27 June Thursday

വീടൊഴിപ്പിക്കലിനെതിരെ പ്രതിഷേധം ശക്തമാകുന്നു

വെബ് ഡെസ്‌ക്‌Updated: Monday May 27, 2019
മണ്ണുത്തി
ലാലീസ് ഹൈപ്പർ മാർക്കറ്റ് ഉടമയുടെ നേതൃത്വത്തിലുള്ള വീടൊഴിപ്പിക്കലിനെതിരെ  പ്രതിഷേധം ശക്തമാകുന്നു. ശനിയാഴ്ച  വൈകിട്ട‌് നാലിനാണ് പട്ടിക്കാട് പുലിക്കോട്ടിൽ ഹോച്ചിമിന്റെ വീടൊഴിപ്പിക്കാനായി ലാലീസ് ഉടമ ഔസേപ്പിന്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകളെത്തിയത്. ഹൈപ്പർ മാർക്കറ്റിനോട് ചേർന്ന് നിൽക്കുന്ന സ്ഥലം തങ്ങൾ തൃശൂർ കിഴക്കേ കോട്ടയിലെ ഫാത്തിമ നഗർ കോ–-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡിൽനിന്നും ലേലത്തിൽ വാങ്ങിയതാണെന്ന് ആവശ്യപ്പെട്ടാണ് സംഘം എത്തിയത്. 
ഹോച്ചിമിന്റെ പിതാവ് പരേതനായ പുലിക്കോട്ടിൽ കുരിയപ്പന്റെ കൈവശമുണ്ടായിരുന്ന ഭൂമി 1984-ലാണ് ഫാത്തിമ നഗർ കോ-–-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ പണയം വച്ചത‌്. എന്നാൽ, പണയശേഷം 200രൂപ വാടക നിരക്കിൽ സഹകരണ ബാങ്ക് ഭൂമി കുരിയപ്പനുതന്നെ നൽകി. 15 വർഷം മുമ്പ‌് കുരിയപ്പൻ മരിച്ചു . 35 വർഷമായി ഹോച്ചിമിനും കുടുംബവും ഈ ഭൂമിയിലാണ് താമസിക്കുന്നത്. ഇതുവരെ സഹകരണ ബാങ്കിന്റെ ഭാഗത്തുനിന്നും അറിയിപ്പൊന്നും ഉണ്ടായിരുന്നില്ല . 
കഴിഞ്ഞ ശനിയാഴ്ച വൈകിട്ട‌് നാലിന‌്  ഒരു സംഘം ആളുകളുമായെത്തിയ ലാലീസ് ഹൈപ്പർമാർക്കറ്റ് ഉടമ ഔസേപ്പ് വീട് കൈയേറുകയും വീട്ടിലെ  കിണറും  സെപ്റ്റിക് ടാങ്കുകളും കോറി വേസ്റ്റ് ഉപയോഗിച്ച് മൂടുകയും രണ്ട് ജെസിബികൾകൊണ്ട് സ്ഥലം നിരത്തുകയും കുടിവെള്ളത്തിന്റെ  ടാങ്ക് തകർക്കുകയും ചെയ്തു. 
തടയാൻ ശ്രമിച്ച ഹോചിമിന്റെ ഭാര്യ ലൈഫി, മകൻ ആൽഫിൻ, മകൾ അലീന എന്നിവരെ ഔസേപ്പിന്റെ സംഘത്തിലുണ്ടായിരുന്നവർ മർദിച്ചു. പ്ല സ്ടു വിദ്യാർഥിനിയായ അലീനയെ(17) നിലത്തുകൂടെ വലിച്ചിഴയ‌്ക്കുകയും കൈകൾ തിരിക്കുകയും ,അടിക്കുകയും ചെയ‌്തു. അലീന തൃശൂർ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം പീച്ചി പൊലീസിൽ അറിയിച്ചെങ്കിലും   കാര്യമായ ഇടപെടൽ ഉണ്ടായില്ലെന്ന് വീട്ടുകാർ പറഞ്ഞു. സംഭവശേഷം ലൈഫിയുടെ രോഗിയായ പിതാവ് സാമുവൽ സ്റ്റേഷനിൽ പോയി പരാതിപ്പെട്ടിട്ടും പൊലീസ് സംഭവസ്ഥലത്തേക്ക് വന്നില്ലെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിച്ചു. സംഭവത്തിൽ പീച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top