26 January Wednesday
എന്‍ജിന്‍ തകരാറായി

വഞ്ചി കടലില്‍ കുടുങ്ങി; തൊഴിലാളികളെ രക്ഷിച്ച് തീരദേശ പൊലീസ്

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
 
ചാവക്കാട് 
മീൻ പിടിക്കാൻ പോയി വഞ്ചിയുടെ  എന്‍ജിന്‍ തകരാറിനെത്തുടർന്ന്  കടലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച് തീരദേശ പൊലീസ്.  വ്യാഴാഴ്ച വൈകിട്ട് ചേറ്റുവ ഹാര്‍ബറില്‍നിന്ന് മീൻ പിടിക്കാൻ  പോയ   ഫൈബര്‍ വഞ്ചിയിലെ മൂന്ന് തൊഴിലാളികളാണ് കടലില്‍ കുടുങ്ങിയത്. രാത്രി 10.45-ന് ചേറ്റുവ അഴിമുഖത്തുനിന്ന് ഏകദേശം ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടം .വിവരമറിഞ്ഞ മുനയ്ക്കക്കടവ്   തീരദേശ പൊലീസ് ബോട്ടില്‍ തൊഴിലാളികളെ രക്ഷിക്കാന്‍ അപകടസ്ഥലത്തേക്കു കുതിച്ചു. 
ഫോണില്‍ ബന്ധപ്പെടാന്‍ കഴിയാതിരുന്നത് കാരണം വഞ്ചി കണ്ടെത്താന്‍   പ്രയാസം നേരിട്ടു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ പുലര്‍ച്ചെ നാലോടെ വലപ്പാട് തീരത്തിന് പടിഞ്ഞാറ്  ഏകദേശം ഒമ്പത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് വഞ്ചി കണ്ടെത്തിയത്. വഞ്ചി ബോട്ടില്‍ ബന്ധിപ്പിച്ച് മത്സ്യത്തൊഴിലാളികളെയും കയറ്റി സുരക്ഷിതമായി ചേറ്റുവ ഹാര്‍ബറില്‍ എത്തിച്ചു. 
കുണ്ടലിയൂര്‍ സ്വദേശികളായ ഒതനാച്ചന്‍ മണികണ്ഠന്‍, ചെമ്പന്‍ വിനയന്‍, ചെമ്പന്‍ ശിവദാസന്‍ എന്നിവരായിരുന്നു വഞ്ചിയിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍. എഎസ്ഐ ഐ ബി സജീവ്, സിപിഒ സി ജെ ജയദേവ്, സ്രാങ്ക് കെ അഗിന്‍, ലസ്‌കര്‍ സി സതീശന്‍ എന്നിവരും തൊഴിലാളികളെ രക്ഷിച്ച  സംഘത്തിലുണ്ടായിരുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top