31 October Saturday

മണപ്പുറം ഫിനാൻസ്‌ പണിമുടക്ക്‌ രണ്ടാം ദിവസവും പൂർണം

വെബ് ഡെസ്‌ക്‌Updated: Sunday Sep 27, 2020

 

തൃശൂർ
നോൺ ബാങ്കിങ്‌ ആൻഡ്‌  പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷ(സിഐടിയു)ന്റെ നേതൃത്വത്തിൽ മണപ്പുറം ഫിനാൻസ് ജീവനക്കാർ നടത്തിയ 48 മണിക്കൂർ പണിമുടക്ക് രണ്ടാം ദിവസവും പരിപൂർണം. കോടതി ഉത്തരവു നേടി പൊലീസിനെ ഉപയോഗിച്ച് സമരം പൊളിക്കാനുള്ള മാനേജ്‌മെന്റ്‌ ശ്രമം പരാജയപ്പെട്ടു. 
ജില്ലയിലെ 85 ശാഖകളിലും പണിമുടക്ക്‌ പൂർണമായിരുന്നു. 
സമരസഹായ സമിതിയുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ശാഖാ  പരിസരത്ത് പ്രകടനവും പൊതുയോഗവും നടത്തി. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ എ സിയാവുദ്ദീൻ  ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡന്റ് മുസ്താഖ്‌ അലി അധ്യക്ഷനായി. യൂണിയൻ ജനറൽ സെക്രട്ടറി സി സി രതീഷ് സംസാരിച്ചു. എ എസ് സിദ്ധാർഥൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എ പി ജയൻ നന്ദിയും പറഞ്ഞു. തൃശൂർ റീജണൽ ഓഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം  കെ വി ഹരിദാസും ഇരിങ്ങാലക്കുടയിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ലത ചന്ദ്രനും വലപ്പാട് ഹെഡ് ഓഫീസിനു മുന്നിൽ സിഐടിയു നാട്ടിക ഏരിയ പ്രസിഡന്റ്‌ പി എ രാമദാസും ഉദ്‌ഘാടനം ചെയ്‌തു. മണലൂർ, കുന്നംകുളം, ഒരുമനയൂർ, ചേർപ്പ്, വാടാനപ്പള്ളി, ഗുരുവായൂർ, എങ്ങണ്ടിയൂർ, പുന്നയൂർക്കുളം, തൃശൂർ ശക്തൻ സ്റ്റാൻഡ്‌ തുടങ്ങിയ കേന്ദ്രങ്ങളിലും പ്രതിഷേധയോഗങ്ങൾ നടന്നു.  
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, അന്യായമായ സ്ഥലം മാറ്റങ്ങൾ റദ്ദ് ചെയ്യുക, മിനിമം വേതനം നടപ്പാക്കുക, അനധികൃതമായി ശമ്പളം വെട്ടിക്കുറയ്‌ക്കുന്ന നടപടി അവസാനിപ്പിക്കുക, പ്രസവാവധി, ഇഎസ്‌ഐ ലീവ് അനുവദിക്കുക, തൊഴിൽ നിയമ വ്യവസ്ഥകൾ പാലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു  സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top