08 August Saturday

കോവിഡിനെ പിടിച്ചുകെട്ടാൻ സദാ സന്നദ്ധരായി അവർ...

സ്വന്തം ലേഖികUpdated: Saturday Jun 27, 2020
തൃശൂർ
കോവിഡ്‌‌ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സന്നദ്ധരായി നമുക്ക്‌ ചുറ്റും ചിലരുണ്ട്‌. രോഗാതുരരായും അല്ലാതെയും ഒറ്റപ്പെട്ടു കഴിയുന്നവർക്ക്‌ സന്നദ്ധപ്രവർത്തകർ‌ നൽകുന്ന സഹായവും ധൈര്യവും  കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. 
ഉദ്യോഗസ്ഥർക്ക്‌ എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങളിൽപോലും അവരുടെ നിർദേശാനുസരണം ആളുകൾക്ക്‌ മാനസിക പിന്തുണയും പരിചരണവും നൽകി സജീവമാണ്‌ ജില്ലയിലെ‌ കോവിഡ്‌ സന്നദ്ധപ്രവർത്തകർ‌.
കലക്ടറുടെയും പൊലീസ്‌ കമീഷ്ണറുടെയും കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരാണ്‌‌ ജില്ലയിൽ സജീവമായുള്ളത്‌. പഞ്ചായത്ത്‌ തലത്തിലും ചെറിയ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നു. 2018ലെ പ്രളയ സമയത്ത്‌ ആരംഭിച്ച "ഫ്ലഡ് ടീം' കോവിഡിന്റെ തുടക്കംമുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്‌.  
നൂറോളം അംഗങ്ങൾ‌‌ ഫ്ലഡ്‌ ടീമിന്റെ കീഴിലുണ്ട്‌‌. 19 വയസ്സിനും 35 വയസ്സിനും ഇടയിലുള്ളവരാണ്‌ ഭൂരിഭാഗവും. ‌
ബോധവൽക്കരണം, ശുചീകരണം, ട്രെയിൻ യാത്രക്കാരുടെ സ്‌ക്രീനിങ്, സാനിറ്റൈസർ നിർമാണം തുടങ്ങിയ ജോലികളിൽ ആദ്യഘട്ടത്തിൽതന്നെ ആരോഗ്യ വിഭാഗവുമായി ചേർന്ന്‌ പ്രവർത്തിച്ചു. വാസയോഗ്യമല്ലാത്ത കെട്ടിടങ്ങൾ ശുചീകരിച്ച്‌ നിരീക്ഷണ കേന്ദ്രങ്ങൾക്കായി സജ്ജമാക്കി. അഗ്നിരക്ഷാ സേന, ആരോഗ്യ വിഭാഗം എന്നിവരോടൊപ്പം ചേർന്ന്‌ റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻഡ്, ജയിലുകൾ, അതിഥിതൊഴിലാളികളുടെ ക്യാമ്പുകൾ‌ തുടങ്ങിയ സ്ഥലങ്ങൾ അണുവിമുക്തമാക്കുന്ന ജോലികൾ ചെയ്‌തു.
 തദ്ദേശഭരണ വകുപ്പിന്റെ കീഴിലുള്ള കിലയും തുടക്കം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാണ്‌. കില കോവിഡ്‌ നിരീക്ഷണ കേന്ദ്രമായി പ്രവർത്തിച്ചിരുന്നു. കിലയുടെ കോവിഡ്‌ വളണ്ടിയറിങ് ചുമതല ഫ്ലഡ് ടീം ആണ്‌ ഏറ്റെടുത്തത്‌. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങിൽനിന്നും വരുന്നവരെ സ്‌ക്രീനിങ്‌ നടത്തി നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുന്നത്‌ മുതൽ നിരീക്ഷണ കാലയളവ്‌ പൂർത്തിയാക്കി മടങ്ങുന്നതുവരെയുള്ള അവരുടെ പരിചരണവും ഏറ്റെടുത്തു.
അതിഥിത്തൊഴിലാളികൾക്കായുള്ള ഭക്ഷ്യധാന്യകിറ്റുകൾ തയ്യാറാക്കലും വിതരണവും ഇതിന്റെ ഭാഗമായിരുന്നു. കോവിഡ്‌ വാർ റൂമിന്റെ പ്രവർത്തനങ്ങളിലും ഫ്ലഡ്‌ ടീം പ്രവർത്തിക്കുന്നുണ്ട്‌.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top