Deshabhimani

തൊലിപ്പുറത്ത് മരുന്ന് പുരട്ടിയിട്ട് കാര്യമില്ല

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 28, 2024, 12:28 AM | 0 min read

തൃശൂർ
ചേലക്കര ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നു. സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച്‌ മുൻ എംഎൽഎയും മുതിർന്ന നേതാവുമായ തേറമ്പിൽ രാമകൃഷ്ണൻ രംഗത്ത്‌. പാർലമെന്റ്‌ തെരഞ്ഞെടുപ്പിലെ തോൽവിക്ക്‌ പിന്നാലെ ജില്ലയിലെ കോൺഗ്രസിൽ ആരംഭിച്ച ഏറ്റുമുട്ടൽ അടുത്ത ഘട്ടത്തിലേക്ക്‌ പോകുന്നതിന്റെ സൂചനയാണ്‌ തേറമ്പിലിന്റെ തുറന്നുപറച്ചിൽ. രമ്യ ഹരിദാസിനെ മത്സരിപ്പിച്ചതിൽ തുടങ്ങിയ അമർഷം തോൽവിക്ക്‌ പിന്നാലെ ശക്തമാകുന്നതിനിടയിലാണ്‌ തേറമ്പിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവന്നത്‌.
എല്ലാ കാര്യങ്ങളും തക്ക സമയത്ത്‌ ചെയ്യാനാകുന്ന പ്രാദേശിക നേതൃത്വത്തിന്റെ ഇടപെടലുകൾ ഉണ്ടാകാതെ വന്നത് തിരിച്ചടിയായി.  കെപിസിസിയും പ്രതിപക്ഷ നേതാവും വി കെ ശ്രീകണ്ഠനും എത്ര ശ്രമിച്ചാലും ചേലക്കരയിലെ താഴെത്തട്ടിലെ പ്രവർത്തകരുടെയും ജനങ്ങളുടെയും മനസ്സ്‌ വായിച്ചറിയാൻ പറ്റില്ലെന്നും തേറമ്പിൽ പറഞ്ഞു.
 പ്രാദേശികമായ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ   ഫലപ്രദമായ സംവിധാനമുണ്ടായില്ല. ഫലം കിട്ടാൻ  തൊലിപ്പുറത്ത് മരുന്ന് പുരട്ടിയിട്ട് കാര്യമില്ല, രോഗം എന്താണെന്ന് മനസ്സിലാക്കണം എന്നിട്ട് വേണം ചികിത്സിക്കാൻ. പ്രശ്‌നങ്ങളും തർക്കങ്ങളും അവസാനിപ്പിക്കാൻ വേണ്ട വിധത്തിലുള്ള ഇടപെടലുണ്ടായില്ല.
എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ് ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലം. ജയിക്കുമ്പോൾ ക്രെഡിറ്റ്‌ എടുക്കാൻ എല്ലാവരും ഉണ്ടാകും. തോൽക്കുമ്പോൾ ആരുമുണ്ടാകില്ല. എല്ലാവരെയും നിരാശപ്പെടുത്തുന്നതാണ്‌ ഫലം. ബന്ധപ്പെട്ടവർ അത്‌ മനസ്സിലാക്കി, പാഠം പഠിച്ച്‌ മുന്നോട്ട്‌ പോകണം. ഓരോ തെരഞ്ഞെടുപ്പും ഓരോ പാഠമാണ്. എല്ലാവരും പരിശോധിക്കുമെന്ന്‌ പറയും, പക്ഷെ കുറേ കഴിഞ്ഞാൽ പരിശോധന ഉണ്ടാകില്ല. പരിശോധിച്ചാൽ തന്നെ നടപടിയുണ്ടാകില്ലെന്നും തേറമ്പിൽ രാമകൃഷ്ണൻ പറഞ്ഞു.


deshabhimani section

Related News

0 comments
Sort by

Home