28 November Saturday
വടക്കാഞ്ചേരിയിൽ 9 കേന്ദ്രത്തില്‍

എല്‍ഡിഎഫ് പ്രതിഷേധ സംഗമം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020

 

തൃശൂർ
പാവപ്പെട്ട ഭവനരഹിതർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതി അട്ടിമറിക്കുന്ന കോൺഗ്രസ്–- ബിജെപി കൂട്ടുകെട്ട് തുറന്നുകാട്ടി എൽഡിഎഫ് നേതൃത്വത്തിൽ വടക്കാഞ്ചേരി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കേന്ദ്രങ്ങളിലും ബുധനാഴ്‌ച പ്രതിഷേധസംഗമം നടത്തും. കേരളത്തിലെ ജനങ്ങളുടെ വീടെന്ന സ്വപ്നം തല്ലിക്കെടുത്താൻ ഒറ്റുകാരന്റെ വേഷം കെട്ടിയ വടക്കാഞ്ചേരി എംഎൽഎക്ക് മാപ്പില്ല. ലൈഫ് മിഷനെ തകർക്കാനുള്ള കോൺഗ്രസ്–- ബിജെപി ഗൂഢാലോചനയ്ക്കെതിരെ അണിനിരക്കുക എന്ന ആഹ്വാനവുമായാണ് പ്രതിഷേധസംഗമം. 
വൈകിട്ട് അഞ്ചിന് എൽഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം കമ്മിറ്റിക്കു കീഴിലെ ഒമ്പത്‌ പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് പ്രതിഷേധസംഗമം. വടക്കാഞ്ചേരിയിൽ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസും  അത്താണിയിൽ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജും ഉദ്ഘാടനം ചെയ്യും. തോളൂരിൽ മുരളി പെരുനെല്ലി എംഎൽഎ, കൊട്ടേക്കാട് എൽജെഡി ജില്ലാ പ്രസിഡന്റ് യൂജിൻ മൊറേലി, മുളങ്കുന്നത്തുകാവിൽ എൽഡിഎഫ് വടക്കാഞ്ചേരി നിയോജകമണ്ഡലം കൺവീനർ സേവ്യർ ചിറ്റിലപ്പിള്ളി, മുണ്ടൂരിൽ കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, തെക്കുംകരയിൽ ജനതാദൾ എസ് ജില്ലാ പ്രസിഡന്റ് പി ടി അഷറഫ്, അവണൂരിൽ കോൺഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി ആർ വത്സൻ എന്നിവർ പങ്കെടുക്കും. 
മറ്റു കേന്ദ്രങ്ങളിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ പങ്കെടുക്കും.  സമരത്തിൽ മഴുവൻ ജനാധിപത്യ വിശ്വാസികളും അണിനിരക്കണമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി വടക്കാഞ്ചേരി നിയോജകമണ്ഡലം കൺവീനർ സേവ്യർ ചിറ്റിലപ്പിള്ളി അഭ്യർഥിച്ചു.
കേരളത്തിൽ 2.30 ലക്ഷം കുടുംബങ്ങൾക്ക് ലൈഫ് പദ്ധതിയിലൂടെ സർക്കാർ വീട് ഒരുക്കിനൽകിക്കഴിഞ്ഞു. 
കേന്ദ്ര–- സംസ്ഥാന സർക്കാർ ഫണ്ടുകളോടൊപ്പം, സന്നദ്ധ സംഘടനകളിൽനിന്നും ഉദാര മനസ്കരിൽനിന്നുമുള്ള പണം ഉപയോഗിച്ച് ലൈഫ്പദ്ധതി വിജയകരമായി മുന്നേറുന്നതിനിടെയാണ് അനിൽ അക്കര എംഎൽഎയും ചില ബിജെപി–- കോൺഗ്രസ് സ്ഥാപിത താൽപ്പര്യക്കാരും രാഷ്ട്രീയ ലക്ഷ്യംവച്ച് വീടില്ലാതാക്കാൻ ഗൂഢനീക്കം നടത്തുന്നത്. സിബിഐ അന്വേഷണവും കേസും വന്നതോടെ വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്റെ കരാറുകാരൻ നിർമാണം നിർത്തിയിരിക്കുകയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top