Deshabhimani

‘ നന്ദി, ചേർത്തു നിർത്തിയതിന് ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 12:51 AM | 0 min read

തൃശൂർ
വർഷങ്ങൾ നീണ്ട കാത്തിരിപ്പായിരുന്നു.. സ്വന്തമായൊരു ഭൂമി, സുരക്ഷിതമായ ജീവിതം.. തന്റെ പ്രായംപോലും വ്യക്തമല്ലാത്ത മണി ജീവിതത്തിൽ ആഗ്രഹിച്ചത്‌ ഇതുമാത്രം. 
"85 അല്ലെങ്കിൽ 90 ഇത്രയെങ്കിലും കാണും പ്രായമിപ്പോൾ.. അതൊന്നും കൃത്യമായിട്ടറിയില്ല. പക്ഷേ, കൈയിൽ കിട്ടിയ രേഖ ഈ ജീവിതത്തിൽ ആകെ നേടിയ സമ്പാദ്യമാണ്‌.  വളർന്നുവന്ന മണ്ണിന്‌ അവകാശമായില്ലേ.  നന്ദി, കൂടെ ചേർത്തുനിർത്തിയ സർക്കാരിന്‌'  ജില്ലയിൽ ശനിയാഴ്‌ച നടന്ന പട്ടയമേളയിൽ ഭൂമി ലഭിച്ച പുഴയ്‌ക്കൽ സ്വദേശി എ കെ മണിയുടെ വാക്കുകൾ. 
പുഴയ്‌ക്കൽ ചെട്ടിക്കുന്ന്‌ അകായിവളപ്പിലെ വീടിരിക്കുന്ന സ്ഥലമാണ്‌ പട്ടയമേളയിലൂടെ ലഭിച്ചത്‌. എട്ട്‌ വർഷം മുമ്പാണ്‌ പട്ടയത്തിനായി മണി അപേക്ഷ നൽകിയത്‌. എന്നാൽ കന്നുകാലികളെ മേയ്‌ക്കുന്ന സ്ഥലമാണെന്ന്‌ കാണിച്ച്‌ പലതവണയായി അപേക്ഷ നിരസിച്ചു. 
ഒരു വർഷം മുമ്പാണ്‌ അപേക്ഷ വീണ്ടും പുതുക്കി നൽകിയത്‌. പുതുക്കിയ ശേഷം താമസമില്ലാതെ പട്ടയം ലഭിച്ച സന്തോഷത്തിലാണ്‌ മണിയും കുടുംബവും. ഏക മകൾ കമലാക്ഷിയോടൊപ്പമാണ്‌ താമസം. 
തൃശൂർ കിള്ളന്നൂർ സ്വദേശി ശാന്തയ്‌ക്കും   ആഹ്ലാദമേറെ."സ്വന്തമായി ഭൂമി ഇല്ലാത്തതിനാൽ മക്കളുടെ വിവാഹം പോലും മുടങ്ങാറുണ്ട്‌ . 
ഇനി ധൈര്യത്തിൽ പറയാല്ലോ ഇത്‌ ഞങ്ങടെ സ്വന്തം ഭൂമിയാണെന്ന്‌.' 76–-ാമത്തെ വയസ്സിൽ ഭൂമിയുടെ അവകാശിയായതിന്റെ  നിറഞ്ഞ ചിരിയുണ്ടായിരുന്നു ശാന്തയുടെ മുഖത്ത്‌.


deshabhimani section

Related News

View More
0 comments
Sort by

Home