കൊടുങ്ങല്ലൂർ
ശ്രീകുരുംബ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്ത് അതിക്രമിച്ചുകയറി വിഗ്രഹവും ദീപസ്തംഭവും തകർത്ത കേസിൽ രാമചന്ദ്രൻ മാനസിക രോഗിയെന്ന് പൊലീസ്. ഇയാളുടെ കൂടെ ലോഡ്ജിൽ താമസിച്ചിരുന്നയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായതായതെന്ന് പൊലീസ് വ്യക്തമാക്കി. രാമചന്ദ്രന്റെ കൂടെ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി രഞ്ജിത്തിനെ( കാജാ 43 ) യാണ് കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്.
12 വർഷത്തോളമായി രാമചന്ദ്രനെ അറിയാമെന്ന് ഇയാൾ പറഞ്ഞു. തന്റെ കൂടെയായ ശേഷം മൂന്നു പ്രാവശ്യം മാനസിക നില തെറ്റി ചികിത്സ തേടിയതായും പറഞ്ഞു. പേരൂർക്കട മാനസികാശുപത്രിയിൽ ചികിത്സയിലുള്ളപ്പോൾ കൂട്ടിരിപ്പുകാരനായിരുന്നു രഞ്ജിത്. 2019ൽ തമ്പാനൂർ ബസ് സ്റ്റാൻഡിൽ മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്. മൂന്നുവർഷമായി തിരുവനന്തപുരത്തേക്ക് പോയിട്ടില്ല. താലപ്പൊലി സമയത്ത് കൊടുങ്ങല്ലൂർ ക്ഷേത്ര പരിസരത്തു നിന്ന് ചിലരുമായി പരിചയപ്പെട്ട് മദ്യപാനം ആരംഭിച്ചു. തുടർന്ന് മാനസിക നില തെറ്റിയത് പോലെയായിരുന്നു രാമചന്ദ്രന്റെ ജീവിതം. സംഭവം നടന്നതിന്റെ തലേന്ന് വൈകിട്ട് ആറിന് കിഴക്കേ നടയിലുള്ള ലോഡ്ജിലെ മുറിയിൽ നിന്ന് ഇറങ്ങിപ്പോയി. പിന്നീട് അടുത്ത കടക്കാരൻ പറഞ്ഞാണ് സംഭവം അറിഞ്ഞതെന്നും രഞ്ജിത് പൊലീസിനോട് പറഞ്ഞു. ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി വിഗ്രഹവും മറ്റും നശിപ്പിച്ച സംഭവവുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ രഞ്ജിത്തിനെ വിട്ടയച്ചതായി പൊലീസ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..