07 August Friday

നാടാകെ പരന്ന്‌ റപ്പായിയുടെ ഹരിതസ്വപ്‌നം

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

റപ്പായി കൃഷിയിടത്തിൽ

തൃശൂർ

നാട്ടിൽതന്നെ പച്ചക്കറി സുലഭമാക്കാനുള്ള ശ്രമത്തിലാണ്‌ നാൽപ്പത്തിയാറുകാരനായ സി ഐ റപ്പായി.  20 വർഷം മുമ്പ്‌ ഒരു ഏക്കറിലാണ്‌ പച്ചക്കറി കൃഷി ആരംഭിച്ചത്‌. നിലവിൽ നടത്തറ പഞ്ചായത്തിലെ വിവിധയിടങ്ങളിലായി 20 ഏക്കറിൽ ഒറ്റയ്‌ക്കും കൂട്ടായും കൃഷി ചെയ്യുന്നുണ്ട്‌. പാട്ടത്തിന്‌ എടുത്തതും കൃഷിക്കായി സൗജന്യമായി ലഭിച്ചതുമായ ഭുമിയിലാണ്‌ പടവലം, പാവയ്‌ക്ക, കുമ്പളം, നേന്ത്രക്കായ, പൂവൻകായ, പയർ എന്നിവ വിളയിക്കുന്നത്‌. മുളയം, പൂച്ചെട്ടി, മൂർക്കനിക്കര, പോലൂക്കര, കൊഴുക്കുള്ളി എന്നിവിടങ്ങളിലാണ്‌  പ്രധാന തോട്ടങ്ങൾ. 
രണ്ട്‌ കൃഷിയിടങ്ങളിൽ ടി ഐ ജോണുമായും ഒരിടത്ത്‌ കുടുംബശ്രീക്കാരുമായി സഹകരിക്കുന്നു‌.  കൃഷി ചെയ്യാൻ സൗജന്യമായി തന്ന പൂച്ചെട്ടിയിലെ ഗ്രീൻവാലി ഹൗസിംങ്‌ സൊസൈറ്റിയുടെ പത്ത്‌ ഏക്കർ സ്ഥലത്ത്‌ പാവയ്‌ക്ക, പടവലം, കുമ്പളം, പൂവൻവാഴ എന്നിവ വിളയിക്കുന്നു. 1200 പൂവൻ വാഴ ഇവിടെയുണ്ട്‌. പാട്ടത്തിനെടുത്ത കൊഴുക്കുള്ളിയിലെ ഒരു ഏക്കറിലും കാച്ചേരിയിലെ അര ഏക്കറിലുമായി 1500 നേന്ത്രവാഴയുമുണ്ട്‌.  
2021ലെ ഓണത്തിനായി മൂർക്കനിക്കരയിലെ ഒന്നര ഏക്കറിൽ 1000 സ്വർണമുഖി നേന്ത്രവാഴക്കന്നുകൾ നട്ടിട്ടുണ്ട്. പോലൂക്കരയിലെ ഒന്നര ഏക്കർ സ്ഥലത്ത്‌ കൃഷി  ഭാര്യ സീന അംഗമായ കുടുംബശ്രീ യൂണിറ്റുമായി സഹകരിച്ചാണ്‌. സമീപത്തെ കടകളിലും ഒല്ലൂക്കര ബ്ലോക്കിന്റെ ചേരുംകുഴിയിലുള്ള വിപണന കേന്ദ്രത്തിലും തൃശൂരിലെ മാർക്കറ്റിലും പച്ചക്കറി നൽകുന്നു. പെട്ടെന്നുണ്ടായ ലോക്ക്‌ ഡൗണിനെ തുടർന്ന്‌ 3000കിലോ പടവലം കുറഞ്ഞ വിലയ്‌ക്ക്‌ വിൽക്കേണ്ടിവന്നു. കിലോവിന്‌ 20രൂപ വില ലഭിച്ചിരുന്ന പടവലം മൂന്ന്‌ രൂപക്കാണ്‌‌ അന്ന്‌ വിറ്റത്‌.‌ 
മൂർക്കനികര സർവീസ്‌ സഹ. ബാങ്ക്‌ കുറഞ്ഞ പലിശക്ക്‌ നാലുലക്ഷം രൂപ വായ്‌പ നൽകിയിട്ടുണ്ട്‌. കേരള ബാങ്കിന്റെയും കൃഷി വകുപ്പിന്റെയും സഹായവും ലഭിക്കുന്നു. തരിശു‌ഭൂമി കണ്ടെത്തി കൃഷി ചെയ്യാനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനം   നടപ്പാക്കാനുള്ള ശ്രമവും  ‌സിപിഐ എം ബ്രാഞ്ച്‌ സെക്രട്ടറി കൂടിയായ സി ഐ റപ്പായി നടത്തുന്നു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top