20 April Tuesday

സ്‌നേഹത്തുടിപ്പിലേറി

സി എ പ്രേമചന്ദ്രൻUpdated: Friday Feb 26, 2021

സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന എൽഡിഎഫ്‌ വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥയ് ക്ക് കുന്നംകുളത്ത്‌ നൽകിയ സ്വീകരണത്തിൽ ജാഥാ ക്യാപ്‌റ്റനെ വേദിയിലേക്കാനയിക്കുന്നു/ ഫോട്ടോ: കെ എസ്‌ പ്രവീൺകുമാർ

തൃശൂർ
വികസനക്കുതിപ്പിൻ പൊൻ തെളിച്ചമേകിയ നാട്ടിടങ്ങളിൽ ജനത കാത്തുനിന്നു.   അഞ്ചാണ്ടിൻ നന്മയെ മറവിക്ക് വിട്ടുകൊടുക്കാതെ ജനകീയ സർക്കാരിന് അവർ ഹൃദയാഭിവാദ്യമേകി. എൽഡിഎഫ്‌ വികസനമുന്നേറ്റ ജാഥയെ നാടേറ്റുവാങ്ങി. അവർ പ്രഖ്യാപിച്ചു. തുടരണം ഈ ഭരണം, വളരണം ഈ നാട്‌. ഇത് സാംസ്കാരിക ജില്ലയുടെ ഹൃദയസ്‌പന്ദനം.
നവകേരള സൃഷ്ടിക്കായി, വീണ്ടും എൽഡിഎഫ്‌ എന്ന മുദ്രാവാക്യമുയർത്തി സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ നയിക്കുന്ന വടക്കൻ മേഖലാ ജാഥയാണ്‌ ജില്ലയിലും മഹാമുന്നേറ്റമാവുന്നത്‌.
 ജാഥയെ സ്വീകരിക്കാനെത്തുന്നന്നവരുടെ കൺകളിൽ പ്രതീക്ഷയുടെ തിളക്കം. മഹാപ്രളയത്തിലും  കോവിഡിലും  തങ്ങൾക്ക്‌ താങ്ങേകിയ സർക്കാരിനോടുള്ള നന്ദിപ്രവാഹം. നാടുണർത്തിയ ബാൻഡ്‌വാദ്യസംഘവും വാദ്യമേളങ്ങളും  കാവടിയും കഥകളി വേഷവും പഞ്ചവാദ്യവും ദഫ് മുട്ടും മുത്തുക്കുടകളും അകമ്പടിയായതോടെ വികസനത്തിൽ ഉത്സവപ്രതീതി.  
 ഹരിതമിഷനിൽ ജലസമൃദ്ധമായ ഭാരതപ്പുഴ കടന്നാണ്‌ ജില്ലയിലേക്കുള്ള ജാഥയെത്തിയത്‌.  ചേലക്കര പ്ലാഴിയിൽനിന്ന്‌ ജാഥയെ ‌  ബാൻഡ്‌വാദ്യത്തോടെ ജില്ലയിലേക്ക്‌ ആനയിച്ചു. എൽഡിഎഫ്‌ നേതാക്കൾ  ജാഥാക്യാപ്‌റ്റനെ സ്വീകരിച്ചു.  ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ മുന്നേറ്റം.  സ്വീകരണ കേന്ദ്രത്തിൽ തുറന്ന വാഹനത്തിൽ ജാഥാക്യാപ്‌റ്റൻ സഞ്ചരിച്ചതോടെ ആവേശം ഇരട്ടിയായി.
കാർഷികസമൃദ്ധിയുടെ പച്ചപ്പുകൾ നിറഞ്ഞ ചേലക്കരയിലെ ആദ്യ സ്വീകരണത്തിൽ ജനം ഇരമ്പിയാർത്തെത്തി. സ്വീകരണ യോഗത്തിൽ അരുൺ കാളിയത്ത് അധ്യക്ഷനായി. പി എ ബാബു  സ്വാഗതവും കെ കെ മുരളീധരൻ നന്ദിയും പറഞ്ഞു.    
