04 July Saturday
ജില്ലയിൽ 71 കിലോമീറ്റർ

നമ്മളൊന്നാണേ

സ്വന്തം ലേഖകൻUpdated: Sunday Jan 26, 2020

മനുഷ്യമഹാശൃഖലയുടെ സന്ദേശവുമായി തൃശൂർ നഗരത്തിൽ ചുമട്ടുതൊഴിലാളികൾ നടത്തിയ വിളംബര ജാഥ

തൃശൂർ
എല്ലാ പൗരന്മാരും തുല്യരെന്ന്‌  നാടൊന്നായി വിളിച്ചോതും. ജനലക്ഷങ്ങൾ കൈകൾ  കോർത്ത്‌ ഒരൊറ്റ മനസാവും.    ജാതിയും മതവും തലമുറകൾ ജനിച്ച പ്രദേശവും നോക്കി തിരിച്ച് തങ്ങളെ വേർതിരിക്കാനാവില്ലെന്ന മഹാപ്രഖ്യാപനമായി മനുഷ്യമഹാശൃംഖല മാറും.  
താൽപ്പര്യമില്ലാത്ത വിഭാഗങ്ങൾക്ക് പൗരത്വം നിഷേധിക്കാനുള്ള മോഡിസർക്കാരിന്റെ കരിനിയമത്തിനെതിരെ  ഒരേ മനസ്സോടെ ജനങ്ങൾ തെരുവോരത്ത്‌ ഞായറാഴ്‌ച കൈകോർത്ത്‌ പ്രതിഷേധിക്കും. ഭരണഘടന സംരക്ഷിക്കുക, പൗരത്വഭേദഗതി നിയമം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എൽഡിഎഫ് സംഘടിപ്പിക്കുന്ന  മനുഷ്യമഹാശൃംഖലയിൽ കൈകോർക്കാൻ ജില്ല ഒരുങ്ങി.  
ശനിയാഴ്ച നാടെങ്ങും വിളംബരജാഥകളും പന്തംകൊളുത്തി പ്രകടനങ്ങളും നടന്നു.  13 നിയമസഭാ മണ്ഡലങ്ങളിലും മൈക്ക്പ്രചാരണവും സംഘടിപ്പിച്ചു.   
 വടക്കേ അതിർത്തിയായ ചെറുതുരുത്തിമുതൽ തെക്കേ അതിർത്തി പൊങ്ങംവരെ 71 കിലോമീറ്ററിലാണ് ശൃംഖല. വൈകിട്ട്  നാലിന് ശൃംഖല തീർത്ത് ഭരണഘടനയുടെ ആമുഖവും   സംരക്ഷണ പ്രതിജ്ഞയും ചൊല്ലും.   3.30ന് ട്രയൽ.  ചെറുതുരുത്തിയിൽ ആദ്യകണ്ണിയായി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബിജോണും  പൊങ്ങത്ത്  അവസാന കണ്ണിയായി  മന്ത്രി സി രവീന്ദ്രനാഥും അണിചേരും.  സിപിഐ എം  കേന്ദ്രകമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ,   ജില്ലാ സെക്രട്ടറി എം എം  വർഗീസ്, സിപിഐ  കേന്ദ്ര എക്സിക്യുട്ടീവ് അംഗം സി എൻ ജയദേവൻ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, മന്ത്രിമാരായ എ സി മൊയ്തീൻ, വി എസ് സുനിൽകുമാർ, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ,  മേയർ അജിത വിജയൻ, ചിത്രൻ നമ്പൂതിരിപ്പാട്,  പ്രൊഫ. പി സി തോമസ്‌  തുടങ്ങിയവർ   കോർപറേഷൻ പരിസരത്ത്  കണ്ണികളാകും.  കല–സാംസ്കാരിക,  മത നേതാക്കൾ, വിദ്യാഭ്യാസ വിചക്ഷണർ തുടങ്ങിയവർ   വിവിധമേഖലകളിൽ കണ്ണികളാവും. ചെറുതുരുത്തി, മുള്ളൂർക്കര  ഓട്ടുപാറ, അത്താണി, തിരൂർ, തൃശൂർ, ഒല്ലൂർ, തലോർ, പുതുക്കാട്,  കൊടകര, പോട്ട, ചാലക്കുടി, കൊരട്ടി  എന്നിവിടങ്ങളിൽ പൊതുയോഗങ്ങൾ നടത്തും.   മനുഷ്യ മഹാശൃംഖലയിൽ മതനിരപേക്ഷ–- ജനാധിപത്യവിശ്വാസികളെല്ലാം  കണ്ണികളാവണമെന്ന്‌ എൽഡിഎഫ് ജില്ലാ കൺവീനർ കെ രാധാകൃഷ്ണൻ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top