11 April Sunday
മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപം

രാഹുൽഗാന്ധിക്ക്‌ കേരളം 
മറുപടി നൽകും: വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021
തൃശൂർ
സ്വന്തം പാർടിയിലുള്ളവർ കാലുമാറി ബിജെപിയിലേക്ക്‌ പോവുന്ന്‌ തടയാൻപോലും കഴിയാത്ത ദുർബല നേതൃത്വമായി കോൺഗ്രസ്‌ മാറിയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവൻ പറഞ്ഞു.  
ബിജെപിയിലേക്ക്‌ പോകാൻ വരി നിൽക്കുന്ന  എംഎൽഎമാർ അടക്കമുള്ളവരെ തടയാൻ കഴിയാത്ത രാഹുൽഗാന്ധി കേരളത്തിൽ വന്ന്‌ ഇടതുപക്ഷത്തെ അധിക്ഷേപിക്കുകയാണ്‌‌. പ്രത്യയശാസ്ത്രപരമായ ബദൽ രാഷ്‌ട്രീയത്തിന്‌  അടിത്തറയിട്ടുള്ള എൽഡിഎഫ്‌ തുടർഭരണം കേരളത്തിൽ യാഥാർഥ്യമാവാൻ പോവുകയാണ്‌.  മോദിയെക്കാൾ വലിയ ശത്രു പിണറായിയാണെന്നു  പറഞ്ഞ്‌‌ രാഹുൽഗാന്ധി പ്രചാരണം നടത്തിയാൽ കേരളം ഒറ്റക്കെട്ടായി പ്രതിരോധിക്കും. എൽഡിഎഫ്‌ വടക്കൻമേഖലാ വികസന മുന്നേറ്റ ജാഥയ്‌ക്ക്‌ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു വിജയരാഘവൻ.
എൽഡിഎഫ്‌ സർക്കാർ നടപ്പാക്കിയ വികസന നേട്ടങ്ങളുടെ മുകളിൽ രാഹുലിനെയും പ്രിയങ്കയെയും ഇറക്കി വിജയം നേടാമെന്നത്‌ കോൺഗ്രസിന്റെ വ്യാമോഹം മാത്രമാണ്‌. ചെന്നിത്തലയെ മുക്കിലിരുത്തി ഉമ്മൻചാണ്ടിയെ ഇറക്കി. ഫലമില്ലെന്നു കണ്ടപ്പോൾ രാഹുലിനെ ഇറക്കി. ഇപ്പോൾ രാഹുൽ മാത്രം പോരാ പ്രിയങ്കയും വേണമെന്നാണ്‌  പറയുന്നത്‌. 
കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ഒരക്ഷരംപോലും കോൺഗ്രസ്‌ പറയുന്നില്ല. എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ നുണപ്രചാരണവും അവിശുദ്ധ കൂട്ടുകെട്ടുമാണ്‌ യുഡിഎഫ്‌ ഉണ്ടാക്കിയിരിക്കുന്നത്‌.  കോൺഗ്രസ്‌ ബിജെപിയുമായും  ജമാഅത്ത്‌ ഇസ്ലാമിയുമായും കൂട്ടുകെട്ടുണ്ടാക്കി. 
ഇടതു‌പക്ഷവിരുദ്ധ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌  ആറുമാസം തുടർച്ചയായി നുണ പ്രചരിപ്പിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു.   ഇതൊന്നും ജനങ്ങൾ വിശ്വസിച്ചില്ല. മാത്രമല്ല, ഈ സർക്കാരിനൊപ്പമാണെന്ന്‌ തെളിയിക്കുകയും ചെയ്‌തു.  അഴിമതിരഹിതമായ ഭരണമാണ്‌ കേരളത്തിൽ നടക്കുന്നത്‌.  ഉദ്യോഗാർഥിക്ക്‌ അഡ്വൈസ്‌ മെമ്മോ അയച്ചാൽ പിറകെ പോയി കൈക്കൂലി വാങ്ങുന്ന യുഡിഎഫ്‌ ഭരണകാലമല്ല ഇത്‌.  18 മാസത്തെ പെൻഷൻ കുടിശ്ശിക നിർത്തിയാണ്‌ ഉമ്മൻചാണ്ടി അധികാരത്തിൽനിന്ന്‌ പോയത്‌. 
ഈ കുടിശ്ശിക തീർക്കുക മാത്രമല്ല, പെൻഷൻ 1600 രൂപയായി ഉയർത്തുകയും എല്ലാമാസവും കൃത്യമായി വീടുകളിലെത്തിക്കുകയുമാണ്‌ എൽഡിഎഫ്‌ സർക്കാർ ചെയ്‌തത്‌.  ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലമായപ്പോൾ എങ്ങനെയെങ്കിലും സർക്കാർ പുറത്തുപോകണമെന്നാണ്‌ ജനങ്ങൾ ആഗ്രഹിച്ചിരുന്നത്‌. പിണറായി ‌ സർക്കാർ അഞ്ച്‌ വർഷം പൂർത്തിയാക്കുമ്പോൾ തുടർഭരണം വേണമെന്ന്‌‌ ജനങ്ങൾ ആഗ്രഹിക്കുന്നു‌ –-വിജയരാഘവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top