 ലൈഫിൽ 140 കുടുംബങ്ങൾക്ക്‌ വീടൊരുങ്ങുന്ന വടക്കാഞ്ചേരിയിലെ വൻസ്വീകരണം വീടുമുടക്കുന്ന  ദുഷ്ടശക്തികൾക്ക്‌ താക്കീതായിമാറി.  കെ കെ ചന്ദ്രൻ അധ്യക്ഷനായി. പി എൻ സുരേന്ദ്രൻ സ്വാഗതവും ഡോ. കെ ഡി ബാഹുലേയൻ നന്ദിയും പറഞ്ഞു.    
വികസനവിപ്ലവത്തിന്റെ ആവേശവുമായാണ്‌   കുന്നംകുളത്തെ സ്വീകരണകേന്ദ്രത്തിലേക്ക്‌ ചെറു പ്രകടനങ്ങളായി ജനം ഒഴുകിയെത്തിയത്‌. കെ ടി ഷാജൻ അധ്യക്ഷനായി.  ടി കെ വാസു സ്വാഗതവും എം എൻ സത്യൻ നന്ദിയും പറഞ്ഞു.  
ചാവക്കാടൻ തീരത്ത്‌ സർക്കാരിനോടുള്ള  മത്സ്യത്തൊഴിലാളിസ്‌നേഹക്കടൽ അലയടിച്ചാർത്തെത്തി. അഡ്വ. പി മുഹമ്മദ് ബഷീർ, അധ്യക്ഷനായി. സി സുമേഷ് സ്വാഗതവും പി കെ സെയ്താലിക്കുട്ടി നന്ദിയും പറഞ്ഞു.  തീരദേശ ജനത എൽഡിഎഫിനൊപ്പമെന്ന പ്രഖ്യാപനമായി  വലപ്പാട്‌ ചന്തപ്പടിയിൽ മഹാ സമാപനം.  ഇന്ത്യൻ റിപ്പബ്ലിക്കിലെ  ആദ്യ രക്തസാക്ഷി സർദാറിന്റെ സ്‌മരണകൾ  ഇരമ്പുന്ന നാട്ടിക,  കയ്‌പമംഗലം മണ്ഡലത്തിലെ ജനങ്ങൾ സർക്കാരിനൊപ്പമെന്ന പ്രഖ്യാപനവുമായി വന്നെത്തി. ഗീത ഗോപി എംഎൽഎ അധ്യക്ഷയായി. പി ആർ വർഗീസ് സ്വാഗതവും പി എം അഹമ്മദ് നന്ദിയും പറഞ്ഞു.  
 ജാഥാക്യാപ്‌റ്റൻ എ വിജയരാഘവനു പുറമെ കെ പി രാജേന്ദ്രൻ (സിപിഐ), അഡ്വ. പി സതീദേവി (സിപിഐ എം), പി ടി ജോസ്(കേരള കോൺഗ്രസ് എം), കെ ലോഹ്യ(ജനതാദൾ എസ്), പി കെ രാജൻ (എൻസിപി), യു ബാബു ഗോപിനാഥ് (കോൺഗ്രസ് എസ്), കെ പി മോഹനൻ (എൽജെഡി), ജോസ് ചെമ്പേരി (കേരള കോൺഗ്രസ് ബി), കാസീം ഇരിക്കൂർ (ഐഎൻഎൽ,) ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ്) എന്നിവർ വിവിധ  കേന്ദ്രങ്ങളിൽ  സംസാരിച്ചു.
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോൺ, ജില്ലാ സെക്രട്ടറി എം എം വർഗീസ്, മന്ത്രിമാരായ എ സി മൊയ്‌തീൻ,  സി  രവീന്ദ്രനാഥ്, വി എസ് സുനിൽകുമാർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ ആർ ബാലൻ, ഡോ. പി കെ ബിജു, എം കെ കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top