13 July Monday
വിജിലൻസ് അന്വേഷണത്തിന്‌ നഗരസഭാ തീരുമാനം

തച്ചുടപ്പറമ്പ് പാടത്തെ റോഡ് നിർമാണം അനധികൃതം -

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

ചാലക്കുടി

തച്ചുടപ്പറമ്പ് പാടശേഖരത്തിലെ ഇരട്ടക്കുളം നവീകരണത്തിന്റെ മറവിൽ തണ്ണീർത്തടം നികത്തി റോഡ് നിർമിക്കാനുള്ള നീക്കം അനധികൃതവും ചട്ടവിരുദ്ധവുമാണെന്ന് നഗരസഭാ കൗൺസിൽ യോഗം വിലയിരുത്തി. കൗൺസിലർ ഷിബു വാലപ്പിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പാടശേഖരത്തിനു നടുവിലൂടെ റോഡ് നിർമാണം നടന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധമാണ് ഉയർന്നത്. 
പാടശേഖരം ചെറിയ വിലയ്‌ക്ക് വാങ്ങി നികത്തിയ ശേഷം വൻ വിലക്ക് വിൽക്കുന്ന ഭൂമാഫിയകൾക്കു വേണ്ടിയാണ് തണ്ണീർത്തടം നികത്തി റോഡ് നിർമിക്കുന്നതെന്ന വിമർശനമാണ് ഉയർന്നത്. ഇതിന് ചില ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ടെന്നും ആരോപണമുണ്ട്‌. തണ്ണീർത്തടം നികത്തുന്നത് തടഞ്ഞവർക്കെതിരെ ചെയർപേഴ്സണോട് ആലോചിക്കാതെ കേസെടുപ്പിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ ചേർന്ന കൗൺസിൽ യോഗമാണ് നിർമാണം ചട്ടവിരുദ്ധമാണെന്ന് വിലയിരുത്തിയത്. അനധികൃത നിർമാണം പൊളിച്ചുനീക്കി തണ്ണീർത്തടം പൂർവസ്ഥിതിയിലാക്കാനും നിർമാണത്തിലെ അപാകം സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്താനും യോഗം തീരുമാനിച്ചു. അനധികൃത നിർമാണത്തിനെതിരെ സമരം ചെയ്തവർക്കെതിരെ സെക്രട്ടറി കൊടുത്ത കേസ് പിൻവലിക്കും. 
കോൺഗ്രസ്‌ കൗൺസിലർമാരുടെ എതിർപ്പിനെ മറികടന്ന് ഭൂരിപക്ഷ തീരുമാനപ്രകാരം എടുത്ത കൗൺസിൽ തീരുമാനത്തിനെതിരെ ആരോപണവിധേയനായ കൗൺസിലർ നിരാഹാര സമരം പ്രഖ്യാപിച്ചു.
പ്രധാന വാർത്തകൾ
 Top