21 September Saturday
5 വയസ്സുകാരന്റെ ചിത്രപ്രദർശനം ശ്രദ്ധേയം

നക്ഷത്രത്തോപ്പിലെ അക്കു

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

ചിത്രങ്ങൾക്കൊപ്പം അക്കു

 
തൃശൂർ
മാനത്തെ നക്ഷത്രത്തോപ്പിലെ മിന്നും താരങ്ങളെ പിടിക്കാൻ കോണിവച്ചു കയറുന്ന അക്കു, വഴിയരികിൽ  കണ്ട കൊന്നമരം, മുളങ്കാട‌്, ചക്കു(അക്കുവിന്റെ അമ്മ ഷസിയ) പറഞ്ഞുകൊടുത്ത വിശേഷങ്ങൾ, അജയ(അച്ഛൻ അജയ‌്കുമാർ)യുടെയും ചക്കുവിന്റെയും അക്കുവിന്റെയും സൗഹൃദവലയത്തിലെ  കൂട്ടുകാർ എല്ലാം അക്കുവിന്റെ ചിത്രങ്ങളിലുണ്ട‌് . അമൻ ഷസിയ അജയ‌് എന്ന‌ അഞ്ചുവയസ്സുകാരന്റെ ചിത്രങ്ങൾ കാണാൻ എത്തിയവർ അത്ഭുതം കൂറിയത‌് വരഭംഗി കൊണ്ടുമാത്രമല്ല.  ആ നീരീക്ഷണ സൂക്ഷ‌്മതകൊണ്ടുകൂടിയാണ‌്. നാട്ടുകാഴ‌്ചയെ വിവിധ കോണുകളിൽനിന്ന‌് നോക്കുന്ന ചിത്രം കാഴ‌്ചയുടെ അതിരുഭേദിക്കലാണ‌്.  പ്രിയ എ എസിന്റെ കുട്ടിക്കഥകളിലൂടെ പ്രകാശിതമായ ചിത്രങ്ങളും കൂട്ടത്തിലുണ്ട‌്. 
വടക്കാഞ്ചേരി  കേരളവർമ പൊതുവായനശാലയിലൈ ബാലവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘അക്കുവിന്റെ ചിത്രപ്രദർശനം’ കാണാൻ എത്തിയത‌് നൂറുകണക്കിനാളുകൾ.  
അക്കുവിന്റെ അമ്മ ഷസിയ ചിത്രകാരിയാണ‌്. അവർ വരയ‌്ക്കാനിരിക്കുന്ന വേളയിൽ പെയിന്റും പേപ്പറുമെടുത്ത‌് അക്കുവും വര തുടങ്ങിയതാണ‌്. എന്നാൽ കളിക്കപ്പുറം വരകളിലെ വർണബോധവും പരിചിത കാഴ‌്ചകളെ ഓർത്തുവച്ച‌് ചിത്രീകരിക്കാനുള്ള ശേഷിയും വീട്ടുകാരെ അതിശയിപ്പിച്ചു. 
രണ്ടു മാസത്തിനുള്ളിൽ വരച്ച ഇരുപതോ‌ളം ചിത്രങ്ങളാണ‌് പ്രദർശനത്തിൽ.
അക്കു–-ചക്കു വിശേഷം സോഷ്യൽമീഡിയയിൽ  വൈറലായിരുന്നു. അക്കുവിന്റെ ചിത്രങ്ങളും  ചിത്രത്തിനൊപ്പം അത‌് രൂപപ്പെട്ട ചുറ്റുപാടും ഷസിയ പങ്കുവച്ചിരുന്നു. പ്രദർശനം സാംസ്കാരിക ഉന്നത സമിതി സെക്രട്ടറി പ്രഭാകരൻ പഴശ്ശി  ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് വി മുരളി അധ്യക്ഷനായി. പ്രിയനന്ദനൻ, ഡോ.എം എൻ വിനയകുമാർ, ജി സത്യൻ, ഷസിയ, എം എം മഹേഷ് എന്നിവർ സംസാരിച്ചു. പ്രദർശനം ഞായറാഴ്ചയും തുടരും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top