16 July Thursday

കോവിഡിനൊപ്പം മറ്റു ‘വില്ലൻ’മാരും; ജാഗ്രത വേണം

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

തൃശൂർ

കോവിഡ് വ്യാപനത്തിന്റെ ആശങ്കകൾ നിലനിൽക്കുമ്പോഴും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾക്കെതിരെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ ജെ റീന അറിയിച്ചു. വേനൽ മഴയ്ക്ക് ശേഷം കൊതുകു സാന്ദ്രത വർധിച്ചതിനാൽ ഡെങ്കിപ്പനി വ്യാപകമാകുന്നുണ്ട്‌. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണിത്‌ പകരുന്നത്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ തേടണം. 
കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. കൊതുകുമൂലമുള്ള പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ജില്ലാമെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടക്കുന്നുണ്ട്‌. എലിപ്പനി കൃത്യസമയത്ത്ചികിത്സിച്ചില്ലെങ്കിൽ പെട്ടെന്ന് മാരകമാകാം. പ്രധാനമായും എലിമൂത്രം കലർന്ന ജലം, മണ്ണ്, മാലിന്യങ്ങൾ, ഭക്ഷണപദാർഥങ്ങൾ, മറ്റു വസ്തുക്കൾ എന്നിവയിൽക്കൂടിയുള്ള സമ്പർക്കത്തിലൂടെ ബാക്ടീരിയ മുറിവുകളിലൂടെയോ കണ്ണുകളിലൂടെയോ ശരീരത്തിൽ പ്രവേശിച്ചാണ് എലിപ്പനി പകരുന്നത്. മാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കുകയാണ് നല്ല പ്രതിരോധം. 
ഉറവിട നശീകരണ പ്രവർത്തനങ്ങൾ, പ്ലാന്റേഷൻ മേഖലകളിലെ പ്രത്യേക ക്യാമ്പയിൻ, എല്ലാ സ്ഥാപനങ്ങളിലെയും ഡ്രൈ ഡേ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശന ബോധവൽക്കരണം, ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ തുടങ്ങി വിവിധ പ്രവർത്തനങ്ങളും നടക്കുകയാണ്. ആരോഗ്യസേന രൂപീകരിച്ച്‌ വാർഡുതലങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൂടെ സഹകരണത്തോടെ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ വിപുലമായി നടത്തുന്നുണ്ട്. വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ചകളിൽ പൊതുസ്ഥാപനങ്ങളിലും ഞായറാഴ്‌ചകളിൽ വീടുകളിലും ഡ്രൈഡേ ആചരിച്ച്‌ ഓരോരുത്തരും പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണം. പകർച്ചവ്യാധികൾ തടയാനുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണ സഹകരണം വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top