13 July Monday

ജനമൈത്രി പൊലീസിന്റെ ഇടപെടലിൽ ഫാത്തിമയ്‌ക്ക് വീട്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

സി പി മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റ്‌ ഫാത്തിമക്ക്‌ നിർമിച്ച്‌ നൽകിയ വീട്‌

കയ്പമംഗലം

ജനമൈത്രി പൊലീസിന്റെ ഇടപെടലിനെത്തുടർന്ന് ഫാത്തിമയ്‌ക്ക് ഇനി അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങാം. സി പി മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റാണ് വീട് നിർമിച്ചുനൽകിയത്. കയ്പമംഗലം കമ്പനിക്കടവ് കടപ്പുറത്ത് താമസിക്കുന്ന ചക്കാമഠത്തിൽ പരേതനായ അബ്ദുൾ റഹ്‌മാന്റെ ഭാര്യ ഫാത്തിമയ്‌ക്കാണ് 400 ചതുരശ്ര അടിയിൽ അഞ്ച് ലക്ഷം രൂപ ചിലവിട്ട്‌ വീട് നിർമിച്ചത്. രണ്ടു മാസം കൊണ്ടാണ് നിർമാണം പൂർത്തിയാക്കിയത്.
18 വർഷമായി ഫാത്തിമ കമ്പനിക്കടവിലാണ് താമസിക്കുന്നത്. ഭർത്താവ് നാലു വർഷം മുമ്പ് മരിച്ചതോടെയാണ് ഫാത്തിമ തനിച്ചായത്. മഴ പെയ്താൽ ചോർന്നൊലിക്കുന്ന, പ്ലാസ്റ്റിക്‌ ഷീറ്റ്  മേഞ്ഞ കൂരയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. ജനമൈത്രി ബീറ്റിന്റെ ഭാഗമായി വീട് സന്ദർശനത്തിനിടെയാണ് വീട് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഫാത്തിമയുടെ വിഷമം മനസ്സിലാക്കിയ ജനമൈത്രി പൊലീസ് സി പി മുഹമ്മദ് മെമ്മോറിയൽ ട്രസ്റ്റിനെ അറിയിക്കുകയും വീട് നിർമിക്കാൻ അവർ തയ്യാറാവുകയുമായിരുന്നു. 
വീടിന്റെ താക്കോൽദാനം ബെന്നി ബെഹനാൻ എംപി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേഷ് ബാബു, എസ്ഐ കെ എസ് സുബിന്ദ്, എഎസ്ഐ അബ്ദുൾ സലാം തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top