29 February Saturday
ദേശീയ ഐ ലീഗ്

എഫ്സി കേരളയ്ക്ക് ജയം

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

ദേശീയ ഐ ലീഗ് രണ്ടാംഡിവിഷൻ ഫുട്ബോൾ ആദ്യ മത്സരത്തിൽ എഫ്സിയുടെ സജേഷ് ബ്ലാസ്റ്റേഴ്സിനെതിരെ ആദ്യ ഗോൾേേനടുന്നു

തൃശൂർ

ദേശീയ ഐ ലീഗ് രണ്ടാംഡിവിഷൻ ഫുട്ബോൾ ആദ്യ മത്സരത്തിൽ   എഫ്‌സി കേരളയ്ക്ക്   വിജയം. ശനിയാഴ്ച വൈകിട്ട് കോർപറേഷൻ സിന്തറ്റിക്ക് ടർഫ് മൈതാനിയിൽ നടന്ന ആദ്യറൗണ്ട് ഹോം മത്സരത്തിൽ എതിരില്ലാത്ത മൂന്നുഗോളിന് കേരള ബ്ലാസ്റ്റേഴ്സ് റിസർവ് ടീമിനെയാണ് പരാജയപ്പെടുത്തിയത്. 
വിദേശതാരങ്ങളില്ലാതെ, മലയാളക്കരയുടെ സ്വന്തം ടീമായി മൈതാനത്തിറങ്ങിയ എഫ്സി കേരളയുടെ ചുണക്കുട്ടന്മാർ അക്ഷരാർഥത്തിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ചു. ഒത്തിണക്കത്തോടെയുള്ള അഴകാർന്ന ഫുട്ബോൾ പ്രകടനമാണ് കോച്ച് ടി ജി പുരുഷോത്തമന്റെ ശിക്ഷണത്തിൽ കളത്തിലിറങ്ങിയ എഫ്സി കേരള താരങ്ങൾ പുറത്തെടുത്തത്. മുന്നേറ്റതാരം ഇ സജേഷ് രണ്ടും, റോഷൻ ഗിഗി പെനാൽറ്റിയിലൂടെ ഒരു ഗോളും നേടി.  
കളിയാരംഭിച്ച് ആദ്യ അഞ്ചാംമിനിറ്റിൽതന്നെ എഫ്സിയുടെ സജേഷ് ബ്ലാസ്റ്റേഴ്സിന്റെ വല ചലിപ്പിച്ചു. മധ്യഭാഗത്തുനിന്ന് ലഭിച്ച പാസുമായി മുന്നേറിയ സജേഷ് ബ്ലാസ്റ്റേഴ്സിന്റെ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലാക്കുകയായിരുന്നു (1–-0). 17–-ാംമിനിറ്റിൽ എഫ്സി കേരളയുടെ രണ്ടാംഗോൾ പിറന്നു. മൈതാനത്തിന്റെ വലതുവിങ്ങിലൂടെ പന്തുമായി ചാട്ടുളിപോലെ കുതിച്ചുപാഞ്ഞ വി എസ് ശ്രീക്കുട്ടനെ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധഭടന്മാർ ബോക്സിനകത്തുവച്ച് ചവിട്ടിവീഴ്ത്തിയതിനെത്തുടർന്ന് ലഭിച്ച പെനാൽറ്റിയാണ് രണ്ടാംഗോളായി മാറിയത്. കിക്കെടുത്ത റോഷൻ ഗിഗി പന്ത്‌ വലയിലേക്ക് കൃത്യമായി അടിച്ചുകയറ്റി. (2–-0).
രണ്ടുഗോളിന്റെ ആധിപത്യം ലഭിച്ചതോടെ എഫ്സി കളി പ്രതിരോധത്തിന് പ്രാധാന്യം നൽകിയാക്കി. ഉണർന്നുകളിക്കാൻ ബ്ലാസ്റ്റേഴ്സ് ശ്രമം നടത്തിയെങ്കിലും ലക്ഷ്യത്തിലേക്കെത്തിക്കാനായില്ല. രണ്ടാം പകുതി ആരംഭത്തിൽ എഫ്സിയുടെ മുന്നേറ്റത്തോടെയായിരുന്ന കളിയുടെ തുടക്കം. 19 മിനിറ്റ് പിന്നിട്ടതോടെ മൂന്നാം ഗോൾ ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിൽക്കയറി. 64–-ാം മിനിറ്റിൽ സജേഷ്തന്നെയാണ് മഞ്ഞപ്പടയുടെ വല  ചലിപ്പിച്ചത് (3–-0).  ഒന്നാം പകുതിയുടെ അവസാനനിമിഷം  മുന്നേറ്റതാരം പിയൂഷ് ജോഷിയെ പരിക്കേറ്റ് ആശുപത്രിയിലേക്ക് മാറ്റിയതും ബ്ലാസ്റ്റേഴ്സിനെ കാര്യമായി ബാധിച്ചു. തുടർന്ന് കാര്യമായൊന്നും അവർക്ക് മൈതാനത്ത് പുറത്തെടുക്കാനായില്ല.  
ഫെബ്രു. 12ന് എഫ്സി ഗോവയുമായാണ് എഫ്‌സി കേരളയുടെ രണ്ടാം മത്സരം.
പ്രധാന വാർത്തകൾ
 Top