09 December Friday
ചൂണ്ടലിൽ ഒരുങ്ങുന്നു നക്ഷത്രവനം

കേച്ചേരി പുഴയോരം പ്രകൃതിമനോഹരമാകും

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

കേച്ചേരി പുഴ സംരക്ഷണത്തിന്റെ ഭാഗമായി
 ചൂണ്ടൽ പഞ്ചായത്ത് ഒരുക്കുന്ന നക്ഷത്ര വനം

തൃശൂർ
നക്ഷത്രവനവുമായി കേച്ചേരി പുഴയോരം ഇനി മനോഹരവും സുരക്ഷിതവുമാകും. പുനർജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായാണ് നക്ഷത്രവനം ഒരുക്കുന്നത്. പാറന്നൂർ ചിറമുതൽ കൂമ്പുഴപാലംവരെയുള്ള ഒരേക്കർ സ്ഥലത്താണ് രണ്ടാംഘട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.  12 സെന്റ് സ്ഥലത്താണ് നക്ഷത്രവനം ഒരുക്കുന്നത്. ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിലുൾപ്പെട്ട പ്രദേശംകൂടിയാണിത്. കാഞ്ഞിരം, നെല്ലി, അത്തി, ഇത്തി, അരയാൽ, ഞാവൽ, കരിങ്ങാലി, അമ്പഴം, കൂവളം, ഇലഞ്ഞി, നീർമരുത് എന്നിങ്ങനെ 20തരം വൃക്ഷത്തൈകളാണ് വച്ചുപിടിപ്പിക്കുന്നത്. ആടലോടകം, കുറുന്തോട്ടി എന്നീ ഔഷധസസ്യങ്ങളുടെ തോട്ടവും തയ്യാറാക്കുന്നുണ്ട്. പലനിറത്തിലുള്ള മുളകളും വച്ചുപിടിപ്പിക്കും. 1860 തൊഴിൽ ദിനങ്ങളിലായി പദ്ധതി പൂർത്തീകരിക്കും. 60 തൊഴിലുറപ്പ് തൊഴിലാളികളാണ് പദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്നത്. ചൂണ്ടൽ പഞ്ചായത്തും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും കേരള കാർഷിക സർവകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയും ചേർന്നാണ്‌ പുനർജനി കേച്ചേരി പുഴസംരക്ഷണം രണ്ടാംഘട്ട പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽനിന്ന്‌ 11 ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിക്കുന്നത്. അഞ്ചുലക്ഷം രൂപ നക്ഷത്രവനം ഒരുക്കുന്നതിനും ആറുലക്ഷം രൂപ കയർഭൂവസ്ത്രം ഒരുക്കുന്നതിനും വിനിയോഗിക്കും.  സ്ഥലത്ത് വെള്ളം കുറയുന്ന മുറയ്ക്ക് കയർഭൂവസ്ത്രം ഒരുക്കുന്ന പ്രവൃത്തി നടപ്പാക്കും. കേരള കാർഷിക സർവകലാശാല കോളേജ് ഓഫ് ഫോറസ്ട്രിയിലെ 29 എൻഎസ്എസ് വിദ്യാർഥികളും പദ്ധതിയുടെ ഭാഗമാകുന്നുണ്ട്.  ശലഭോദ്യാനം നിർമാണം, നടപ്പാത നിർമാണം, ജൈവ വേലി നിർമാണം എന്നിവയാണ് പുനർജനി കേച്ചേരി പുഴ സംരക്ഷണം രണ്ടാംഘട്ട പദ്ധതി വിഭാവനം ചെയ്യുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top