26 September Sunday
ചാലക്കുടി നഗരസഭയിൽ വാക്‌സിന്‍ വിതരണത്തിൽ അപാകം

യോഗത്തില്‍നിന്ന്‌ കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോയി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 27, 2021
ചാലക്കുടി
നഗരസഭയിലെ വാക്‌സിൻ വിതരണത്തിലെ അപാകത്തിനെതിരെ പ്രതിപക്ഷ, -സ്വതന്ത്രഅംഗങ്ങൾക്കൊപ്പം ഭരണകക്ഷിയിലെ ഒരുവിഭാഗവും രംഗത്തെത്തിയതോടെ ചെയർമാൻ വി ഒ പൈലപ്പൻ വിളിച്ചുചേർത്ത പ്രത്യേക യോഗം ബഹളമയമായി. ചെയർമാനെതിരെ രൂക്ഷവിമർശനമാണ് യോഗത്തിൽ ഉയർന്നത്. ഭരണകക്ഷിയിലെ ഭിന്നത മറനീക്കിയതോടെ ചെയർമാനും വെട്ടിലായി. 
വാക്‌സിൻ വിതരണത്തിൽ വലിയ അപാകമുള്ളതായി പ്രതിപക്ഷ അംഗങ്ങളും സ്വതന്ത്രരും ഭരണപക്ഷത്തെ ഒരു വിഭാഗവും യോഗത്തിൽ ഉന്നയിച്ചു. താലൂക്ക് ആശുപത്രി, അർബൻ സെന്റർ എന്നിവവഴി കഴിഞ്ഞദിവസം 1500 വാക്‌സിനാണ് നൽകിയത്. എന്നാൽ, 750 ടോക്കൺ മാത്രമാണ് വിതരണം ചെയ്തതെന്ന് കൗൺസിലർമാർ പറഞ്ഞു. 
ഒന്നരമാസം മുമ്പ് 30 ലക്ഷം രൂപയുടെ ആർടിപിസിആർ മെഷിൻ താലൂക്ക് ആശുപത്രിക്ക് ജ്യോതി ലബോറട്ടറീസ് കൈമാറിയിട്ടുണ്ട്. നാട്ടുകാരും സന്നദ്ധ സംഘടനകളും അനുബന്ധ ഉപകരണങ്ങൾക്കായി ഏഴ് ലക്ഷം രൂപയും നൽകി. എന്നിട്ടും സാധാരണക്കാർക്ക് ഇതിന്റെ ഉപയോഗം ലഭിക്കുന്നില്ലെന്നാണ്‌ പരാതി. കിറ്റ് ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. എന്നാൽ, നഗരസഭാ ചെയർമാൻ ഇതിനാവശ്യമായ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും അംഗങ്ങൾ കുറ്റപ്പെടുത്തി. 
ചെയർമാന്റെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ, സ്വതന്ത്ര അംഗങ്ങൾ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോകുകയും ചെയർമാന്റെ ഓഫീസിനു മുന്നിൽ പ്രതിഷേധിക്കുകയും ചെയ്‌തു.  പ്രതിപക്ഷ കക്ഷി നേതാവ്‌ സി എസ് വിനു അധ്യക്ഷനായി. സ്വതന്ത്രഅംഗങ്ങളായ വി ജെ ജോജി, കെ എസ് സുനോജ്, ടി ഡി എലിസബത്ത്, എൽഡിഎഫ് അംഗങ്ങളായ ബിജി സദാനന്ദൻ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, ഷൈജ സുനിൽ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top