16 April Friday
കേന്ദ്രീകരിച്ച പ്രകടനമില്ലാതെ നാനാഭാഗങ്ങളിൽനിന്നും ജനസഞ്ചയം ഒഴുകിയെത്തി

മഹാ പ്രവാഹം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ ക്യാപ്റ്റനായ എൽഡിഎഫ് വടക്കൻ മേഖല ജാഥയ്ക്ക് മാളയിൽ നൽകിയ സ്വീകരണം

തൃശൂർ

ഇടതുപക്ഷ സംഘശക്തിയുടെ പടയണിയിൽ തൃശൂരിന്റെ നഗരവീഥികൾ ഇളകിമറിഞ്ഞു. ആവേശം ഇരമ്പിയാർത്ത ജനം പ്രഖ്യാപിച്ചു; തുടരണം എൽഡിഎഫ്‌ ഭരണം, വളരണം ഈ നാട്‌. മഹാജനപ്രവാഹമായി എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയ്‌ക്ക്‌ സാംസ്‌കാരികനഗരിയിൽ സമാപനം. ‘നവകേരള സൃഷ്ടിക്കായി, വീണ്ടും എൽഡിഎഫ്’‌ എന്ന മുദ്രാവാക്യമുയർത്തി, സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിച്ച വടക്കൻ മേഖലാ ജാഥയാണ്‌ തൃശൂരിൽ സമാപിച്ചത്. 
തൃശൂർ, ഒല്ലൂർ, മണലൂർ മണ്ഡലങ്ങളിലെ പ്രവർത്തകരാണ്‌ നഗരത്തിലേക്ക്‌ എത്തിയത്‌. വിപ്ലവ പ്രസ്ഥാനത്തിന്റെ അപ്രതിരോധ്യ മുന്നേറ്റം നഗരിയെ പ്രകമ്പനംകൊള്ളിച്ചു. കേന്ദ്രീകരിച്ച പ്രകടനമില്ലാതെ നാനാഭാഗങ്ങളിൽനിന്നും ജനസഞ്ചയം ഒഴുകിയെത്തി. ഇടതുസർക്കാരിന്റെ കരുതലറിഞ്ഞ സാധാരണ ജനങ്ങൾ തിളക്കമാർന്ന കണ്ണുകളുമായി ജാഥയെ സ്വീകരിക്കാൻ പ്രവഹിച്ചു. പതിറ്റാണ്ടുകളുടെ സ്വപ്‌നമായ തലചായ്‌ക്കാനിടം കിട്ടിയവർ കുടുംബസമേതമെത്തി. ലാപ്‌ടോപ്പുൾപ്പെടെ കൈകളിലെത്തിയ  പുതുതലമുറയും എൽഡിഎഫിനെ മറന്നില്ല. വർഗീയ ഫാസിസത്തിനുമുന്നിൽ നട്ടെല്ലുവളയ്‌ക്കാതെ തങ്ങളെ കാക്കുന്ന ഇടതുപക്ഷത്തിനെ നെഞ്ചോടുചേർക്കാൻ ന്യൂനപക്ഷവിഭാഗങ്ങളും തടിച്ചുകൂടി.
പുതുക്കാട്‌ നിന്ന്‌ തൃശൂരിലേക്ക്‌ ബൈക്കുകൾ അകമ്പടിയേകി. വാഹനത്തിൽ ബാൻഡ്‌സംഘവും വഴിനീളെ അഭിവാദ്യങ്ങളുമുണ്ടായി. സ്വരാജ്‌ റൗണ്ടിലേക്ക്‌ കടന്നതോടെ ജാഥാക്യാപ്‌റ്റൻ തുറന്ന ജീപ്പിലേറി.    ചുവപ്പുവളണ്ടിയർമാരും വാദ്യങ്ങളും മുത്തുക്കുടകളും ബലൂണുകളും മറ്റുമായി നീങ്ങിയ ജാഥ ഇടതുകരുത്തിൽ വിളംബരമായി. നഗരത്തിനിരുവശവും ജനങ്ങൾ അണിനിരന്ന്‌ അഭിവാദ്യമേകി. 
തേക്കിൻകാട്‌ മൈതാനിയിലേക്ക്‌ ജാഥ പ്രവേശിച്ചതോടെ ജനം ഇളകിയാർത്തു. പൂരപ്രഭപോലെ ചുവപ്പ്‌ അമിട്ടുകൾ വാനിലും വിടർന്നു.
സമാപന സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻപിള്ള ഉദ്‌ഘാടനം ചെയ്‌തു. സിപിഐ സംസ്ഥാന  സെക്രട്ടറി കാനം രാജേന്ദ്രൻ, ജാഥാ അംഗം പി സതീദേവി എന്നിവർ സംസാരിച്ചു. ജാഥാ ക്യാപ്‌റ്റൻ എ വിജയരാഘവൻ സ്വീകരണത്തിന്‌ നന്ദി പറഞ്ഞു. ജാഥാ അംഗങ്ങൾക്ക്‌ എൽഡിഎഫ്‌ കൺവീനർ എം എം വർഗീസും  മന്ത്രി വി എസ്‌ സുനിൽകുമാറും  ഉപഹാരങ്ങൾ നൽകി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, മന്ത്രിമാരായ എ സി മൊയ്‌തീൻ,  പ്രൊഫ. സി രവീന്ദ്രനാഥ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, ഡോ. പി കെ ബിജു, എം കെ കണ്ണൻ, മേയർ എം കെ വർഗീസ്‌  തുടങ്ങിയവർ പങ്കെടുത്തു. പി ബാലചന്ദ്രൻ അധ്യക്ഷനായി. പി കെ ഷാജൻ സ്വാഗതവും  വർഗീസ്‌ കണ്ടംകുളത്തി നന്ദിയും പറഞ്ഞു. എ വി സതീശിന്റെ നേതൃത്വത്തിൽ ജനനന്മ അവതരിപ്പിച്ച വിപ്ലവഗാനമേളയുമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top