06 December Sunday
സംസ്ഥാനത്ത് ആദ്യം

ജില്ലാ വികസന സമിതി യോഗം ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 28, 2020
തൃശൂർ
ഏനാമാവ് ബണ്ട് ജനപ്രതിനിധികളുമായി കൂടിയാലോചിച്ച് സുരക്ഷ ഉറപ്പുവരുത്തി മാത്രമേ പൊളിക്കുകയുള്ളൂവെന്ന്‌ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. തൽക്കാലം ബണ്ട് പൊളിക്കില്ല. ഏനാമാവ് ബണ്ടിന്റെ ഷട്ടറുകൾ തുറക്കുന്നതിന് ട്രയൽ റൺ നടത്തി പ്രവർത്തനം ഉറപ്പുവരുത്തിയതായി എൻജിനിയറിങ്‌ വിഭാഗം അറിയിച്ചു. സംസ്ഥാനത്താദ്യമാണ്‌ വീഡിയോ കോൺഫറൻസിലൂടെ  ജില്ലാ വികസന സമിതി യോഗം നടന്നത്‌.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് സന്നദ്ധപ്രവർത്തകരുടെ കുറവ് അനുഭവപ്പെടുന്നുണ്ട്‌. തദ്ദേശ സയംഭരണ സ്ഥാപനങ്ങൾ കൂടുതൽ സന്നദ്ധ പ്രവർത്തകർക്ക് പരിശീലനം നൽകണം. കോവിഡിനൊപ്പം ഡെങ്കിപ്പനി പ്രതിരോധത്തിലും വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും ജാഗ്രത പുലർത്തണം. 
ലൈഫ് പദ്ധതിയിൽ ഉൾപ്പെടാത്ത പട്ടികവർഗക്കാരെ കണ്ടെത്താനുള്ള സർവേ ജൂൺ 30നകം പൂർത്തിയാക്കി വിവരങ്ങൾ അപ്‌‌ലോഡ് ചെയ്യണം. 
വനാവകാശ പട്ടയ വിതരണത്തിനായി വനം,- റവന്യൂ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയ 2400 പട്ടയ അപേക്ഷകൾ വരുന്നയാഴ്ച കേന്ദ്രാനുമതിക്ക് അയക്കും. സംസ്ഥാന ദുരന്തനിവാരണ ഫണ്ടിൽനിന്ന് കടലാക്രമണം നേരിടാനായി രണ്ട് കോടി രൂപ അനുവദിച്ചതായി കലക്ടർ അറിയിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പ്രവാസികൾ മടങ്ങിയെത്തിയ രണ്ടാമത്തെ ജില്ല തൃശൂരാണെന്ന് കലക്ടർ അറിയിച്ചു. ഇനിയുമേറെ പേർ മടങ്ങിയെത്താനായി ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ നിലവിൽ 393 പേർ സ്ഥാപന ക്വാറന്റൈനിൽ ഉണ്ട്. 490 രൂപ മുതൽ പെയ്ഡ് ക്വാറന്റൈൻ സൗകര്യം ലഭ്യമാണ്. കോവിഡ് പ്രതിരോധത്തിന് ഓരോ താലൂക്കിനും ഒരു ഓഫീസറെ ചുമതലയേൽപ്പിക്കും. ജില്ലയിലെ ഓഫീസുകൾ പരാതികൾ ഓൺലൈനായി തീർക്കാൻ ശ്രമിക്കണമെന്നും ഒരു കാരണവശാലും അടച്ചിടരുതെന്നും കലക്ടർ നിർദേശിച്ചു. 
യോഗത്തിൽ  കലക്ടർ എസ് ഷാനവാസ് അധ്യക്ഷനായി. മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, ഗവ. ചീഫ് വിപ്പ് അഡ്വ. കെ രാജൻ, എംഎൽഎമാരായ ബി ഡി ദേവസി, ഇ ടി ടൈസൺ, വി ആർ സുനിൽകുമാർ, കെ വി അബ്ദുൾഖാദർ, മുരളി പെരുനെല്ലി, യു ആർ പ്രദീപ്‌ എന്നിവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top