തൃശൂർ
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ' എന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു. 2022–--23 സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം സംരംഭം ആരംഭിക്കുന്നതിനുള്ള ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ കൈഡപപുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
മെയ്, ജൂൺ മാസങ്ങളിലായി സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന ശിൽപ്പശാലയോടെയാണ് "ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ'പദ്ധതിയുടെ ജില്ലാതല പരിപാടികൾക്ക് തുടക്കമായത്. ഇതിലൂടെ സംരംഭകരാകാൻ താൽപ്പര്യമുള്ളവർക്ക് പൊതുബോധവൽക്കരണം നൽകും. ആദ്യഘട്ടമായ ബോധവൽക്കരണത്തിനുശേഷം ലൈസൻസ് / ലോൺ/ സബ്സിഡി മേളകൾ ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. പൊതുബോധവൽക്കരണത്തിൽ പങ്കെടുത്തവരിൽനിന്നും സംരംഭം തുടങ്ങാനുള്ള തീരുമാനവുമായി മുന്നോട്ട് വരുന്നവർക്കായാണ് ഇത് സംഘടിപ്പിക്കുന്നത്. ഈ പരിപാടികൾക്ക് തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വവും വ്യവസായ വകുപ്പ് ഏകോപനവും നടത്തും. ഏപ്രിൽ ഒന്നു മുതൽ 2023 മാർച്ച് 31 വരെയുള്ള കാലയളവിൽ ഒരു ലക്ഷം സംരംഭം എന്ന ലക്ഷ്യം നിറവേറ്റുകയാണ് ഉദ്ദേശ്യം.
ഇതിനായി ജില്ലാടിസ്ഥാനത്തിൽ ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. കലക്ടർ ഹരിത വി കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ എസ് കൃപകുമാർ, എംഎസ്എംഇ ഡിഐജി എസ് പ്രകാശ്, പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ ബെന്നി ജോസഫ്, ജില്ലാ പ്ലാനിങ് ഓഫീസർ എൻ ശ്രീലത, ലീഡ് ബാങ്ക് ജില്ലാ മാനേജർ എസ് മോഹന ചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..