ്രേമചന്ദ്രൻUpdated: Saturday May 30, 2020

കാരിക്കടവ്‌ കോളനിയിലെ പ്ലസ്‌ വൺ സയൻസ്‌ വിദ്യാർഥികളായ എം സി അഭിനേഷ്‌, ബി ശ്രുതിക, എൻ എ അശ്വതി

തൃശൂർ

വനാന്തരങ്ങളിൽ ഒറ്റപ്പെട്ട്‌ കഴിഞ്ഞിരുന്ന അഭിനേഷ്‌, ശ്രുതിക, അശ്വതി എന്നിവരെല്ലാം സർക്കാർ കരുതലേകിയതോടെ ലോക്‌ഡൗണിലും പരീക്ഷയെഴുതി. ഇവർക്കായി പ്രത്യേകം വാഹനസൗകര്യം ഏർപ്പാടാക്കി പരീക്ഷയ്‌ക്ക്‌ എത്തിക്കുകയായിരുന്നു. മറ്റത്തൂർ പഞ്ചായത്തിലെ ആനപ്പാന്തം കോളനിയിലേയും കാരിക്കടവ്‌ കോളനിയിലേയും ആദിവാസി കുട്ടികളെ‌ പഞ്ചായത്തും ട്രൈബൽവകുപ്പും പിടിഎ കമ്മിറ്റിയും മുൻകൈയെടുത്താണ്‌‌ പരീക്ഷക്കെത്തിച്ചത്‌. പരീക്ഷക്ക്‌ മുന്നൊരുക്കമായി കൊടകര ബിആർസിയുടെ നേതൃത്വത്തിലും കന്നാറ്റുപാടം സ്‌‌കൂളിലെ അധ്യാപകർ കോളനികളിലെത്തിയും പ്രത്യേക ക്ലാസുകൾ ഒരുക്കിയിരുന്നു. 
മറ്റത്തൂർ കാരിക്കടവ് കോളനിയിലെ കുട്ടികൾ കന്നാറ്റുപാടം ജിഎച്ച്‌എസ്‌എസിലാണ്‌ പഠിക്കുന്നത്‌. കോളനിയിൽ മൊബൈൽ റേഞ്ച് തീരെ കിട്ടാത്ത സ്ഥലമാണ്. രാത്രി ഇവിടെ ആന ഇറങ്ങുന്നതും പതിവാണ്. കോളനിയിൽ നിന്നും 16 കിലോമീറ്റർ സഞ്ചരിച്ചുവേണം സ്‌കൂളിലെത്താൻ. അഞ്ചു കിലോമീറ്റർ സഞ്ചരിച്ചാൽ മാത്രമേ ബസ് റൂട്ടുള്ള സ്ഥലത്ത് എത്തുകയുള്ളൂ. ലോക്ക്ഡൗണിൽ ബസില്ലാത്തതിനാൽ പരീക്ഷയെഴുതാൻ  എന്തുചെയ്യും എന്ന് വിഷമിക്കുന്ന സമയത്താണ് സർക്കാർ ഇടപെടൽ. പഞ്ചായത്ത്‌ അധികൃതരും ട്രൈബൽ പ്രൊമോട്ടർ രാജേന്ദ്രൻ, പ്രധാനാധ്യാപിക സി സി ഷീല, പിടിഎ ഭാരവാഹികൾ എന്നിവർ ഇടപെട്ട്‌ ഓട്ടോ ഏർപ്പാടാക്കി കുട്ടികളെ പരീക്ഷക്കെത്തിക്കുകയായിരുന്നു.  
‘‘സർക്കാർ പ്രത്യേകം ഇടപെട്ടതുകൊണ്ട്‌ പരീക്ഷയെഴുതാൻ സാധിച്ചു. ഒരായിരം നന്ദി.’’ കാരിക്കടവ്‌ കോളനിയിലെ പ്ലസ്‌ വൺ സയൻസ്‌ വിദ്യാർഥികളായ എം സി അഭിനേഷും ബി ശ്രുതികയും എൻ എ അശ്വതിയും പറഞ്ഞു.   
ആനപ്പാന്തം കോളനിയിലെ ഭൂരിഭാഗം കുട്ടികളും ചാലക്കുടിയിൽ ഹോസ്‌റ്റലിൽനിന്നാണ്‌ പരീക്ഷ എഴുതുന്നത്‌. ഈ കുട്ടികളെ പഞ്ചായത്ത്‌ മെമ്പർ ജോയിയുടെ നേതൃത്വത്തിൽ പ്രത്യേകം വണ്ടി ഏർപ്പാടാക്കിയാണ്‌ പരീക്ഷക്കെത്തിച്ചത്‌. പരീക്ഷ കഴിഞ്ഞാൽ കോളനിയിലേക്ക്‌ തിരിച്ചുകൊണ്ടുവരാനും വണ്ടി ഏർപ്പാടാക്കി. ജില്ലയിലാകെ ഇത്തരത്തിൽ മലയോര മേഖലകളിലും പട്ടികവർഗ കോളനികളിലുമുള്ള കുട്ടികളെ എസ്‌എസ്‌എൽഎസി, പ്ലസ്‌ടു പരീക്ഷക്ക്‌ എത്തിക്കാൻ പ്രത്യേകം സൗകര്യം ഏർപ്പെടുത്തിയിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top