10 August Monday

ഫീസ്‌ പിരിവുമായി സ്വകാര്യ മാനേജ്മെന്റുകള്‍ സ്കൂള്‍ തുറന്നില്ലെങ്കിലും ഫീസ്‌ വേണം

സ്വന്തം ലേഖകന്‍Updated: Monday Jun 29, 2020

തൃശൂർ

കോവിഡ് മഹാമാരിയത്തുടർന്ന് ഈ അധ്യയനവർഷം ഒറ്റദിവസംപോലും സ്‌കൂളുകളിൽ ക്ലാസ് നടക്കാതിരുന്നിട്ടും സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ വൻ തുക ഫീസ് പിരിവ് തുടങ്ങി. സംസ്ഥാന സർക്കാരിന്റെ നിർദേശാനുസരണം സർക്കാർ–- എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും ലളിതമായി സൗജന്യ ഓൺലൈൻ ക്ലാസുകൾ കൃത്യതയോടെ നടക്കുമ്പോഴാണ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ കുട്ടികളിൽനിന്ന് ഫീസ് ഈടാക്കുന്നത്. 
എൽകെജി മുതൽ 12–-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളോടാണ് ഫീസ് അടയ്ക്കാൻ ഓൺലൈൻവഴിയും ഫോൺസന്ദേശംവഴിയും സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. എൽകെജി–- യുകെജി ക്ലാസുകളിലെ കുട്ടികളിൽനിന്ന് ഒരു അധ്യയനവർഷം ശരാശരി 24,000 രൂപയാണ് ഈടാക്കുന്നത്. വിവിധ വിഷയങ്ങളിലായുള്ള പ്ലസ് വൺ–- പ്ലസ്ടു വിദ്യാർഥിയുടെ ശരാശരി ഫീസ് 40,000 രൂപയാണ്. അധ്യാപകർക്ക് ശമ്പളം നൽകാൻ പണമില്ലെന്ന് പറഞ്ഞാണ് ദുരിതകാലത്തെ പണപ്പിരിവ്.  
ലോക്ക്ഡൗൺ കാലത്ത് രണ്ടോ മൂന്നോ മണിക്കൂർ ഓൺലൈൻ പഠനം മാത്രമാണ്  സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും നടക്കുന്നത്. ഇത്തരത്തിൽ ക്ലാസെടുക്കാൻ ഒന്നുമുതൽ 12 വരെ ക്ലാസുകൾക്ക്‌ ശരാശരി 30 അധ്യാപകരുടെ ആവശ്യമേയുള്ളൂ. ഇതു മറച്ചുവച്ചാണ് സ്കൂളിലെ നൂറുകണക്കിന് അധ്യാപകർക്ക് ശമ്പളം നൽകാനെന്നപേരിൽ ഫീസ് അടയ്ക്കാൻ നിർബന്ധിക്കുന്നത്. വാർഷിക ഫീസ് ഒന്നിച്ചടയ്ക്കാൻ കഴിയാത്തവർക്ക് ടേം ഫീസായി അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
ട്യൂഷൻ ഫീസ്, സ്പെഷ്യൽ ഫീസ്, കംപ്യൂട്ടർ ഫീസ്, ലാബ് ഫീസ്, സ്മാർട്ട് ക്ലാസ് ഫീസ് തുടങ്ങിയ പേരുകളിലാണ് പണപ്പിരിവ്. ഇതിൽ ഓൺലൈൻവഴി പഠിപ്പിക്കുന്നതിന് ട്യൂഷ്യൻ ഫീ  നൽകാൻ രക്ഷിതാക്കൾ തയ്യാറാണ്. എന്നാൽ, ലാബ്, കംപ്യൂട്ടർ, സ്മാർട്ട്ക്ലാസ് തുടങ്ങിയവയൊന്നും നടത്താതെയാണ് ഫീസ് ആവശ്യപ്പെടുന്നതെന്ന് തൃശൂരിലെ വൻകിട സ്വകാര്യ സ്കൂൾ വിദ്യാർഥിയുടെ രക്ഷിതാവ് പറഞ്ഞു. 
അധ്യാപകർക്ക് ശമ്പളം നൽകാൻ ഫീസ് പിരിക്കുന്നുവെന്നാണ്‌‌ പറയുന്നതെങ്കിലും സംസ്ഥാനത്തെ മിക്കവാറും സ്കൂളുകളിൽ നിലവിൽ അധ്യാപകർക്ക് പകുതി ശമ്പളമേ നൽകുന്നുള്ളൂ. ചില സ്കൂളുകളിൽ രണ്ടുമാസമായി ശമ്പളം നൽകുന്നുമില്ല. ഇതു മറച്ചുവച്ചാണ് കൊള്ള.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top