പാവറട്ടി
പാടൂർ അലിമുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലും ഹയർ സെക്കൻഡറി അധ്യാപകനുമായ കെ വി ഫൈസലിനെതിരെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ചമച്ചതിന് പാവറട്ടി പൊലീസ് കേസെടുത്തു. അന്വേഷണവിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇയാളെ സസ്പെൻഡ് ചെയ്തു.
ഇയാളുടെ കൈവശമുള്ള ബിരുദം, ബിരുദാനന്തര ബിരുദം, ബിഎഡ് സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന പരാതി ലഭിച്ചതിനെത്തുടർന്ന് വകുപ്പ് തലത്തിൽ അന്വേഷണം നടത്തി. ഇവ വ്യാജമായി നിർമിച്ചവയാണെന്നു കണ്ടെത്തിയതായി എറണാകുളത്തുള്ള ഹയർ സെക്കൻഡറി ഉപമേധാവി രേഖാമൂലം പാവറട്ടി പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ഫൈസലിന്റെ സർട്ടിഫിക്കറ്റുകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിനായി മൈസൂർ, ബംഗളൂരു യൂണിവേഴ്സിറ്റികളിൽ അന്വേഷണം നടത്തിയിരുന്നു. ഇവിടെനിന്നും കിട്ടിയ വിവര പ്രകാരം ബിരുദ സർട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കുന്നതിനായി അസൽ മാർക്ക് കാർഡും സർട്ടിഫിക്കറ്റും മൈസൂർ യൂണിവേഴ്സിറ്റിക്കും ബിരുദാനന്തര ബിരുദം, ബി.എഡ് സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ബാംഗ്ലൂർ യൂണിവേഴ്സിറ്റിക്കും നൽകി. ഫൈസലിന്റെ സർട്ടിഫിക്കറ്റും മാർക്ക് കാർഡും വ്യാജമാണെന്നും ഇവ തങ്ങൾ നൽകിയതല്ലെന്നും മൈസൂർ യൂണിവേഴ്സിറ്റിയിൽനിന്നും രേഖാമൂലം ലഭിച്ച കത്തുകൾ സഹിതമുള്ള ഹയർ സെക്കൻഡറി മേധാവിയുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിട്ടുള്ളത്.
വിശദമായ അന്വേഷണം നടക്കുകയാണെന്നും അന്വേഷണം പൂർത്തിയാകുന്ന മുറയ്‌ക്ക് കൂടുതൽ നടപടികളിലേക്ക് നീങ്ങുമെന്നും പാവറട്ടി എസ് എച്ച് ഒ എം കെ രമേഷ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..