10 December Tuesday

ആഴക്കടലിന്റെ അടിത്തട്ട് വാരി കിളിമീൻ വേട്ട

പി വി ബിമൽകുമാർUpdated: Friday Nov 29, 2024

ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റും പിടിച്ചെടുത്ത കിളിമീൻകുഞ്ഞുങ്ങൾ

കൊടുങ്ങല്ലൂർ
കടലിൽ മത്സ്യസമ്പത്ത് കുറയുമ്പോൾ ആയിരക്കണക്കിന് കിലോ കിളിമീൻ കുഞ്ഞുങ്ങളെ പിടികൂടി മംഗലാപുരത്തെ കമ്പനികളിലേക്ക് കൈമാറുന്നു. സൗന്ദര്യവർധക ഉൽപ്പന്നങ്ങളും, ടൂത്ത് പേസ്റ്റുമുൾപ്പെടെയുള്ളവ നിർമിക്കാനാണ് കിളിമീൻ ഉപയോഗിക്കുന്നത്. ആഴക്കടലിന്റെ അടിത്തട്ട് വരെ അരിച്ച് പെറുക്കുന്ന നിരോധിത പെലാജിക് വലകൾ ഉപയോഗിച്ചാണ് മത്സ്യബന്ധന ബോട്ടുകൾ കിളിമീൻ കുഞ്ഞുങ്ങളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നത്. 
     മംഗലാപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളിലേക്കാണ് മുനമ്പം ഹാർബറിൽ നിന്നും ടൺ കണക്കിന് കിളിമിൻകുഞ്ഞുങ്ങൾ കയറ്റിപ്പോകുന്നത്. ആഗോള താപനമുൾപ്പെടെയുള്ള വിഷയങ്ങളെത്തുടർന്ന്‌ കടലിൽ മത്സ്യസമ്പത്ത് കുറയുമ്പോഴാണ് ചെറുമിനുകളെ കൂട്ടത്തോടെ പിടിച്ചെടുക്കുന്നത്. ഭക്ഷ്യയോഗ്യമായ 58 ഇനം കടൽ മത്സ്യങ്ങളെ നിയമവിധേയമായ വലിപ്പത്തിന് താഴെ പിടിക്കുന്നത് കുറ്റകരമാണെന്ന കേരള സമുദ്ര മത്സ്യബന്ധന നിയമം കാറ്റിൽ പറത്തിയാണ് ടൺ കണക്കിന് ചെറുമീനുകളെ കടലിൽ നിന്ന് കോരിയെടുക്കുന്നത്. കിളിമീൻകുഞ്ഞുങ്ങളെ കരയിലെത്തിച്ചാൽ ഒരു പെട്ടിക്ക്‌  3500 രൂപ മംഗലാപുരത്തെ കമ്പനികൾ നൽകും. മീൻ കയറ്റി കൊണ്ടുപോകാനെന്ന വ്യാജേന കിളിമീൻ കുഞ്ഞുങ്ങൾക്ക് വേണ്ടി കമ്പനികളുടെ വലിയ ലോറികൾ കടലിൽ നിന്ന് ബോട്ടുകൾ കരയിലെത്തുന്നതും കാത്ത് മുനമ്പത്ത് തമ്പടിച്ചിരിക്കുകയാണ്. 
      ഇപ്പോൾ കിളി മീനിന്റെ പ്രജനന കാലമാണ് നാല് മുതൽ അഞ്ച് സെന്റിമീറ്റർ വരെ വലിപ്പമുള്ള കിളിമിൻകുഞ്ഞുങ്ങളെയാണ് പിടിക്കുന്നത്.  കിലോമീറ്ററുകൾ വരുന്ന പെലാജിക്‌ വലകൾ രണ്ടു ബോട്ടുകൾ അപ്പുറവും, ഇപ്പുറവും നിന്നാണ് വലിക്കുന്നത്. ആഴക്കടലിന്റെ അടിത്തട്ട് വരെ ഊറ്റിയെടുക്കുന്ന ഈ മത്സ്യബന്ധനത്തിൽ കിളിമീൻ മാത്രമല്ല കടലാമകൾ ഉൾപ്പെടെ വലയിലകപ്പെടും. എല്ലാ തരം ചെറുമീനുകളും കോരിയെടുക്കപ്പെടും. 
     മത്സ്യ സമ്പത്തിന്റെ വലിയ നാശമാണ് ഫലം. ഇത് തീരക്കടലിൽ മീൻ പിടിക്കുന്ന പരമ്പരാഗത വള്ളങ്ങളേയും ദോഷകരമായി ബാധിക്കുന്നു. ഫിഷറീസും മറൈൻ എൻഫോഴ്സ്മെന്റും കടലിൽ റെയ്ഡ് നടത്തി ചെറുമീനുകളെ പിടിക്കുന്ന ബോട്ടുകൾ പിടിച്ചെടുത്ത് ലക്ഷങ്ങൾ പിഴ ചുമത്തിയിട്ടും നിയമവിരുദ്ധ മീൻ പിടിത്തം തുടരുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top