23 July Tuesday
ആയിരങ്ങൾക്ക്‌ ആശ്രയം

ദുരിതമുഖം നീന്തിക്കടന്നു മികവിലെത്തി

ഇ സി സുരേഷ‌്Updated: Wednesday Jun 26, 2019

ചാലക്കുടി താലൂക്ക് ആശുപത്രി

ചാലക്കുടി
പ്രസവ വാർഡിലെ അമ്മയുടെയും കുഞ്ഞിന്റെയും കട്ടിലിലേക്ക് ഓടിട്ട പഴഞ്ചൻ മേൽക്കൂരയിൽ നിന്നും പാമ്പ് വീണ സംഭവം ചാലക്കുടി താലൂക്ക് ഗവ. ആശുപത്രിയുടെ മുമ്പുള്ള സ്ഥിതി വ്യക്തമാക്കുന്നു. എന്നാൽ, ഇന്ന‌് ഇവിടെ  ചികിത്സക്കെത്തുന്നവർക്ക‌് അത‌് പഴങ്കഥ.  ആരോഗ്യമേഖലയിലെ വികസന കുതിപ്പുകളുടെ തിളങ്ങുന്ന മാതൃകയായിപ്പോലും ഈ ആശുപത്രിയെ വിശേഷിപ്പിക്കുന്നു. 
പഴയ ഓടിട്ട കെട്ടിടത്തിന്റെ സ്ഥാനത്ത് ബഹുനിലക്കെട്ടിട സമുച്ചയമുയർന്നു. 25 കോടിയോളം ചെലവഴിച്ച് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, സ്ത്രീകളുടെയും കുട്ടികളുടെയും വാർഡുകൾ, കാഷ്വാലിറ്റി കം ഓപ്പറേഷൻ തിയറ്റർ തുടങ്ങിയവയുടെ നിർമാണം പൂർത്തിയാക്കി. ഇന്നസെന്റ് എംപിയുടെ ഫണ്ടിൽ നിന്നും 2 കോടി രൂപ ചെലവഴിച്ച് മാമോഗ്രാം യൂണിറ്റും ഡയാലിസിസ് യൂണിറ്റും ആരംഭിച്ചു. 
മൂക്കുപൊത്തി മാത്രം ആശുപത്രിയിലെത്തിയിരുന്ന രോഗികൾക്ക‌് മുന്തിയ സൗകര്യങ്ങളാണ‌് ഒരുക്കിയിരിക്കുന്നത‌്. 
 ബി ഡി ദേവസി എംഎൽഎയുടെ നിതാന്ത പരിശ്രമം മൂലമാണ‌് ശോച്യാവസ്ഥയിലായിരുന്ന ആശുപത്രി മികവുറ്റതായത‌്. 
പ്രളയം ഏറ്റവുമധികം ബാധിച്ച സ്ഥാപനങ്ങളിലൊന്നാണ‌് ഈ ആശുപത്രി. ഏതാണ്ട‌് പൂർണമായും വെള്ളത്തിനടിയിലായിരുന്നു.  എംപിയും എംഎൽഎ യും നഗരസഭയുമെല്ലാം കൈകോർത്തു പിടിച്ച് നടത്തിയ പ്രവർത്തനങ്ങൾ കൊണ്ട് കെടുതികൾ പരിഹരിക്കാനായി. 
പുതിയ ആശുപത്രി ഉപകരണങ്ങൾ വാങ്ങാൻ ഒന്നരക്കോടി രൂപയും സർജിക്കൽ ഉപകരണങ്ങൾക്കായി അഞ്ച‌് കോടി രൂപയും ചെലവഴിച്ചു. ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയത്. ഒരു കോടി രൂപ ചെലവിട്ട് ആശുപത്രിക്ക് ചുറ്റുമുള്ള റിങ‌് റോഡുകൾ നവീകരിക്കുകകൂടി ചെയ്തതോടെ ആശുപത്രിയിലേക്കുള്ള യാത്രയും സുഖകരമായി.
ദേശീയ ആരോഗ്യ വകുപ്പ് ഇന്ത്യയിലെ മികച്ച 50 താലൂക്ക് ആശുപത്രികളെ തെരഞ്ഞെടുത്തപ്പോൾ അതിലൊന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയായത് യാദൃച്ഛികമല്ല. ആശുപത്രിയുടെ മുഖഛായ മാറിയതിനൊപ്പം സൂപ്രണ്ടിന്റെയും ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും സംഭാവനകളേയും ഇവിടെയെത്തുന്നവർ പ്രകീർത്തിക്കുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top