08 July Wednesday
പ്ലസ് വൺ,- പ്ലസ് ടു പരീക്ഷകൾ തുടങ്ങി

ആശങ്കയലിഞ്ഞു പരീക്ഷച്ചൂടിൽ

ജോർജ്‌ ജോൺUpdated: Thursday May 28, 2020

തൃശൂർ ഗവ. മോഡൽ എച്ച്‌എസ്‌എസിൽ പ്ലസ്‌ ടു പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർഥികൾക്ക്‌ സാനിറ്റൈസർ നൽകുന്നു

തൃശൂർ

കോവിഡിന്‌ മുന്നിൽ കീഴടങ്ങാതെ അവർ പരീക്ഷയെഴുതി. ചെറിയ ആശങ്കയോടെയാണ്‌ പല വിദ്യാർഥികളും ഹയർസെക്കൻഡറി പരീക്ഷയ്‌ക്ക്‌ സ്കൂളിലെത്തിയത്‌. എന്നാൽ പരീക്ഷ കഴിഞ്ഞ്‌ കൂടുതൽ  ആത്മവിശ്വാസത്തോടെയാണ്‌‌ മടങ്ങിയത്‌. ഓരോ സ്കൂളിലും വൻ സൗകര്യങ്ങളാണ്‌ സ്കൂൾ അധികൃതർ ഒരുക്കിയിരുന്നത്‌. കോവിഡ് 19 പശ്ചാത്തലത്തിൽ നീട്ടിവച്ച പ്ലസ് വൺ,- പ്ലസ് ടു പരീക്ഷകൾ ബുധനാഴ്ചയാണ്‌ പുനരാരംഭിച്ചത്‌. കർശന സുരക്ഷാ മുൻകരുതലുകളോടെ നടന്ന പരീക്ഷയിൽ ജില്ലയിൽ 69,000 വിദ്യാർഥികൾ പരീക്ഷയെഴുതി. 
രാവിലെ പത്തിനാണ്‌ പരീക്ഷ ആരംഭിച്ചത്. വിദ്യാർഥികൾ 9.30നുതന്നെ ക്ലാസ് മുറികളിൽ ഹാജരായി. ആദ്യദിനമായ ബുധനാഴ്ച പ്ലസ് വൺ വിഭാഗത്തിൽ മ്യൂസിക്, അക്കൗണ്ടൻസി, ജോഗ്രഫി, സോഷ്യൽ വർക്ക്, സംസ്‌കൃത സാഹിത്യം എന്നിങ്ങനെയും പ്ലസ്ടു വിഭാഗത്തിൽ ബയോളജി, ജിയോളജി, സംസ്‌കൃത സാഹിത്യം, ഇലക്ട്രോണിക്‌സ്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്‌സ്, പാർട്ട് മൂന്ന് ലാംഗ്വേജസ് എന്നീ വിഷയങ്ങളിലാണ് പരീക്ഷ നടന്നത്‌. 199 കേന്ദ്രങ്ങളിലാണ് ഹയർസെക്കൻഡറി പരീക്ഷ നടന്നത്. കോവിഡ് മാനദണ്ഡം പാലിച്ചാണ് ഓരോ കേന്ദ്രവും ക്രമീകരിച്ചിരുന്നത്. കർശന നിയന്ത്രണങ്ങളുടെ ഭാഗമായി പൊലീസിന്റേയും ആരോഗ്യ പ്രവർത്തകരുടേയും സാന്നിധ്യവും വിദ്യാർഥികൾക്ക്‌ ആദ്യാനുഭവമായി‌. സ്കൂളുകളിലേക്ക് ഒരു പ്രവേശനമാർഗം മാത്രമാണ്‌ ഒരുക്കിയിരുന്നത്‌. പ്രവേശിച്ച ഉടൻ സാനിറ്റൈസർ നൽകി കൈകൾ അണുവിമുക്തമാക്കി. അകലം പാലിച്ച്‌ വരാന്തയിൽ വരി നിർത്തി. തെർമൽ സ്‌കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ചു. മാസ്‌കും പരീക്ഷാ ഹാളിൽ പാലിക്കേണ്ട നിബന്ധനകളും അടങ്ങിയ ലഘുലേഖയും നൽകിയാണ്‌ ഹാളിലെത്തിച്ചത്‌. എല്ലാവരേയും സമയത്തിന്‌ മുമ്പുതന്നെ പരീക്ഷാ ഹാളിൽ പ്രവേശിപ്പിച്ചു. പരീക്ഷ ആരംഭിച്ചതിനാൽ കെഎസ്ആർടിസി ബസുകളും ജില്ലയിൽ കൂടുതലായി സർവീസ് നടത്തുന്നുണ്ട്. 
ഉച്ചക്കുശേഷം എസ്‌എസ്‌എൽസി പരീക്ഷ രണ്ടാം ദിവസവും സുഗമമായി നടന്നു. എസ്‌എസ്‌എൽസി  വ്യാഴാഴ്ച സമാപിക്കും. ഹയർസെക്കൻഡറി പരീക്ഷകൾ ശനിയാഴ്ചയാണ്‌ അവസാനിക്കുക.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top