30 May Saturday

വിശപ്പ്‌ മാറ്റി സമൂഹ അടുക്കളകൾ

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020

കോടശേരി പഞ്ചായത്തിലെ സമൂഹ അടുക്കള

ചാലക്കുടി
നാടെങ്ങും വിശപ്പ്‌ മാറ്റി സമൂഹ അടുക്കളകളുടെ പ്രവർത്തനം സജീവം. കോടശേരി പഞ്ചായത്തിലെ രണ്ട് പ്രദേശത്തായി സമൂഹ അടുക്കളകൾ ആരംഭിച്ചു. പത്ത്‌ വാർഡിന്‌ ഒരു കിച്ചൺ എന്ന നിലയിലാണ് ആരംഭിച്ചത്. ഇവ ഹെൽപ്പ് ഡെസ്കുകളായും പ്രവർത്തിക്കും. സിഡിഎസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടുക്കളകൾ പ്രവർത്തിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയും നേതൃത്വവുമായി രംഗത്തുണ്ട്. എല്ലാ വാർഡിലും മെമ്പർമാരുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതികൾ പ്രവർത്തിക്കുന്നു.
 സൗജന്യമായി ആർക്കൊക്കെ ഭക്ഷണമെത്തിക്കണം എന്നതിന് കൃത്യമായി അന്വേഷണം നടത്തി ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. അതിഥിത്തൊഴിലാളി ക്യാമ്പുകളുടെ കണക്കും ശേഖരിച്ചിട്ടുണ്ട്. ഇവർക്ക് താമസം, കുടിവെള്ളം, ഭക്ഷണം എന്നിവ ഉറപ്പാക്കും. ലോക്ക് ഡൗണിന്റെ ഭാഗമായി പ്രയാസം നേരിടുന്ന കുടുംബങ്ങൾ ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ടാൽ സഹായമെത്തിക്കും. പഞ്ചായത്ത് പ്രസിഡന്റ്‌ ഉഷ ശശിധരനും മെമ്പർമാരും സന്നദ്ധ പ്രവർത്തകരും എല്ലാ സഹായങ്ങളുമായി രംഗത്തുണ്ട്. 
സിഡിഎസ് ചെയർപേഴ്സൺ, കുടുംബശ്രീ അംഗങ്ങൾ ഇവരെല്ലാം മുഴുവൻസമയ സന്നദ്ധ സേവകരാണ്. 
ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണമായും പാലിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.
മാള 
പൊയ്യ പഞ്ചായത്തിൽ സമൂഹ അടുക്കള  ആരംഭിച്ചു.  അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ആദ്യ ഭക്ഷണ വിതരണം ആരംഭിച്ചു.
ചാവക്കാട് 
ഗുരുവായൂർ  മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി.  പ്രവർത്തനം വിലയിരുത്തുന്നതിന് ഗുരുവായൂർ നിയമസഭാ മണ്ഡലത്തിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും കെ വി അബ്ദുൾഖാദർ എംഎൽഎയുടെ അധ്യക്ഷതയിൽ  പ്രത്യേക യോഗം ചേർന്നു. ഗുരുവായൂർ, ചാവക്കാട് നഗരസഭയിൽ  തെരുവിൽ കഴിഞ്ഞിരുന്നവരെ  ക്യാമ്പിലേക്ക്‌ മാറ്റി.   ചാവക്കാട് നഗരസഭയുടെ ക്യാമ്പ് മണത്തല ഹയർസെക്കൻഡറി സ്‌കൂളിലാണ്. ഇരൂനൂറോളം പേർക്ക് ഭക്ഷണവും മരുന്നും 
നൽകുന്നുണ്ടെന്ന്‌ നഗരസഭാ ചെയർമാൻ എൻ  കെ അക്ബർ അറിയിച്ചു. 
പുന്നയൂർക്കുളം പഞ്ചായത്തിൽ പുഴിക്കള ​ഗ്രീൻ ലാൻഡ്‌ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമൂഹ അടുക്കളയിൽ  250  പേർക്ക് ഭക്ഷണം നൽകുന്നു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് ഭക്ഷണത്തോടൊപ്പം  പ്രഭാത ഭക്ഷണവും എത്തിക്കുന്നു. 
അറുനൂറ്റമ്പതോളം വരുന്ന അതിഥിത്തൊഴിലാളികൾക്ക്   ഭക്ഷണം ഏർപ്പാടാക്കിയതായി പഞ്ചായത്ത് പ്രസിഡന്റ്‌ എ ഡി ധനീപ്  അറിയിച്ചു. വടക്കേക്കാട്, പുന്നയൂർ, ഒരുമനയൂർ, കടപ്പുറം, ഏങ്ങണ്ടിയൂർ  പഞ്ചായത്തുകളിലും സമൂഹ അടുക്കള പ്രവർത്തിക്കുന്നുണ്ട്.  മറിയു മുസ്തഫ, എ ബുഷറ, പി വി ഉമ്മർകുഞ്ഞി, പി വി മൊയ്നുദ്ദീൻ, ജ്യോതിലാൽ എന്നിവരാണ് ക്യാമ്പുകൾക്ക് നേതൃത്വം നൽക്കുന്നത്‌.
ചേർപ്പ്
ചാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ആരംഭിച്ച സമൂഹ അടുക്കളയിലേയ്ക്ക് പഴുവിൽ സഹ. ബാങ്ക് ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി നൽകി. അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെ 25,000 രൂപയുടെ സാധനങ്ങളാണ് നൽകിയത്. ബാങ്ക് പ്രസിഡന്റ്‌ ടി എൽ 
ജോളിയിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ രാമചന്ദ്രൻ, വിജി ഷൺമുഖൻ എന്നിവർ ഏറ്റുവാങ്ങി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top