18 July Thursday
കൗൺസിൽ

നഗരസഭാ സെക്രട്ടറി മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019
ചാലക്കുടി
നഗരസഭ സെക്രട്ടറി മൃതദേഹത്തോട് അനാദരവ് കാട്ടിയതായി കൗൺസിൽ യോഗത്തിൽ ആരോപണം. ഭരണകക്ഷി അംഗമായ വി ജെ ജോജിയാണ് കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്കെതിരെ ആരോപണം ഉന്നയിച്ചത്. രണ്ട് വ്യത്യസ്ഥ സംഭവങ്ങളിലായി ക്രിമിറ്റോറിയത്തിൽ മൃതദേഹം സംസ്‌ക്കരിക്കാൻ അനുമതി നൽകിയില്ലെന്നാണ‌് ആരോപണം.  
കൊടകരയിൽ നിന്ന‌് കഴിഞ്ഞ ആഴ‌്ച ക്രിമിറ്റോറിയത്തിൽ ദഹിപ്പിക്കാൻ കൊണ്ടുവന്ന മൃതദേഹം സെക്രട്ടറിയുടെ പിടിവാശി മൂലം രണ്ടരമണിക്കൂർ വൈകി. ക്ഷുഭിതരായ നാട്ടുകാരെ ചെയർപേഴ്‌സണും വൈസ് ചെയർമാനും ഇടപെട്ടാണ് ശാന്തരാക്കിയത്. മതാചാരപ്രകാരം സംസ്‌ക്കരിക്കണമെന്നാണ് പൊലീസ് നല്കിയ റിപ്പോർട്ട്. കേരളത്തിലെ മുഴുവൻ  സ്റ്റേഷനുകളിലും ഇത്തരത്തിലുള്ള റിപ്പോർട്ടാണ് നല്കുന്നത്. എന്നാൽ ദഹിപ്പിക്കണമെന്ന റിപ്പോർട്ട് പൊലീസ് നല്കണമെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്.   തിങ്കളാഴ‌്ചയും കൊടകരയിൽ നിന്നും ദഹിപ്പിക്കാൻ കൊണ്ടുവന്ന മൃതദേഹം സംസ്‌ക്കരിക്കുന്ന കാര്യത്തിൽ സെക്രട്ടറി അനുമതി നല്കിയില്ല. തുടർന്ന് ചെയർപേഴ്‌സണടക്കമുള്ളവർ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. 
മാർക്കറ്റിലെ ശോച്യാവസ്ഥ സംബന്ധിച്ച കാര്യത്തെക്കുറിച്ച് ഭരണപക്ഷത്തെ സീമ ജോജോ യോഗത്തിൽ പരാതിപ്പെട്ടു. മത്സ്യ-മാംസ മാർക്കറ്റ് ചീഞ്ഞ് നാറുന്നതായും മാർക്കറ്റിൽ വെള്ളമില്ലെന്നും, ബയോഗ്യാസ് പ്ലാന്റ് പൊട്ടിയൊലിക്കുകയാണെന്നും ഇവർ അറിയിച്ചു. ഇക്കാര്യത്തോട് പ്രതിപക്ഷവും യോജിച്ചു. അടിപ്പാത നിർമാണത്തിന്റെ ഭാഗമായി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി പൊലീസ്, എൻഎച്ച്എഐ അധികൃതരുടെ പ്രത്യേക യോഗം നടത്താൻ തീരുമാനിച്ചു. വി ആർ പുരത്ത് കസ്തൂർബ ട്രസ്റ്റിന്റെ കൈവശമുള്ള രണ്ടേക്കർ ഭൂമി മേച്ചിൽപുറമാണെന്നും ഈ സ്ഥലം പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമിക്കാൻ ജില്ലാഭരണകൂടം നീക്കം നടത്തുന്നതായി പ്രതിപക്ഷത്തെ ഷിബു വാലപ്പൻ യോഗത്തെ അറിയിച്ചു. എന്നാൽ ഈ ഭൂമി നഗരസഭക്ക് അവകാശപ്പെട്ടതാണെന്നും ഇക്കാര്യം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ മൂന്ന് ദിവസത്തിനുള്ളിൽ കൗൺസിൽ ചേരാനും തീരുമാനമായി. 
നഗരസഭ അതിർത്തിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റേഷൻ റോഡിലേയും സെന്റ്ജയിംസ് ആശുപത്രിക്ക് സമീപത്തേയും ട്രങ്ക് റോഡ് ജങ്‌ഷനിലെയും മത്സ്യ വില്പന ശാലകളുടെ ലൈസൻസ് റദ്ദാക്കും. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അധ്യക്ഷയായി.  വൈസ്‌ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ, പി എം ശ്രീധരൻ, യു വി മാർട്ടിൻ, വി ഒ പൈലപ്പൻ, ബിജു ചിറയത്ത്, കെ വി പോൾ തുടങ്ങിയവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top