30 May Saturday

മനുഷ്യനല്ലേ വലുതെന്നു പറയാൻ ഇവിടെയാരുമില്ല

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 14 വർഷമായി. ശരീര സ്രവങ്ങളിൽക്കൂടിയും പകരാവുന്ന ലാസ്സ ഫീവർ സംശയിച്ച രോഗികളെവരെ പരിപാലിച്ചിട്ടുണ്ട്. 2014ൽ എബോള വന്നപ്പോഴും ആത്മവിശ്വാസം കുറഞ്ഞിട്ടില്ല. കോവിഡ്–- 19  പടർന്നുപിടിക്കുമ്പോൾ അതല്ല സ്ഥിതി. രോഗികളുമായി ഇടപഴകുന്ന  ഡോക്ടർമാരും  നേഴ്‌സുമാരും അടക്കമുള്ള  ആരോഗ്യപ്രവർത്തകർക്ക് ആവശ്യത്തിന് വ്യക്തിഗത സുരക്ഷാ ഉപാധികൾ ( PPE ) പോലും കിട്ടാനില്ല.  ഉപയോഗിച്ച എൻ 95 മാസ്ക് വെയിലത്ത്  ഉണക്കി ഉപയോഗിക്കുന്ന സ്ഥിതിപോലുമുണ്ട്. ന്യൂയോർക്ക്‌ നഗരത്തിൽ ഇനി വളരെ കുറച്ചു ദിവസംകൂടി ഉപയോഗിക്കാനുള്ള മരുന്നുമാത്രമേ ഉള്ളൂ. കൂടുതൽ മാസ്കുകൾ, വെന്റിലേറ്റർ, ഐസിയു ബെഡുകൾ എല്ലാം വേണം.
ഇന്റൻസീവ് കെയർ വരുന്ന മൂന്നാം വിഭാഗത്തിലെ (Tertiary) ഹെൽത്ത് കെയർ രംഗം വളരെ മെച്ചപ്പെട്ടതാണെങ്കിലും പ്രാഥമിക ആരോഗ്യരംഗം ഇവിടെ ശോചനീയമാണ്. കേരളത്തിലെപോലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾമുതൽ  മെഡിക്കൽ കോളേജുകൾവരെ നീളുന്ന ആശുപത്രി ശൃംഖലയില്ല. ഇൻഷുറൻസ് ഉള്ളവർക്ക്  ഇൻഷുറൻസ് ശൃംഖലയിലുള്ള ജനറൽ പ്രാക്ടീഷണർമാരെ അവരുടെ ക്ലിനിക്കുകളിൽ കാണാം. പലർക്കും നല്ല കവറേജുള്ള, കൂടുതൽ  ചെലവുള്ള ഇൻഷുറൻസ് കാണില്ല.  ഉണ്ടെങ്കിൽത്തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ആയാലുള്ള മറ്റ് ചെലവുകൾ, സിക്ക് ലീവ് ഇല്ലെങ്കിൽ ഉണ്ടാകാവുന്ന ജോലി നഷ്ടം, ശമ്പള നഷ്ടം ഇതൊക്കെ പേടിച്ച്‌ പലരും സമയത്തിന്‌ വൈദ്യസഹായം തേടില്ല.
കോവിഡ് ബാധിതരുമായി അടുത്തിടപഴകിയവരെ തേടിപ്പിടിക്കാൻ  കേരളത്തിൽ ചെയ്യുന്നതുപോലെ ഒന്നും ഇവിടെ  ചെയ്തിട്ടേയില്ല. രോഗം പടരുന്നതിന്റെ ആദ്യഘട്ടത്തിൽ നേഴ്‌സുമാർ ഒരു പോസിറ്റീവ് രോഗിയോട് സമ്പർക്കമുണ്ടായാൽ 14 ദിവസം നിരീക്ഷണത്തിൽ പോകണമായിരുന്നു. ഇപ്പോൾ  ഏഴു ദിവസം നിരീക്ഷണത്തിൽ പോകുക, പനി ഇല്ലെങ്കിൽ നെഗറ്റീവ് ടെസ്റ്റ് ഇല്ലാതെതന്നെ തിരിച്ച്‌ ജോലിയിൽ കയറുക എന്നതാാണ് നിർദേശം. വീട്ടിൽ  സമ്പർക്കവിലക്കിൽ കഴിയുന്നവർക്ക് സർക്കാരിന്റെ ഒരു സഹായവുമില്ല.  ആദ്യ ഘട്ടത്തിൽ  വളരെ കുറഞ്ഞ തോതിലായിരുന്നു പരിശോധന. പ്രസിഡന്റ് ട്രംപ് തന്നെ മഹാമാരിയെ വളരെ നിസ്സാരമാക്കി സംസാരിച്ചു. ഇപ്പോൾ ലോക്‌ഡൗൺ ആണ്. ഈസ്റ്റർ ആകുമ്പോഴേക്കും ഇത് പിൻവലിക്കണമെന്ന് ട്രംപും ചില റിപ്പബ്ലിക്കൻമാരും പറഞ്ഞുതുടങ്ങി. വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നാണ്‌ വാദം. ലോക്‌ഡൗൺ പിൻവലിച്ചാൽ സ്ഥിതി വല്ലാതെ  വഷളാകുമെന്ന്‌ ആരോഗ്യ വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതുപോലെ "മനുഷ്യനല്ലേ വലുത്‌, മനുഷ്യൻ ബാക്കിയായാലല്ലേ മറ്റെല്ലാം’ എന്നു പറയുന്ന ഭരണാധികാരി ഇവിടെയുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. എനിക്കും മറ്റ് പല മലയാളികൾക്കുമുള്ള വിഷമം ഒന്നുതന്നെയാണ്; ഞങ്ങൾക്ക് അസുഖം വന്നാൽ താങ്ങാകും എന്നുറപ്പുള്ള ഒരു വ്യവസ്ഥിതി ഇല്ല. 
കേരളത്തിലെ സർക്കാരിനും ജനങ്ങൾക്കും ഈ മഹാമാരിയെ വലിയ നാശനഷ്ടങ്ങൾ ഇല്ലാതെ പിടിച്ചുനിർത്താൻ കഴിയട്ടെ. അതിനായി സമൂഹ അകലവും കൈകഴുകലും സമ്പർക്ക വിലക്കും ഒക്കെ പാലിക്കുക.
പ്രധാന വാർത്തകൾ
 Top